Deshabhimani

കൊല്ലത്തും ആലപ്പുഴയിലും മിരിസ്റ്റിക്കാ ചതുപ്പുകൾ കണ്ടെത്തി; മധ്യകേരളത്തിനിപ്പുറം ഇതാദ്യം

Myristica Swamps

മിരിസ്റ്റിക്കാ ചതുപ്പുകൾ

വെബ് ഡെസ്ക്

Published on Oct 27, 2026, 02:54 PM | 1 min read

കൊല്ലം: പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന അത്യപൂർവ ശുദ്ധജല ചതുപ്പ് ആവാസവ്യവസ്ഥയായ മിരിസ്റ്റിക്കാ ചതുപ്പുകൾ കൊല്ലത്തും ആലപ്പുഴയിലും കണ്ടെത്തി. കൊട്ടാരക്കര പെരുംകുളം മാവേലിക്കാവിലും ആലപ്പുഴ നൂറനാട്‌ പുന്നയ്‌ക്കാവിലുമാണ് ചതുപ്പുകൾ കണ്ടെത്തിയത്. 15വർഷമായി കാവുകളെക്കുറിച്ച്‌ പഠനം നടത്തുന്ന ഡോ ടി ആർ ജയകുമാരി, ആർ വിനോദ്‌കുമാർ എന്നിവരാണ്‌ ചതുപ്പ്‌ കണ്ടെത്തിയത്‌. പഠനസഹായികളായി ശശികുമാർ, വിക്രമൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.


വടക്കൻ കേരളത്തിലെ കമ്മാടംകാവ്, കരിമ്പിൽ കുടുംബക്കാവ്, പൂങ്ങോട്ടുകാവ്, വള്ളിക്കാട്ടുകാവ്, വരവിൽക്കാവ്, ചിറ്റൂർക്കാവ് എന്നിവിടങ്ങളിൽ മുൻപ് കണ്ടെത്തിയിട്ടുണ്ടെങ്കിലും മധ്യകേരളത്തിൽ ഇതാദ്യമായാണ് മിരിസ്റ്റിക്കാ ചതുപ്പുകൾ കണ്ടെത്തുന്നത്. ജാതിമരത്തിന്റെ കുടുംബമായ മിരിസ്റ്റിക്കേസിയേയിൽപെട്ട ചോരപ്പയിൻ, പൊന്നാമ്പയിൻ, അടയ്ക്കാപ്പയിൻ, കൊത്തപ്പയിൻ എന്നീ മരങ്ങളാണ് ചതുപ്പുകളിൽ കൂടുതൽ വളരുന്നത്‌. ഒന്നരയേക്കറോളമുള്ള മാവേലിക്കാവിൽ അമ്പതിൽപ്പരം അടയ്‌ക്കാപൈൻ മരങ്ങളും കണ്ടെത്തിയിട്ടുണ്ട്.


T R jayakumari ടി ആർ ജയകുമാരി


മണ്ണിന്റെ ഉപരിതലത്തിൽ ‘റ’ പോലെയോ കുടുക്കുപോലെയോ കാണുന്ന വളഞ്ഞ വേരുകളാണ് മിരിസ്റ്റിക്കാ ചതുപ്പുകളുടെ മറ്റൊരു പ്രത്യേകത. കുടുക്കുവേരുകൾ, മുട്ടുവേരുകൾ, നീറൂട്ടുകൾ എന്നറിയപ്പെടുന്ന ഇവയിലുള്ള സൂക്ഷ്മസുഷിരങ്ങൾ വഴിയാണ് ഈ വൃക്ഷങ്ങൾ ശ്വസിക്കുന്നത്. 1960 കളിൽ ശെന്തുരുണി, കുളത്തൂപ്പുഴ വനമേഖലയിലാണ് സംസ്ഥാനത്ത് ആദ്യമായി മിരിസ്റ്റിക്കാ ചതുപ്പുകൾ കണ്ടെത്തിയത്. പിന്നീട് നെയ്യാർ വന്യജീവിസങ്കേതം ഉൾപ്പെടെ പലയിടങ്ങളിലും കണ്ടെത്തി. സമുദ്രനിരപ്പിൽനിന്ന്‌ ഉദ്ദേശം 150–500 മീറ്റർ ഉയരംവരെ ഇവ കാണപ്പെടുന്നു.


R. Vinodkumarആര്‍ വിനോദ്കുമാര്‍


ജൂൺ മുതൽ ജനുവരി വരെ ഇത്തരം പ്രദേശങ്ങളിൽ വെള്ളക്കെട്ടായിരിക്കും. മറ്റു മാസങ്ങളിൽ ചതുപ്പ്‌ പോലെയോ ചെളിത്തിട്ടകൾ പോലെയും കാണപ്പെടും. ഉഭയജീവികൾക്കും മറ്റനേകം ചെറുജീവികൾക്കും സുരക്ഷാവലയം തീർക്കുന്ന ഇത്തരം ചതുപ്പുകൾ ഇപ്പോൾ നാശത്തിന്റെ വക്കിലാണ്. മാവേലിക്കാവിലെ ചതുപ്പുകളും നശിച്ചുകൊണ്ടിരിക്കുകയാണെന്നാണ് പഠനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home