പിഎസ്സിക്കെതിരായ ശുപാർശ: മുൻ ഗവർണറുടേത് നിയമലംഘനം; നടപടി സഭ ചർച്ച ചെയ്യണമെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: കേരള പിഎസ്സിക്കെതിരായ മുൻ കേരള ഗവർണറുടെ ശുപാർശ നിയമലംഘനമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഏകപക്ഷീയമായ നടപടി സഭയിൽ ചർച്ച ചെയ്യണമെന്ന് അദേഹം ആവശ്യപ്പെട്ടു. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് കേരള പിഎസ്സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന് മുൻ കേരള ഗവർണർ രാഷ്ട്രപതിയോട് ശുപാർശ ചെയ്തത്. പിഎസ്സി നടപടികൾ സംബന്ധിച്ച് സർക്കാർ പ്രഖ്യാപിച്ച അന്വേഷണത്തിന്റെ റിപ്പോർട്ട് പോലും പൂർത്തിയാക്കുന്നതിന് മുമ്പാണ് ഗവർണറുടെ ഈ അമിതാധികാര പ്രയോഗം.
ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ചെയർമാനോ അംഗങ്ങൾക്കോ എതിരെ ഇതുവരെ ഒരു വീഴ്ചയും കണ്ടെത്തിയിട്ടില്ല. ഭരണഘടനയുടെ ആർട്ടിക്കിൾ 163 പ്രകാരം ക്യാബിനറ്റിന്റെ ഉപദേശ നിർദ്ദേശങ്ങൾക്കനുസരിച്ച് മാത്രമേ ഗവർണർക്ക് ഭരണനിർവ്വഹണവുമായി ബന്ധപ്പെട്ട് ഏത് തീരുമാനവും കൈക്കൊള്ളുവാൻ കഴിയൂ എന്നിരിക്കെയാണ് വിചിത്രമായ നടപടി. ഇത് തീർത്തും ഭരണഘടനാ വിരുദ്ധമാണ്.
ആർട്ടിക്കിൾ 316 പ്രകാരം പബ്ലിക് സർവ്വീസ് കമീഷനിലെ അംഗങ്ങൾക്ക് ആറു വർഷത്തെ കാലാവധിയുണ്ട്. അവരെ നീക്കം ചെയ്യണമെങ്കിൽ ആർട്ടിക്കിൾ 317 പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കണം. സുപ്രീംകോടതി അന്വേഷണ വിചാരണ നടത്തി റിപ്പോർട്ട് നൽകിയാൽ മാത്രമേ രാഷ്ട്രപതിക്ക് അക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയുകയുള്ളൂ. പിഎസ്സി ചെയർമാനെയും അംഗങ്ങളെയും ചോദ്യം ചെയ്യുമെന്നാണ് നിലവിലെ വിവരം. അതിനർഥം അന്വേഷണം പ്രാരംഭദിശയിലാണ്. പിന്നെ ഏത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു നിഗമനത്തിലെത്തിയതെന്ന് പിണറായി വിജയൻ ചോദിച്ചു.
മുൻ ഗവർണറുടെ നടപടി നിയമലംഘനമാണ്. ഇത് ഫെഡറൽ സംവിധാനത്തിൽ സംസ്ഥാന സർക്കാരിന് അംഗീകരിക്കാവുന്ന നടപടിയല്ല. സർക്കാർ ഇത് അംഗീകരിച്ചുകൊടുക്കരുത്. അങ്ങനെ സംഭവിച്ചാൽ ഭാവിയിൽ നിരവധി വിഷയങ്ങളിൽ സമാനമായ ഇടപെടലുകൾ സംഭവിക്കാം. ഗവർണർമാരെ ഉപയോഗിച്ച് ബിജെപി സർക്കാർ നടത്തിവരുന്ന ഈ നിയമലംഘനങ്ങൾക്ക് കൂട്ടുനിന്നാൽ സർക്കാരിന് വലിയ വിലകൊടുക്കേണ്ടി വരുമെന്നും അദേഹം പറഞ്ഞു. വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് സർക്കാർ നിയമപരമായി നടപടികൾ സ്വീകരിക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.








0 comments