ജോലിഭാരവും മാനസിക സമ്മർദവും; ബംഗളുരുവിൽ ശാസ്ത്രജ്ഞൻ ജീവനൊടുക്കി

പ്രതീകാത്മക ചിത്രം
ബംഗളുരു: ബംഗളുരുവിലെ സീഗേഹള്ളിയിൽ എയറോനോട്ടിക്കൽ ഡെവലപ്‌മെന്റ് ഏജൻസി (എഡിഎ)യിലെ ശാസ്ത്രജ്ഞൻ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ജോലി സംബന്ധമായ സമ്മർദം മൂലം ആത്മഹത്യ ചെയ്തതാണെന്ന് കുടുംബം ആരോപിച്ചു. എഡിഎയുടെ പ്രോഗ്രാമിംഗ് വിഭാഗത്തിൽ ശാസ്ത്രജ്ഞനായി ജോലി ചെയ്യുകയായിരുന്ന ശരദ് കത്യാർ (47) ആണ് മരിച്ചത്.
സീഗെഹള്ളിയിലെ ഒരു അപാർട്മെന്റിന്റെ നാലാം നിലയിലാണ് ഇദ്ദേഹം കുടുംബസമേതം സമസിച്ചിരുന്നത്. കഴിഞ്ഞ ഒരു മാസത്തിലേറെയായി ഇദ്ദേഹം ജോലിസംബന്ധമായി കടുത്ത മാനസിക സമ്മർദം അനുഭവിച്ചിരുന്നുവെന്ന് കുടുംബം പൊലീസിന് മൊഴി നൽകി. മാനസിക സമ്മർദം സഹിക്കവയ്യാതെ ഇദ്ദേഹം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
ഇദ്ദേഹത്തിന് വിഷാദരോഗമാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് ചികിത്സ സ്വീകരിച്ച് വരികയായിരുന്നു. എന്നാൽ രോഗത്തെക്കുറിച്ച് അറിയിച്ചിട്ടും ജോലിസ്ഥലത്ത് നിന്നുള്ള സമ്മർദ്ദം തുടരുകയായിരുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസിൽ (നിംഹാൻസ്) നിന്ന് ഇദ്ദേഹത്തിന് വിഷാദരോഗത്തിനുള്ള മരുന്ന് നൽകിയിരുന്നു.
ഇന്നലെ രാത്രി 8 മണിയോടെ താമസിച്ചിരുന്ന അപാർട്മെന്റിന്റെ നാലാം നിലയിൽ നിന്ന് ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും യാത്രാമധ്യേ മരിച്ചു.
ജോലിസമ്മർദമുള്ളതായി ഇതുവരെ അറിയിച്ചിട്ടില്ലെന്നാണ് എഡിഎയിലെ അഡ്മിനിസ്ട്രേഷൻ ആൻഡ് ഹ്യൂമൻ റിസോഴ്‌സസ് ഡയറക്ടറുടെ വാദം. സംഭവത്തിൽ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും മൊഴി രേഖപ്പെടുത്തും. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.









0 comments