Deshabhimani

എഫ്‌സിഐ ഗോഡൗൺ കേന്ദ്രീകരിച്ച് തട്ടിപ്പ്; കടത്തിയ 250 ചാക്ക് അരി പിടിച്ചെടുത്തു, ഉദ്യോഗസ്ഥരെ രക്ഷിക്കാൻ ശ്രമമെന്ന് ആക്ഷേപം

rice smuggling

AI പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Oct 27, 2026, 10:50 AM | 1 min read

ആലപ്പുഴ: ആലപ്പുഴ നഗരത്തിൽ എഫ്സിഐ (ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ) ഗോഡൗൺ കേന്ദ്രീകരിച്ച് ഇരുനൂറിലധികം ചാക്ക് റേഷൻ അരിയും ഗോതമ്പും കടത്തി. സംഭവത്തിൽ ലോറി ഉടമയും ഡ്രൈവറും അറസ്റ്റിലായി. തിങ്കളാഴ്ച രാത്രിയാണ് റേഷൻ അരി കടത്ത് പൊലീസിന്റെ മിന്നൽ പരിശോധനയിൽ പിടികൂടിയത്.


എഫ്സിഐ ഗോഡൗണിലെ അരി രാത്രിയുടെ മറവിൽ ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് മറ്റൊരു ലോറിയിലേക്ക് മാറ്റുന്നതിനിടയിലാണ് ആലപ്പുഴ സൗത്ത് പൊലീസ് പിടികൂടിയത്. ലോറി ഉടമ മൂവാറ്റുപുഴ പേഴക്കാപ്പിള്ളി സ്വദേശി ഷിഹാബ്, ഡ്രൈവർ ആലപ്പുഴ സ്വദേശി സുബീർ എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്.


എന്നാൽ, തട്ടിപ്പിന് കൂട്ടുനിന്ന എഫ്സിഐ സെയിൽസ് മാനേജർ, സ്റ്റോർ കീപ്പർ എന്നിവരെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു. ഇന്ന് കൂടുതൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുമെന്നാണ് പൊലീസ് പറയുന്നതെങ്കിലും ഉന്നതതല ഇടപെടൽ മൂലം പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ടെന്ന ആക്ഷേപം ശക്തമാണ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവന്നത്.


കാലപ്പഴക്കം ചെന്ന അരി കോഴിത്തീറ്റ ആവശ്യങ്ങൾക്ക് നൽകിയതാണെന്ന വാദമാണ് എഫ്സിഐ അധികൃതർ ഇതിന് ന്യായീകരണമായി നിരത്തിയത്. എന്നാൽ 250ലധികം ചാക്ക് അരിയാണ് കരിഞ്ചന്തയിലേക്ക് കടത്തിയത് എന്നാണ് പുറത്തുവരുന്ന വിവരം. പിടിച്ചെടുത്ത അരിയും വാഹനവും ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷന്റെ കസ്റ്റഡിയിലാണ്.


സാധാരണക്കാർക്ക് ലഭിക്കേണ്ട ഭക്ഷ്യധാന്യങ്ങൾ സർക്കാർ സംവിധാനങ്ങളുടെ ഒത്താശയോടെ കടത്തുന്നത് എങ്ങനെയെന്ന ചോദ്യമാണ് ജനങ്ങളിൽ നിന്നും ഉയരുന്നത്. സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരത്തിൽ വന്ന് അഞ്ച് മാസം കഴിയും മുൻപ് തന്നെ ഗോഡൗണുകൾ കേന്ദ്രീകരിച്ച് വൻ അഴിമതിയും മോഷണവും തുടങ്ങിയെന്ന ആക്ഷേപവും ശക്തമാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home