Deshabhimani

ഫോണും പണവും നഷ്ടമായെന്ന് പരാതി; ചിറയിൻകീഴിലെ മരണവീട്ടിൽ സംഘർഷം

chirayinkeezhu
വെബ് ഡെസ്ക്

Published on Oct 27, 2026, 09:53 AM | 1 min read

ചിറയിന്‍കീഴ്: തിരുവനന്തപുരം ചിറയിൻകീഴിൽ മരണവീട്ടിൽ സംഘർഷം. പടനിലത്ത് കുടുംബവഴക്കിനെത്തുടര്‍ന്ന് ഇരുവിഭാഗങ്ങള്‍ തമ്മിലടിച്ചു. സംഭവമറിഞ്ഞെത്തിയ പോലീസിന്റെ ജീപ്പിനുമുന്നില്‍ കിടന്ന് പ്രതിഷേധിച്ച് ഒരു വിഭാഗം. അക്രമികളെ പൊലീസ് സംരക്ഷിക്കുന്നുവെന്നാരോപിച്ചാണ് പ്രതിഷേധം. കഴിഞ്ഞദിവസം കുടിവെള്ളത്തില്‍ വിഷം കലര്‍ത്തി ആത്മഹത്യ ചെയ്ത വലിയകട സന്തോഷ് ജുവലറി ഉടമകളിലൊരാളായ വിനോദിന്റെ വീട്ടിലാണ് ഇയാളുടെ ഭാര്യവീട്ടുകാര്‍ അക്രമം അഴിച്ചുവിട്ടത്.


മരണപ്പെട്ട വിനോദിന്റെ മൊബൈല്‍ ഫോണും രണ്ടരലക്ഷത്തോളം രൂപയും എ ടി എം കാര്‍ഡും മരണച്ചടങ്ങിനെത്തിയ ഭാര്യവീട്ടുകാര്‍ കൈവശപ്പെടുത്തിയെന്ന് ആരോപണം ഉന്നയിച്ചതിനുപിന്നാലെയാണ് അക്രമം. കഴിഞ്ഞദിവസം ഭര്‍ത്താവിന്റെ മരണവാര്‍ത്തയറിഞ്ഞ് തളര്‍ന്നുപോയ ഭാര്യ സിന്ധു കിടപ്പുമുറിയില്‍ ഭര്‍ത്താവ് വിഷം കലര്‍ത്തിവച്ചിരുന്ന കുടിവെള്ളത്തിന്റെ ബാക്കി കുടിച്ചിരുന്നു. മൂത്തമകന്‍ മിഥുനും ഇതേ വെള്ളം കുടിച്ചതിനെ തുടര്‍ന്ന് ഇരുവരും ആശുപത്രിയിലായി. അപകടനില തരണം ചെയ്തശേഷം വീട്ടിലെത്തി ഭര്‍ത്താവിന്റെ സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുത്തശേഷം അന്വേഷിച്ചപ്പോഴാണ് പണവും മൊബൈല്‍ ഫോണും കളവുപോയതറിഞ്ഞത്.


കിടപ്പുമുറയിലെ പാത്രത്തിലെ ദാഹജലത്തില്‍ വിഷത്തിന്റെ സാന്നിധ്യം അറിയാതെയാണ് ഭാര്യ സിന്ധുവും മൂത്ത മകന്‍ മിഥുനും വെള്ളം കുടിച്ചത്. ഇവരെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനുമുന്‍പ് സിന്ധുവിന്റെ അമ്മയുടെ കൈവശം വീടിന്റെ താക്കോല്‍ ഏല്‍പ്പിച്ചിരുന്നു. ഇവരുടെ കൈയില്‍ നിന്നും ബന്ധു താക്കോല്‍ വാങ്ങി, വിനോദ് എഴുതിയ ഒരു കത്തും പണവും മൊബൈല്‍ ഫോണും കൈവശപ്പെടുത്തിയെന്നാണ് വിനോദിന്റെ ബന്ധുക്കളുടെ ആരോപണം. കത്ത് പോലീസിനെ ഏല്‍പ്പിച്ചുവെന്ന് ബന്ധുക്കള്‍ പറയുന്നു. പണം കവര്‍ന്നെന്ന ആരോപണം ചോദിയ്ക്കാനെത്തിയതായിരുന്നു സിന്ധുവിന്റെ കല്ലറയിലുള്ള കുടുംബാംഗങ്ങള്‍.


തിങ്കളാഴ്ച വൈകിട്ടോടെ വീട്ടിലെത്തി വഴക്കിട്ട ഇവര്‍ സിന്ധുവിന്റെ രണ്ട് മക്കളെയും ബന്ധുക്കളെയും ആക്രമിച്ചു. എന്നാല്‍ പോലീസെത്തി കല്ലറയിലുള്ള ബന്ധുക്കളെ രക്ഷിയ്ക്കാന്‍ ശ്രമിച്ചെന്നാണ് വിനോദിന്റെ ബന്ധുക്കള്‍ പറയുന്നത്. പൊലീസ് ജീപ്പിന് മുന്നില്‍ കിടന്നു പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് ചിറയിന്‍കീഴ് പൊലീസില്‍ പരാതി നല്‍കാനെത്തിയ ചിറയിന്‍കീഴ് സ്വദേശികളോട് ആശുപത്രിയില്‍ ചികിത്സ തേടാന്‍ എസ്ഐ പറഞ്ഞു. ആശുപത്രിയില്‍ നിന്നും സ്‌റ്റേഷനിലെത്തിയെങ്കിലും പൊലീസ് പരാതി സ്വീകരിയ്ക്കാതെ മനപൂര്‍വ്വം വൈകിപ്പിക്കുന്നുവെന്നാണ് പരാതി. സിന്ധുവിന്റെ കല്ലറയിലുള്ള കുടുംബ ബന്ധുവായ ഒരു ഡിവൈഎസ്പിയുടെ സമ്മര്‍ദമാണ് ചിറയിന്‍കീഴ് പൊലീസ് കേസെടുക്കാതെ വൈകിപ്പിക്കുന്നതെന്നാണ് പരാതി.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home