Deshabhimani

ഭൂരഹിതർക്ക് ഭൂമി, തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കണം: അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ

aiawu salem
വെബ് ഡെസ്ക്

Published on Oct 27, 2026, 06:13 PM | 1 min read

സേലം: അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ (AIAWU) തമിഴ്‌നാട് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്, സേലം ജില്ലയിലെ എടപ്പാടിയിൽ തൊഴിലാളികളുടെ മഹാ പ്രകടനം. ഭൂരഹിതരായ പാവപ്പെട്ടവർക്ക് ഭൂമി വിതരണം ചെയ്തില്ലെങ്കിൽ രാജ്യവ്യാപകമായി ഭൂമി പിടിച്ചെടുക്കൽ സമരം ആരംഭിക്കുമെന്ന് അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ (എഐഎഡബ്ല്യുയു) അറിയിച്ചു. പ്രകടനത്തിൽ ആയിരക്കണക്കിന് കർഷകത്തൊഴിലാളികൾ പങ്കെടുത്തു. ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കിയില്ലെങ്കിൽ സർക്കാർ ഭക്ഷ്യധാന്യ ഗോഡൗണുകൾ ഉപരോധിക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി. ഉയർന്ന വേതനം, തൊഴിൽ അവകാശങ്ങളുടെ സംരക്ഷണം, ജാതി വിവേചനം അവസാനിപ്പിക്കൽ എന്നീ ആവശ്യങ്ങളും യൂണിയൻ മുന്നോട്ടുവെച്ചു.


അഖിലേന്ത്യാ പ്രസിഡന്റ് എ വിജയരാഘവൻ, ജനറൽ സെക്രട്ടറി ബി വെങ്കട്ട്, വി ശിവദാസൻ എംപി എന്നിവർ സേലത്തുനടന്ന സമ്മേളനത്തിൽ സംസാരിച്ചു. തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് ചിന്നദുരൈ അധ്യക്ഷനായി. പ്രതിവർഷം 200 തൊഴിൽദിനങ്ങൾ ഉറപ്പാക്കുക, കുറഞ്ഞ ദിവസവേതനം 700 രൂപയാക്കുക, തൊഴിലുറപ്പ് പദ്ധതിക്ക് കുറഞ്ഞത് രണ്ട് ലക്ഷം കോടി രൂപ അനുവദിക്കുക, പൊതുവിതരണ സംവിധാനത്തിലൂടെ എല്ലാ അവശ്യസാധനങ്ങളും ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനത്തിൽ ഉന്നയിച്ചു.


aiawu


രാജ്യത്ത് കോടിക്കണക്കിന് ഗ്രാമീണർ ഭൂരഹിതരായി തുടരുമ്പോൾ തൊഴിലില്ലായ്മയും കുറഞ്ഞ വേതനവും കടബാധ്യതയും തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാക്കുന്നു. സർക്കാർ ഗോഡൗണുകളിൽ ഭക്ഷ്യധാന്യങ്ങൾ സംഭരിച്ചിട്ടും ദശലക്ഷക്കണക്കിന് ആളുകൾക്ക് ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ല.


വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം (എസ്ഐആർ) പിൻവലിക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഡൽഹിയിൽ ജനാധിപത്യ അവകാശങ്ങൾക്കായി സമരം ചെയ്യുന്ന വിദ്യാർഥികൾക്കും യുവാക്കൾക്കുമെതിരായ പൊലീസ് നടപടികളെയും സമ്മേളനം അപലപിച്ചു. മോദി സർക്കാരിന്റെ പതനത്തിനുള്ള കൗണ്ട്ഡൗൺ ആരംഭിച്ചുവെന്നും തൊഴിലാളികളുടെ ഐക്യസമരം ശക്തിപ്പെടുത്തുമെന്നും നേതാക്കൾ പ്രഖ്യാപിച്ചു. ബ്രസീൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഇടതുപക്ഷ നേതാവ് ലുല ഡ സിൽവയ്ക്കും ബ്രസീലിലെ ജനങ്ങൾക്കും സമ്മേളനം അഭിവാദ്യമർപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home