തിരിഞ്ഞുനോക്കാതെ സർക്കാർ; അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരിച്ചു. അഗളി ധോണികുണ്ട് രാജി– സുനീഷ് ദമ്പതികളുടെ കുഞ്ഞാണ് ചൊവ്വാഴ്‌ച രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ ദിവസം കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ രാജിയെ പ്രവേശിപ്പിച്ചിരുന്നു.
ഗർഭഭാവസ്ഥയിൽ കുഞ്ഞിന് അനക്കം ഇല്ലെന്ന് ബോധ്യപ്പെട്ടതോടെ കോഴിക്കോട്ടേക്ക് റഫർ ചെയ്യുകയായിരുന്നു. ചൊവ്വാഴ്‌ച രാവിലെ ശസ്‌ത്രക്രിയയിലൂടെ കുഞ്ഞിനെപുറത്തെടുത്തുവെങ്കിലും മരിച്ചിരുന്നു. സിക്കൾ സെൽ അനീമിയ രോഗിയാണ് രാജി. ഇതോടെ അട്ടപ്പാടിയിൽ ഒരാഴ്‌ചക്കിടെ മുന്നാമത്തെ നവജാത ശിശുമരണമായി. നാലുമാസത്തിനിടെ പത്ത് ശിശുമരണം
കഴിഞ്ഞ ദിവസം അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ അനാസ്ഥമൂലം 15 ദിവസം പ്രായമായ നവജാത ശിശുമരിച്ചിരുന്നു. വടകോട്ടത്തറ മുരുകേഷിന്റെയും ശിവകാമിയുടെയും ആൺകുഞ്ഞാണ് ഞായറാഴ്‌ച തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.
കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ ശിവകാമിയെ പ്രവേശിപ്പിച്ചപ്പോൾ നടത്തിയ സ്‌കാനിങ്ങിൽ കുഞ്ഞിന്റെ യഥാർഥ അവസ്ഥ മനസ്സിലാക്കാൻ കഴിഞ്ഞില്ല. തുടർന്ന് കോയമ്പത്തൂർ ആശുപത്രിയിൽ നടത്തിയ സ്‌കാനിങ്ങിലാണ് ഗർഭാവസ്ഥയിൽ കുഞ്ഞിന് മലദ്വാരമില്ലായ്മയും അതിനെത്തുടർന്ന് ഗുരുതര ഹൃദ്രോഗവുമുണ്ടെന്ന് കണ്ടെത്തിയത്. ഉടൻതന്നെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർചെയ്‌തു. 10ന് പ്രസവിച്ചു. 17നും 24നും ശസ്‌ത്രക്രിയ നടത്തി. എന്നിട്ടും ഞായറാഴ്‌ച കുഞ്ഞ് മരിച്ചു.
കോട്ടത്തറ ആശുപത്രിയിൽ കൃത്യമായ ചികിത്സയും സ്‌കാനിങ്ങും നടത്തിയിരുന്നെങ്കിൽ രോഗവിവരം കണ്ടെത്താമായിരുന്നുവെന്നും അതിനുകഴിയാത്തതാണ് മരണകാരണമെന്നും ബന്ധുക്കൾ ആരോപിച്ചു.
ഷോളയൂർ വെച്ചപതി ഉന്നതിയിലെ ജ്യോതിമണിയുടെയും ബിജുവിന്റെയും 20 ദിവസം പ്രായമായ ആൺകുഞ്ഞ് 21ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചിരുന്നു. തൂക്കക്കുറവുള്ള കുട്ടിയെ പരിചരിക്കുന്നതിൽ മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ വരുത്തിയ വീഴ്‌ചയാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.








0 comments