പി ജെ ആന്റണി നാടകമത്സരം: ഷൈമ മികച്ച നടി; മോഹൻരാജ് നടൻ

ഷൈമ ദിനേശ്, മോഹൻരാജ്, സുനിൽ ഗുരുവായൂരപ്പൻ
മസ്‌കത്ത്: പി ജെ ആന്റണി നാടകമത്സരത്തിന്റെ രണ്ടാം പതിപ്പിൽ പുരസ്‌കാരങ്ങൾ വാരിക്കൂട്ടി പീപ്പിൾസ് തീയറ്ററിന്റെ ‘ഇഴ'. മികച്ച നാടകം, സംവിധായകൻ, നടി തുടങ്ങി ഏഴ് പുരസ്‌കാരം നേടി. സുനിൽ ഗുരുവായൂരപ്പനാണ് മികച്ച സംവിധായകൻ. ഇഴയിലെ പ്രകടനത്തിലൂടെ ഷൈമ ദിനേശ് മികച്ച നടിയായി. ആദ്യ പതിപ്പിലും ഷൈമയായിരുന്നു മികച്ച നടി. "ചോരണകൂര' നാടകത്തിലൂടെ മോഹൻരാജ് മികച്ച നടനായി. "മൂന്നാംയാമം' നാടകത്തിലെ ജോവാന ലിജോയാണ് മികച്ച ബാലതാരം.
രജി പുത്തൂർ, ഷിജീഷ് (കലാസംവിധാനം), കെ ഡി സനേഷ് (പ്രകാശ വിന്യാസം), രഞ്ജു അനു (വസ-്‌ത്രാലങ്കാരം), സചേത് വിജയൻ (ശബ്‌ദനിയന്ത്രണം) എന്നിവരും ഇഴയിലൂടെ പുരസ്‌കാരം നേടി.
പി ആർ ഗോകുൽദാസ് സംവിധാനം ചെയ്‌ത "മൃഗയ' ആണ് മികച്ച രണ്ടാമത്തെ നാടകം. രണ്ടാമത്തെ നടൻ പ്രകാശ് വി നായർ (ധർമകാമ), രണ്ടാമത്തെ നടി സബിത ലിജോ (മൃഗയ), മേക്കപ്പ് രജി പുത്തൂർ (മൂന്നാം യാമം) എന്നിരാണ് മറ്റ് പുരസ്‌കാര ജേതാക്കൾ. "മുച്ചീട്ടുകളിക്കാരന്റെ മകനി'ലെ അഭിനയത്തിന് കിരൺ ഹരിപ്രസാദ് ജൂറിയുടെ പ്രത്യേക പരാമർശം നേടി. മസ്‌കത്തിലെ അൽ ഫലാജ് ഗ്രാൻഡ് സ്‌ഫിയറിൽ അരങ്ങേറിയ നാടക മത്സരത്തിൽ രാജേഷ് കുമാർ കായംകുളം സംവിധാനം ചെയ്‌ത ചോരണകൂര, സുനിൽ കുമാർ കൃഷ്‌ണൻ നായർ ഒരുക്കിയ ധർമകാമ, കേരളന്റെ മുച്ചീട്ടു കളിക്കാരന്റെ മകൾ, സി കെ അജയന്റെ മൂന്നാം യാമം എന്നീ നാടകങ്ങളും വേദിയിലെത്തി.









0 comments