Deshabhimani

രഞ്ജി ട്രോഫിയിൽ ബംഗാളിനെതിരെ കേരളത്തിന് ബാറ്റിങ് തകർച്ച

ranji trophy kerala
വെബ് ഡെസ്ക്

Published on Oct 27, 2026, 07:00 PM | 2 min read

തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ ബംഗാളിന് മേൽക്കൈ. രണ്ടാം ദിവസം കളി അവസാനിക്കുമ്പോൾ ആറ് വിക്കറ്റിന് 101 റൺസെന്ന നിലയിലാണ് കേരളം. നേരത്തെ ബംഗാളിന്റെ ആദ്യ ഇന്നിങ്സ് 350 റൺസിന് അവസാനിച്ചിരുന്നു. സെഞ്ച്വറി നേടിയ ഷഹബാസ് അഹമ്മദിന്റെ ഇന്നിങ്സാണ് ബംഗാൾ ഇന്നിങ്സിന് കരുത്ത് പകർന്നത്. ഷഹബാസ് അഹ്മദും സുമന്ത ഗുപ്തയും ചേർന്നുള്ള ഏഴാം വിക്കറ്റ് കൂട്ടുകെട്ടാണ് ബംഗാളിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ആറ് വിക്കറ്റിന് 172 റൺസെന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിങ് തുടങ്ങിയ ഇരുവരും ചേർന്ന് കരുതലോടെയാണ് ഇന്നിങ്സ് മുന്നോട്ടു നീക്കിയത്. ഏഴാം വിക്കറ്റിൽ ഇരുവരും ചേർന്ന് 103 റൺസാണ് കൂട്ടിച്ചേർത്തത്. ലഞ്ചിന് പിരിയുന്നതിന് തൊട്ടുമുമ്പ് സുമന്ത ഗുപ്തയെ (49) പുറത്താക്കി ജലജ് സക്സേനയാണ് കൂട്ടുകെട്ടിന് അവസാനമിട്ടത്.


മറുവശത്ത് സെഞ്ചുറിയോടെ ബാറ്റിങ് തുടർന്ന ഷഹബാസ് അഹ്മദ് പ്രദീപ്ത പ്രമാണിക്കുമായി ചേർന്ന് 59 റൺസ് കൂടി കൂട്ടിച്ചേർത്തു. 27 റൺസെടുത്ത പ്രദീപ്ത പ്രമാണിക് എൻ പി ബേസിലിന്റെ പന്തിൽ പുറത്തായതോടെ ബംഗാളിന്റെ ഇന്നിങ്സ് അധികം നീണ്ടില്ല. 121 റൺസെടുത്ത ഷഹബാസ് അഹ്മദ് ആദിത്യ സർവാടെയുടെയും 17 റൺസെടുത്ത മുഹമ്മദ് ഷമി, എം ഡി നിധീഷിന്റെയും പന്തിൽ പുറത്തായതോടെ 350 റൺസിന് ബംഗാളിന്റെ ഇന്നിങ്സ് അവസാനമായി. 203 പന്തുകളിൽ എട്ട് ഫോറും നാല് സിക്സുമടക്കമാണ് ഷഹബാസ് 121 റൺസെടുത്തത്. കേരളത്തിന് വേണ്ടി ആദിത്യ സർവാടെ നാലും എൻ പി ബേസിൽ മൂന്നും എം ഡി നിധീഷ് രണ്ടും ജലജ് സക്സേന ഒന്നും വിക്കറ്റുകൾ വീഴ്ത്തി.


മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ അഭിഷേക് പി നായരുടെ വിക്കറ്റ് നഷ്ടമായി. നാല് റൺസെടുത്ത അഭിഷേക് മുഹമ്മദ് ഷമിയുടെ പന്തിൽ ക്ലീൻ ബൗൾഡ് ആവുകയായിരുന്നു. വൈകാതെ 12 റൺസെടുത്ത അഭിഷേക് ജെ നായരും പ്രദീപ്ത പ്രമാണിക്കിന്റെ പന്തിൽ ക്ലീൻ ബൗൾഡ് ആയി മടങ്ങി. സച്ചിൻ ബേബിയും വിഷ്ണു വിനോദും ചേർന്ന് ചെറിയൊരു ചെറുത്തുനിൽപ്പിന് തുടക്കമിട്ടെങ്കിലും 23 റൺസെടുത്ത സച്ചിനെ പുറത്താക്കി ബംഗാൾ മത്സരത്തിൽ പിടിമുറുക്കി.


അവസാന ഓവറുകളിൽ മൂന്ന് റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ കൂടി വീണത് കേരളത്തിന് തിരിച്ചടിയായി. പതിവ് ശൈലിയിൽ തകർത്തടിച്ച വിഷ്ണു വിനോദാണ് ആദ്യം മടങ്ങിയത്. 47 പന്തുകളിൽ അഞ്ച് ഫോറും രണ്ട് സിക്സുമടക്കം 41 റൺസാണ് വിഷ്ണു നേടിയത്. സൽമാൻ നിസാർ 11 റൺസുമായി മടങ്ങിയപ്പോൾ ആദിത്യ സർവാടെ പൂജ്യത്തിന് പുറത്തായി. കളി നിർത്തുമ്പോൾ മുഹമ്മദ് അസറുദ്ദീൻ അഞ്ചും ജലജ് സക്സേന അക്കൗണ്ട് തുറക്കാതെയും ക്രീസിലുണ്ട്. ബംഗാളിന് വേണ്ടി മുഹമ്മദ് ഷമി മൂന്നും ഷഹബാസ് അഹമ്മദ് രണ്ടും പ്രദീപ്ത പ്രമാണിക് ഒരു വിക്കറ്റും വീഴ്ത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home