തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കണം; സിഐടിയു പാർലമെന്റ് മാർച്ച്: ഒരു ലക്ഷം തൊഴിലാളികൾ പങ്കെടുക്കും

ന്യൂഡൽഹി: തൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സിഐടിയുവിന്റെ നേതൃത്വത്തിൽ ഡിസംബർ ഒന്നിന് പാർലമെന്റ് മാർച്ച് സംഘടിപ്പിക്കും. മാർച്ചിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ഒരു ലക്ഷം തൊഴിലാളികൾ പങ്കെടുക്കും. മാർച്ചിന്റെ ഒരുക്കങ്ങൾ ഊർജിതമായി പുരോഗമിക്കുകയാണെന്ന് സിഐടിയു വ്യക്തമാക്കി.
തൊഴിൽകോഡുകൾ റദ്ദാക്കുക. സ്കീം വർക്കർമാർമാരെയും തൊഴിലാളികളായി അംഗീകരിക്കുക. അവർക്ക് മിനിമം വേതനം, ഇപിഎഫ്, ഇഎസ്ഐ, ഗ്രാറ്റുവിറ്റി തുടങ്ങിയ ആനുകൂല്യങ്ങൾ ഉറപ്പാക്കുക. എല്ലാ തൊഴിലാളികൾക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും 42,000 രൂപ മിനിമം വേതനം നൽകുക. മാസം 21,000 രൂപ മിനിമം പെൻഷൻ ഉറപ്പാക്കുക. പൊതുമേഖലാ സ്ഥാപനങ്ങളിലെയും സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിലെയും ഒഴിവുകൾ നികത്തുക. സ്ഥിരസ്വഭാവമുള്ള ജോലി തുടർച്ചയായി ചെയ്തുപോരുന്ന കരാർ/അസ്ഥിര തൊഴിലാളികളെ സ്ഥിരപ്പെടുത്തുക. സ്ഥിരപ്പെടുത്തുന്നത് വരെ അവരുടെ വേതനം അതേ തൊഴിൽ ചെയ്യുന്ന സ്ഥിരം ജീവനക്കാരുടെ വേതനത്തിന് തുല്യമാക്കുക. തൊഴിൽ അപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷാനടപടിക്രമങ്ങളുടെ ലംഘനങ്ങൾ തടയുക. സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്തവർക്ക് എതിരെ കർശന നടപടി എടുക്കുക.ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളും പ്രതിഷേധങ്ങളും കുറ്റകരമാക്കാനുള്ള നീക്കങ്ങൾ ഉപേക്ഷിക്കുക. വെള്ളം, വനം, ഭൂമി എന്നിവയിൽ ജനങ്ങളുടെ അവകാശം സംരക്ഷിക്കുക. പ്രകൃതിയെയും പ്രകൃതി വിഭവങ്ങളെയും സംരക്ഷിക്കുക. നിയമവിരുദ്ധമായ ഭൂമി തട്ടിപ്പറിക്കലുകൾ തടയുക. കുടിയൊഴിക്കപ്പെട്ടവർക്ക് മതിയായ നഷ്ടപരിഹാരവും തൊഴിലും നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച്.
മാർച്ചിന്റെ ഒരുക്കങ്ങളും പ്രചാരണ പ്രവർത്തനങ്ങളും വിശദീകരിക്കാൻ 28ന് ഉച്ചയ്ക്ക് 1.30ന് ന്യൂഡൽഹിയിലെ ബിടിആർ ഭവനിൽ വാർത്താസമ്മേളനം സംഘടിപ്പിക്കും. സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം, പ്രസിഡന്റ് സുദീപ് ദത്ത എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുക്കും.









0 comments