Deshabhimani

തേനി ജയിൽ ചാട്ടം: പ്രതികൾക്കായി അന്വേഷണം ഊർജിതം, ഒൻപത് ജീവനക്കാർക്ക് സസ്‌പെൻഷൻ

jailed ai
വെബ് ഡെസ്ക്

Published on Oct 27, 2026, 01:21 PM | 2 min read

ചെന്നൈ: തമിഴ്‌നാട്ടിലെ തേനി തെക്കമ്പട്ടി സബ് ജയിലിൽ നിന്നും 17 വിചാരണത്തടവുകാർ രക്ഷപ്പെട്ടോടിയ സംഭവത്തിൽ 9 ജയിൽ ജീവനക്കാർക്ക് സസ്‌പെൻഷൻ. സുരക്ഷാവീഴ്ചയും ഡ്യൂട്ടിയിലെ അനാസ്ഥയും മുൻനിർത്തിയാണ് ജയിൽ ജീവനക്കാരെ സസ്‌പെൻഡ് ചെയ്തത്. ജയിൽ വകുപ്പ് ഡയറക്ടർ ജനറൽ ഓഫ് പൊലീസ് സന്ദീപ് റായ് റാത്തോറാണ് ഈ നടപടി പ്രഖ്യാപിച്ചത്.


കറുപ്പസാമി (മദൻ), തരുൺ കുമാർ, രാജ്കുമാർ, പാണ്ടിശെൽവം, തിരുപ്പതി, പൊൻമുത്തുച്ചെൽവൻ, മീനാക്ഷി സുന്ദരം, ശബരിനാഥൻ, റെജിൻ, നിശാന്ത്, മുത്തു ഇളങ്കോവൻ, കാർത്തിക് രാജ, പ്രശാന്ത് (ലിംഗ പ്രസാദ്), രാജ സിക്കന്ദർ, ചിലമ്പരശൻ, സോലൈ മുകിലേശ്വരൻ എന്നിവരാണ് ജയിൽ ചാടിയത്.


ജയിൽ ചാടിയ 17 പ്രതികളിൽ ഒരാളെ പൊലീസ് അപ്പോൾതന്നെ പിടികൂടിയിരുന്നു. പിന്നീട് നടത്തിയ തെരച്ചിലിൽ നാല് പേർ കൂടി പിടിയിലായിരുന്നു. രക്ഷപ്പെട്ട ബാക്കി പ്രതികൾക്കായി ജില്ലയിലെ വനമേഖലകൾ കേന്ദ്രീകരിച്ച് പൊലീസ് ശക്തമായ തിരച്ചിൽ തുടരുകയാണ്.


പൊലീസിന്റെ വിവരമനുസരിച്ച് 17 പ്രതികളെയും ഒരേ സെല്ലിലാണ് പാർപ്പിച്ചിരുന്നത്. സെല്ലിലുണ്ടായിരുന്ന ഒരു തടവുകാരന് സുഖമില്ലെന്ന വിവരമറിഞ്ഞ് അകത്തുകയറിയ ജയിൽ ജീവനക്കാരെ സംഘം ചേർന്ന് ആക്രമിച്ച ശേഷമാണ് ഇവർ രക്ഷപ്പെട്ടോടിയത്. ആക്രമണത്തിൽ തേനി ജില്ലാ ജയിലിലെ ഗ്രേഡ്-2 പൊലീസ് ഉദ്യോഗസ്ഥനായ തങ്കപാണ്ടിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് രണ്ട് ജയിൽ ജീവനക്കാർക്കും നിസ്സാര പരിക്കേറ്റിട്ടുണ്ട്.


സമീപ ജില്ലകളിലെ പൊലീസിന് ജാഗ്രതാ നിർദേശം നൽകി. രക്ഷപ്പെട്ട തടവുകാരുടെ ചിത്രങ്ങൾ പൊലീസുകാർക്ക് കൈമാറിയിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്. പൊലീസ് രേഖകൾ സൂചിപ്പിക്കുന്നത് രക്ഷപ്പെട്ടവരിൽ ഭൂരിഭാഗവും 19 നും 26 നും ഇടയിൽ പ്രായമുള്ള യുവാക്കളാണ് എന്നാണ്. മധുര, ശിവഗംഗ, രാമനാഥപുരം, സേലം, കന്യാകുമാരി, തേനി എന്നിവയുൾപ്പെടെ തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിൽ നിന്നുള്ളവരാണ് ഇവർ.


പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നവർ തേനി ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഓഫീസിലോ (9498101570) തേനി ജില്ലാ പൊലീസ് കൺട്രോൾ റൂമിലോ (9176104100) ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. തടവുകാർ അയൽ സംസ്ഥാനങ്ങളിലേക്കോ സമീപ ജില്ലകളിലേക്കോ കടക്കാതിരിക്കാൻ ഇടുക്കി ഉൾപ്പെടെയുള്ള കേരള അതിർത്തികളിലും ദിണ്ഡിഗൽ, മധുര എന്നിവിടങ്ങളിലും പൊലീസ് പരിശോധന കടുപ്പിച്ചു. സംഭവത്തിൽ കേസെടുത്ത് ഉന്നതതല അന്വേഷണം പുരോഗമിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home