Deshabhimani

കരിപ്പൂരിൽനിന്ന് യൂറോപ്പിലേക്ക് കാർഗോ കയറ്റുമതിക്ക് അനുമതി

Karipur.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Oct 27, 2026, 07:41 PM | 1 min read

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് യൂറോപ്പിലേക്ക് നേരിട്ട് കാർഗോ കയറ്റുമതിചെയ്യാൻ അനുമതിയായി. ഗൾഫ് രാജ്യങ്ങളിലേക്കുമാത്രമായിരുന്നു നിലവിൽ കരിപ്പൂരിൽനിന്ന് കാർഗോ കയറ്റുമതിക്ക് അനുമതി.


കഴിഞ്ഞ എൽഡിഎഫ് സർക്കാരാണ് അന്താരാഷ്ട്ര കയറ്റുമതിക്ക് യൂറോപ്പിനെകൂടി ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. അന്നത്തെ മന്ത്രിയായിരുന്ന പി രാജീവിന്റെ ഇടപെടൽ കയറ്റുമതിക്ക് കൂടുതൽ മികവ് നൽകാൻ കാരണമായി.


യൂറോപ്പിലേക്കുള്ള ആർഎ 3 (റെഗുലേറ്റഡ് ഏജന്റ് ഇൻ എ തേർഡ് കൺട്രി) കയറ്റുമതിക്കാണ് അനുമതി. അനുമതി കരിപ്പൂർ വിമാനത്താവളത്തിന്റെ വളർച്ചക്കും വരുമാനത്തിനും വേഗം കൂട്ടും. യുകെയിലേക്ക് നേരിട്ടുള്ള കാർഗോ കയറ്റുമതിക്കുള്ള അനുമതിയും വൈകാതെ ലഭിച്ചേക്കും.


യൂറോപ്യൻ യൂണിയൻ സ്വതന്ത്ര എയർ കാർഗോ സെക്യൂരിറ്റി വാലിഡേറ്ററും പ്രമുഖ ഫീന്നിഷ് ഏവിയേഷൻ സേഫ്റ്റി സ്‌പെഷ്യലിസ്റ്റുമായ ജാൻ ഒലാവി കാപ്പിയുടെ നേതൃത്വത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ കാർഗോ സംവിധാനങ്ങളുടെ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി.


സംസ്ഥാന വ്യവസായ വകുപ്പിനുകീഴിലെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ് ആണ് വിമാനത്താവളത്തിൽ കാർഗോ കയറ്റുമതി നിയന്ത്രിക്കുന്നത്. യൂറോപ്പിലേക്ക് കാർഗോ ഓർഡർ ലഭിക്കുന്ന മലബാറിലെ കയറ്റുമതിക്കാർക്ക് മറ്റ് വിമാനത്താവളങ്ങളെ ആശ്രയിക്കാതെ നേരിട്ട് സാധനങ്ങൾ കയറ്റിയയക്കാനാവും.


ചെലവും സാങ്കേതിക പ്രയാസങ്ങളും കുറയും. നിലവിൽ നെടുമ്പാശേരി, തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിൽനിന്നാണ് യൂറോപ്പിലേക്ക് കാർഗോ കയറ്റി അയക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home