സമയക്രമീകരണത്തിൽ മാറ്റം വരുത്തും
മടക്കര തുറമുഖത്ത് ശുചിത്വം ഉറപ്പാക്കും

ചെറുവത്തൂർ പഞ്ചായത്ത് ഹാളിൽ നടന്ന യോഗം
ചെറുവത്തൂർ
മടക്കര തുറമുഖത്ത് ശുചിത്വം ഉറപ്പാക്കാനുള്ള പ്രവർത്തനം കാര്യക്ഷമാക്കാനും നേരത്തെ നിശ്ചയിച്ച സമയക്രമീകരണത്തിൽ മാറ്റം വരുത്താനും തീരുമാനിച്ചു. ആർഡിഒ പി സുധീപിന്റെ സാന്നിധ്യത്തിൽ ചെറുവത്തൂർ പഞ്ചായത്ത് സമ്മേളന ഹാളിൽ നടന്ന യോഗത്തിലാണ് തീരുമാനം. ഈ മാസം ഒൻപത് മുതൽ ഏർപ്പെടുത്തിയ സമയക്രമീകരണത്തെ തുടർന്ന് ലയലൻഡ് വള്ളക്കാർ അനുഭവിക്കേണ്ടിവരുന്ന ചില പ്രയാസങ്ങൾ കലക്ടറുടെ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്നാണ് തിങ്കളാഴ്ച യോഗം നടത്തിയത്. മീൻ ഇറക്കുന്നതിലും കയറ്റിക്കൊണ്ടുപോകുന്നതിലും നേരത്തെ നിശ്ചയിച്ച സമയക്രമീകരണം ഒഴിവാക്കണമെന്ന ലയലൻഡ് വള്ളം അസോയിയേഷൻ പ്രതിനിധകൾ ആവശ്യപ്പെട്ടു. രണ്ടോ മുന്നോ മാസം മാത്രമാണ് ഇത്തരത്തിൽ ധാരളം മീൻ ലഭിക്കുന്നതെന്നും സമയക്രമീകരണം വള്ളക്കാരെയും കച്ചവടക്കാരെയും ബാധിക്കുമെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. രാവിലെ ഏഴിന് തുറമുഖം തുറക്കാം. എട്ട് വരെ മീൻ ഇറക്കാം. 12 വരെ മീൻ കയറ്റികൊണ്ടുപോകാമെന്നും പിന്നീട് ശുചീകരിക്കാൻ തുറമുഖം വിട്ടുനൽകണമെന്നാണ് നേരത്തെയെടുത്ത തീരുമാനം. ഈ നില തുടർന്ന് പോകണമെന്ന പക്ഷക്കാരായിരുന്നു യോഗത്തിൽ പങ്കെടുത്ത ഭൂരിഭാഗവും ഒടുവിൽ രാവിലെ തുറക്കുന്നത് 6.30ന് തുറക്കാമെന്നും രാത്രി ഒൻപത് വരെ മീൻ കയറ്റാമെന്നും ഒരുണിക്ക് തുറമുഖം അടക്കണമെന്നും ധാരണയായി. ഒന്നിന് മുമ്പ് മീൻ കയറ്റിയ വാഹനങ്ങൾക്കെല്ലാം പുറത്ത് കടക്കാൻ സൗകര്യം ചെയ്യണമെന്നും തീരുമാനിച്ചു. മീൻ ലേലം ലേലപ്പുരയിൽ മാത്രമായിരിക്കണമെന്ന് നിർദേശം നൽകി. അനധികൃതമായി നിർത്തിയിട്ട വാഹനങ്ങൾ മാറ്റിയില്ലെങ്കിൽ പൊലീസ് നടപടി സ്വീകരിക്കും. ചുങ്കം പിരിക്കാൻ കരാറെടുത്തവർ തുറമുഖം ശുചിയാക്കാനുള്ള ഉത്തരവാദിത്വം കർശനമായി പാലിക്കണമെന്നും നിർദേശം നൽകി. പഞ്ചായത്ത് പ്രസിഡന്റ് ടി നാരായണൻ അധ്യക്ഷനായി. ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടർ സി കെ ഷൈനി, അസി. ഡയരക്ടർ ടി ആർ രാജേഷ്, തുറമുഖ വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനീയർ കെ കെ രൂപേഷ്, അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ വി സുനീഷ്, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ പി ജയൻ, ചന്തേര എസ് ഐ വിഷ്ണു എസ് നായർ, തീരദേശ പൊലീസ് സ്‌റ്റേഷൻ എസ്ഐ എം രാജ് മോഹൻ, കരുണാകരൻ മുട്ടത്ത്, കൃഷ്ണൻ പത്താനത്ത്, പി വി കൃഷ്ണൻ, ടി വി സുനിൽകുമാർ, വി നാരായണൻ, ടി സി എ റഹ്‌മാൻ, മലപ്പിൽ സുകുമാരൻ, ഹാരീസ്, കെ കെ ബാബു, കെ രാജൻ, സാമിക്കുട്ടി, പ്രദീപൻ തുരുത്തി, സി എച്ച് നൗഫൽ, മുസ്തഫ, ജലാലുദ്ദീൻ, സി എ അമ്പാടി എന്നിവർ സംസാരിച്ചു.









0 comments