പാകിസ്ഥാനിൽ വനിതാ കോളേജിൽ വെടിവയ്പ്; മൂന്ന് വിദ്യാർഥിനികൾക്ക് പരിക്ക്

പ്രതീകാത്മകചിത്രം
കറാച്ചി: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ വനിതാ കോളേജിലുണ്ടായ വെടിവയ്പിൽ മൂന്ന് വിദ്യാർഥിനികൾക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. ബലൂചിസ്ഥാനിലെ നോഷ്കി ജില്ലയിലെ കോളേജിലാണ് സംഭവം. ആയുധധാരികളായ രണ്ടുപേർ കോളേജിലേക്ക് അതിക്രമിച്ചുകയറി വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വെടിവയ്പ്പിനു പിന്നാലെ വിദ്യാർഥിനികൾ പുറത്തേക്ക് ഓടി. കോളേജിലെ സ്വകാര്യ സുരക്ഷാ ജീവനക്കാരും പ്രദേശത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരും ഓടിയെത്തിയതോടെ അക്രമികൾ രക്ഷപ്പെട്ടു. പരിക്കേറ്റ വിദ്യാർഥിനികളെ നോഷ്കിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിന് പിന്നാലെ സുരക്ഷാസേന കോളേജിലെത്തി അക്രമികൾക്കായി തെരച്ചിൽ ആരംഭിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ബലൂചിസ്ഥാൻ പ്രവിശ്യയിൽ നിരോധിത സായുധ സംഘടനകളുടെ ആക്രമണങ്ങൾ പതിവാണ്. എന്നാൽ വനിതാ കോളേജിനു നേരെ ഇത്തരമൊരു ആക്രമണം നടക്കുന്നത് ആദ്യമായാണെന്ന് പൊലീസ് പറയുന്നു.









0 comments