ഇന്ത്യൻ സ്‌കൂളിൽ ജൂലൈ, ആഗസ്‌ത് വേനലവധി പുനഃസ്ഥാപിക്കണം; എംബസിക്ക് നിവേദനവുമായി രക്ഷിതാക്കൾ

മസ്‌കത്ത് : ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ വേനലവധി ജൂലൈ, ആഗസ്ത് മാസങ്ങളിലേക്ക് ഏകീകരിക്കണമെന്നും പൂർണ വേനലവധി പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് രക്ഷിതാക്കളുടെ നേതൃത്വത്തിൽ ഇന്ത്യൻ എംബസിക്ക് നിവേദനം നൽകി. സ്‌കൂൾ മാനേജ്മെന്റുകളും ഡയറക്ടർ ബോർഡുകളും അടുത്തിടെ നടപ്പാക്കിയ അക്കാദമിക് കലണ്ടർ മാറ്റം വിദ്യാർഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും ദോഷകരമായി ബാധിക്കുന്നുവെന്ന് രക്ഷിതാക്കൾ ചൂണ്ടിക്കാട്ടി.
മറ്റെല്ലാ ഗൾഫ് രാജ്യങ്ങളിലും ഒമാനിലെ പ്രാദേശിക സ്കൂളുകളിലും ജൂലൈ, ആഗസ്ത് മാസങ്ങളിലാണ് വേനലവധി. എന്നാൽ, ഒമാനിലെ ഇന്ത്യൻ സ്‌കൂളുകൾ ഇപ്പോൾ ജൂൺ, ജൂലൈ മാസങ്ങളെ കേന്ദ്രീകരിച്ച വ്യത്യസ്ത അക്കാദമിക് കലണ്ടറാണ് പിന്തുടരുന്നത്. അക്കാദമിക് വർഷം ഏപ്രിലിൽ ആരംഭിച്ച് ഏതാനും ആഴ്‌ചകൾക്കകം ദീർഘമായ അവധിയിലേക്ക് കടക്കേണ്ടി വരുന്നത് പഠനത്തിന്റെ തുടർച്ചയെ ദോഷകരമായി ബാധിക്കുന്നു. അവധി ജൂലൈ, ആഗസ്ത് മാസങ്ങളിലേക്ക് മാറ്റിയാൽ വിദ്യാർഥികൾക്ക് പാഠ്യപദ്ധതിയുടെ വലിയ ഭാഗം പൂർത്തിയാക്കിയശേഷമേ അവധിയിലേക്ക് പോകേണ്ടിവരൂ. ഇത് പഠന നിലവാരവും അക്കാദമിക് തുടർച്ചയും മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും രക്ഷിതാക്കൾ വ്യക്തമാക്കി.
മറ്റ് ജിസിസി രാജ്യങ്ങളിലെ വിദ്യാഭ്യാസ രീതിയുമായി പൊരുത്തപ്പെടുന്ന തരത്തിൽ വേനലവധി ക്രമീകരിക്കുന്നത് വിദ്യാർഥികൾക്കും കുടുംബങ്ങൾക്കും കൂടുതൽ സൗകര്യപ്രദമാകും. കാലാവസ്ഥാ സാഹചര്യംകൂടി പരിഗണിക്കണമെന്നും അവർ വ്യക്തമാക്കി. പരമ്പരാഗത വേനലവധി വെട്ടിക്കുറയ്‌ക്കാൻ അടുത്തിടെ സ്കൂൾ അക്കാദമിക് കമ്മിറ്റി എടുത്ത തീരുമാനത്തിലും രക്ഷിതാക്കൾ ആശങ്ക രേഖപ്പെടുത്തി. ഇതിന്റെ ഫലമായി വിദ്യാർഥികൾക്ക് ഒമാനിലെയും മറ്റ് ഗൾഫ് രാജ്യങ്ങളിലെയും സ്‌കൂളുകളിലെ കുട്ടികളെക്കാൾ വളരെ നേരത്തേ ക്ലാസുകളിൽ തിരിച്ചെത്തേണ്ട സാഹചര്യമാണുള്ളത്.
ഇന്ത്യൻ പ്രവാസി കുടുംബങ്ങളുടെ യാത്രാ പദ്ധതികളെയും പുതിയ ക്രമീകരണം ബാധിക്കുന്നു. വേനലവധിക്കാലം ഇന്ത്യ സന്ദർശിക്കാനും ബന്ധുക്കളോടൊപ്പം സമയം ചെലവഴിക്കാനുമാണ് പല കുടുംബങ്ങളും ഉപയോഗിക്കുന്നത്. അവധി ദിവസങ്ങൾ കുറച്ചതോടെ യാത്രാക്രമീകരണത്തിന് ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നതായും രക്ഷിതാക്കൾ പരാതിപ്പെട്ടു.
വിഷയത്തിൽ സ്കൂൾ ഡയറക്ടർ ബോർഡിന് നേരത്തേ രക്ഷിതാക്കൾ നിവേദനം സമർപ്പിച്ചിരുന്നു. എന്നാൽ, ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും രക്ഷിതാക്കൾ പറഞ്ഞു. വിഷയത്തിൽ ഇന്ത്യൻ എംബസി ഇടപെട്ട് അനുകൂലമായ പരിഹാരം കണ്ടെത്തണമെന്ന് നിവേദക സംഘത്തിന് നേതൃത്വം നൽകിയ അനു ചന്ദ്രൻ, ബിനു കേശവൻ, റിയാസ് കൊട്ടാപ്പുറത്ത്, അഭിലാഷ് ശിവൻ എന്നിവർ പറഞ്ഞു.










0 comments