മനസാക്ഷിയില്ലാതെ നുണകളിറക്കി സതീശൻ; കഴിഞ്ഞ രണ്ട് ദിവസം മാത്രം പൊളിഞ്ഞത് 4 പച്ചനുണകൾ

വി ഡി സതീശൻ
തിരുവനന്തപുരം: ഒരു മനഃസാക്ഷിയുമില്ലാതെ മനുഷ്യത്വരഹിതമായ നുണകൾ തള്ളിവിടുന്നത് തുടരുന്ന മുഖ്യമന്ത്രി വി ഡി സതീശൻ കേരളത്തിനാകെ അപമാനം. എസ്എംഎ മരുന്ന്, ആൻജിയോപ്ലാസ്റ്റി വിഷയങ്ങളിലെ സതീശന്റെ പച്ചനുണകൾ തീരാദുരിതമനുഭവിക്കുന്ന രോഗികളോട് പോലുമുള്ള ആക്ഷേപമായിരുന്നു. നേരത്തേ മത്സ്യത്തൊഴിലാളികളെയും പിഎസ്സി റാങ്ക് ഹോൾഡേഴ്സിനെയും ദുരിതാശ്വാസ ക്യാന്പിലുള്ളവരെയും മനസാക്ഷിയില്ലാതെ കള്ളം പറഞ്ഞു പറ്റിച്ചയാൾക്ക് ഗുരുതരാവസ്ഥയിലുള്ള രോഗികളോടും പുഛം തന്നെ
കഴിഞ്ഞ ദിവസം എസ്എംഎ മരുന്ന് വിഷയത്തിൽ സതീശൻ പറഞ്ഞത് നട്ടാൽ കുരുക്കാത്ത നുണയാണ്. എസ്എംഎ ബാധിതർക്ക് 12 ദിവസത്തേയ്ക്കുള്ള മരുന്ന് കഴിഞ്ഞ സർക്കാർ ആറര ലക്ഷം രൂപ കൊടുത്ത് വാങ്ങിയെന്നും യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന് 15,000 രൂപയ്ക്ക് മരുന്ന് നൽകുമ്പോൾ കുടുംബങ്ങൾക്ക് വലിയ ആശ്വാസംമാണെന്നുമാണ് സതീശൻ നിയമസഭയിൽ പറഞ്ഞത്.
ഒരിക്കലും ഈ മരുന്നിന്റെ ബാധ്യത രോഗിയുടെ കുടുംബത്തിനു മേൽ വരുന്നില്ല. സർക്കാരാണ് മരുന്നു വാങ്ങി നൽകുന്നത്. മരുന്നിന്റെ വിപണി വിലയാണ് ആറര ലക്ഷം രൂപ. 4 മരുന്ന് വാങ്ങുമ്പോൾ 11 മരുന്ന് സർക്കാരിന് സൗജന്യമായി ലഭിക്കും. അപ്പോൾ ഒരു മരുന്നിന് വരുന്ന തുക ഒന്നേ കാൽ ലക്ഷം രൂപ മാത്രമാണ്. തീർത്തും സൗജന്യമായാണ് മരുന്ന് എസ്എംഎ ബാധിതരിലേയ്ക്ക് എത്തുന്നത്. ഈ വസ്തുതകൾ മറച്ചുപിടിച്ചാണ് രോഗികളുടെ കുടുംബത്തിന്റെ മേൽ ബാധ്യത വരുന്നുവെന്ന് സതീശൻ പറഞ്ഞത്.
ആൻജിയോപ്ലാസ്റ്റി നുണ
സ്വകാര്യ ആശുപത്രികളിൽ ആളുകൾക്ക് അനാവശ്യമായി ആൻജിയോപ്ലാസ്റ്റി ചെയ്യുന്നുവെന്ന വി ഡി സതീശന്റെ നുണ വലിയ ചർച്ചയായി. കോഴിക്കോട് കേരള ഹാർട്ട് കെയർ സൊസൈറ്റിയുടെ സിൽവർ ജൂബിലി ഉദ്ഘാടന ചടങ്ങിലായിരുന്നു സതീശന്റെ നുണപ്രയോഗം. ഇതിനെതിരെ ഡോക്ടർമാർ തന്നെ രംഗത്തുവന്നിരുന്നു. ഈ നുണ കഴിഞ്ഞ ദിവസം നിയമസഭയിൽ പൊളിഞ്ഞു വീണു.
സ്വകാര്യ ആശുപത്രികളിൽ അനാവശ്യമായി ആൻജിയോപ്ലാസ്റ്റി ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ സഭയിൽ പറഞ്ഞു. എംഎൽഎമാരായ പി പി സുമോദ്, വി കെ സനോജ് എന്നിവരാണ് ഇതുസംബന്ധിച്ച ചോദ്യം ചോദിച്ചത്. രോഗികളിൽ അനാവശ്യമായി ആൻജിയോപ്ലാസ്റ്റി നടത്തുന്നുവെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ എന്നും അങ്ങനെ നടന്നിട്ടുണ്ടെങ്കിൽ ഏതെല്ലാം ആശുപത്രികളിലാണ് ഇത്തരത്തിൽ ചെയ്തിട്ടുള്ളതെന്നും എംഎൽഎമാർ ചോദിച്ചു. മുഖ്യമന്ത്രി പറഞ്ഞത് കള്ളമായിരുന്നുവെന്ന് ആരോഗ്യമന്ത്രിക്ക് നിയമസഭയിൽ സമ്മതിക്കേണ്ടി വന്നു.
പിഎസ്സി നുണ
പ്രതിപക്ഷ നേതാവായിരിക്കെ പിഎസ്സി ഉദ്യോഗാർഥികൾക്കൊപ്പമെന്ന് ആവർത്തിച്ചു പറഞ്ഞതും അധികാരത്തിലെത്തിയാൽ എല്ലാ ആവശ്യങ്ങളും നിറവേറ്റുമെന്ന് വാഗ്ദാനം നൽകിയതും കഴിഞ്ഞ ദിവസം പൊളിഞ്ഞു. മുൻപ് സമരം ചെയ്ത ഉദ്യോഗാർഥികളോട് 45 ദിവസം സമയം നൽകൂ, എല്ലാത്തിനും പരിഹാരമുണ്ടാക്കാമെന്ന സതീശന്റെ ഉറപ്പ് വെറും വാഗ്ദാനം മാത്രമായിരുന്നുവെന്ന് സമരസമിതി കൺവീനർ വളർമതി പറഞ്ഞു. വളർമതി തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കുകയും ചെയ്തു. സർക്കാർ പറഞ്ഞു പറ്റിച്ചുവെന്നാണ് ഉദ്യോഗാർഥികൾ പറയുന്നത്.
സ്കൂൾ കായികളമേളയിലും പച്ചക്കള്ളം
സംസ്ഥാന സ്കൂൾ കായികമേളയിലും തെറ്റിദ്ധാരണ പരത്താനുള്ള ശ്രമമാണ് മുഖ്യമന്ത്രി വി ഡി സതീശനിൽ നിന്നുണ്ടായത്. കേരള ചരിത്രത്തിലാദ്യമായി ഇത്തവണയാണ് ഇൻക്ലൂസീവ് മത്സരങ്ങൾ കായികമേളയിൽ ഉൾപ്പെടുത്തിയെന്ന വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന്റെ നുണ ഏറ്റുപിടിക്കുകയായിരുന്നു സതീശൻ. അതിൽ പ്രത്യേക അഭിനന്ദനം നേരുകയും ചെയ്തു.
എന്നാൽ, ആദ്യമായി ഇൻക്ലൂസീവ് മത്സരങ്ങൾ ഉൾപ്പെടുത്തിയത് 2024ൽ എറണാകുളത്ത് നടന്ന ഒളിമ്പിക്സിന് മാതൃകയിലുള്ള പ്രഥമ സ്കൂൾ കായികമേളയിലാണ്. കേരളചരിത്രത്തിലെന്നല്ല, ഇന്ത്യയിൽ തന്നെ ആദ്യമായി അത്തരമൊരു മുന്നേറ്റത്തിന് തുടക്കമിട്ടത് കഴിഞ്ഞ സർക്കാരാണ്. ആദ്യ മേളയിൽ ആയിരത്തിലധികം വിദ്യാർഥികളാണ് ഇൻക്ലൂസീവ് മത്സരങ്ങളിൽ പങ്കെടുത്തത്. 2025ൽ തിരുവനന്തപുരത്ത് നടന്ന കായികമേളയിലും ഇൻക്ലൂസീവ് മത്സരങ്ങൾ ഉൾപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും നാണംകെട്ടും നുണപറയുമെന്ന നിലയാണ്.









0 comments