Deshabhimani

ഇനി 20 രൂപയ്ക്ക് ഊണില്ല: സബ്‌സിഡി അരി നിർത്തലാക്കി; ജനകീയ ഹോട്ടലുകൾക്ക് പൂട്ട്

kudumbashree janakiya hotel

എ ഐ നിർമിത ചിത്രം

വെബ് ഡെസ്ക്

Published on Oct 27, 2026, 04:44 PM | 1 min read

തിരുവനന്തപുരം: കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്കും ജനകീയ അടുക്കളകൾക്കും വിതരണം ചെയ്തിരുന്ന സബ്‌സിഡി അരി യുഡിഎഫ് സർക്കാർ നിർത്തലാക്കിയതോടെ കൂടുതൽ ജനകീയ ഹോട്ടലുകൾക്ക് പൂട്ട്. 20 - 30 രൂപയ്ക്ക് ഊണ് നൽകിയിരുന്ന ഹോട്ടലുകളുടെ സുഗമമായ നടത്തിപ്പിനായാണ് മാവേലി സ്റ്റോറുകൾ വഴി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ പ്രതിമാസം നൽകിയിരുന്നത്.


600 കിലോഗ്രാം സബ്‌സിഡി അരിയുടെ പെർമിറ്റാണ് സിവിൽ സപ്ലൈസ് നിർത്തിയത്. ഓഡിറ്റ് ഒബ്ജക്ഷനെ തുടർന്നാണ് സബ്സിഡി നിരക്കിൽ അരി നൽകിയത് നിർത്തലാക്കിയതെന്നാണ് സർക്കാർ വാദം. സബ്‌സിഡി അരി മുടങ്ങിയതോടെ പൊതുവിപണിയിൽ നിന്ന് കിലോയ്ക്ക് 40 രൂപയിലധികം നൽകിയാണ് ഹോട്ടൽ നടത്തിപ്പുകാർ അരി വാങ്ങുന്നത്.


ഭീമമായ തുക നൽകി അരി വാങ്ങുന്നതിനുപുറമെ സാധനങ്ങളുടെ വിലക്കയറ്റവും ഹോട്ടലുകളുടെ നടത്തിപ്പിനെ സാരമായി ബാധിച്ചിട്ടുണ്ട്. ഇപ്പോൾ പ്രവർത്തിക്കുന്ന ജനകീയ ഹോട്ടലുകളെല്ലാം നഷ്ടത്തിലാണ്. ജീവനക്കാർ കൈയിൽ നിന്നും പണം മുടക്കി ഹോട്ടൽ നടത്തേണ്ട സ്ഥിതിയാണ് ഇപ്പോൾ.


ഊണിന് മുൻപ് ലഭിച്ചിരുന്ന 10 രൂപ സർക്കാർ സബ്‌സിഡി നേരത്തെ തന്നെ നിർത്തലാക്കിയിരുന്നു. ഇതിന് പുറമെ പല തദ്ദേശ സ്ഥാപനങ്ങളും നൽകേണ്ടിയിരുന്ന കെട്ടിട വാടക, കറന്റ് ബിൽ, വാട്ടർ ബിൽ ആനുകൂല്യങ്ങളും മുടങ്ങിയിട്ടുണ്ട്. വിലക്കയറ്റം കാരണം 20 - 30 രൂപയ്ക്ക് ഊണ് നൽകാൻ കഴിയാത്ത സാഹചര്യമാണ്.


വിലക്കയറ്റം മറികടക്കാൻ ചില ഹോട്ടലുകളിൽ ഊണിന്റെ വില 40 രൂപയായി ഉയർത്തിയത് സാധാരണ ഉപഭോക്താക്കളുടെ എന്നതിൽ വലിയ കുറവാണു സൃഷ്ടിച്ചത്. ജനകീയ ഹോട്ടലുകൾ നടത്തി ഉപജീവനമാർഗം കഴിച്ചിരുന്ന നിരവധി വീട്ടമ്മമാരാണ് ഇതോടെ പെരുവഴിയിലായിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home