എംഎൽസി തെരഞ്ഞെടുപ്പ്; യുപിയിൽ എസ്‌പി, വാരണാസിയിൽ ബിജെപിക്ക് തോൽവി

ന്യൂഡൽഹി : നാല് സംസ്ഥാനങ്ങളിലെ 28 സീറ്റുകളിലേക്ക് നടന്ന എംഎൽസി തെരഞ്ഞെടുപ്പിന്റെ പൂർണചിത്രം പുറത്ത്. യുപി, ബിഹാർ, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളിലെ എംഎൽസികളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് നടന്ന 28 സീറ്റിൽ ഒന്നിലും കോൺഗ്രസിന് ജയിക്കാനായില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിൽ ബിജെപിക്ക് തോൽവി. വാരണാസിയിലെ അധ്യാപക എംഎൽസി സീറ്റിലും ബിരുദദാരികളുടെ എംഎൽസി സീറ്റിലും ബിജെപി തോറ്റു. അധ്യാപക സീറ്റിൽ എസ്‌പിയുടെ ലാൽ ബിഹാരി യാദവും ബിരുദധാരി സീറ്റിൽ എസ്‌പിയുടെ അശുതോഷ് സിൻഹയും ജയിച്ചു.
യുപിയിലെ അഞ്ച് അധ്യാപക സീറ്റിലേക്കും ആറ് ബിരുദധാരി സീറ്റിലേക്കും നടന്ന തെരഞ്ഞെടുപ്പിൽ ആറിൽ ബിജെപിയും അഞ്ചിൽ എസ്‌പിയും ജയിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലമായ ഗോരഖ്‌പ്പുർ– ഫൈസാബാദിലെ അധ്യാപക സീറ്റിൽ നേരിയ ഭൂരിപക്ഷത്തിനാണ് ബിജെപി ജയിച്ചത്.
ആഗ്ര അധ്യാപക സീറ്റും ലഖ്‌നൗ, അലഹബാദ്– ഝാൻസി ബിരുദധാരി സീറ്റും സമാജ്‌വാദി പാർട്ടി ജയിച്ചു. ബിജെപി മീറത്തിലെ അധ്യാപക–ബിരുദധാരി സീറ്റുകളും ആഗ്രയിലെ ബിരുദധാരി സീറ്റും ലഖ്‌നൗ, ബറെയ്‌ലി– മൊറാദാബാദ് അധ്യാപക സീറ്റുകളും ജയിച്ചു. തെരഞ്ഞെടുപ്പ് നടന്ന 11 സീറ്റിലും ആറും ബിജെപിയുടെ സിറ്റിങ് സീറ്റുകളാണ്. മൂന്ന് സീറ്റുണ്ടായിരുന്ന എസ്‌പി അഞ്ചിലേക്ക് ഉയന്നു. അഞ്ച് ബിരുദധാരി സീറ്റുകളിലും കൂടുതൽ വോട്ടർമാരുണ്ടായിരുന്നു. ഇതിൽ മൂന്നെണ്ണം എസ്പി പിടിച്ചെടുത്തു. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് യുപി നീങ്ങുന്ന ഘട്ടത്തിൽ എസ്‌പിക്ക് ഇത് വലിയ നേട്ടമാണ്.
ബിഹാറിൽ നാലു വീതം അധ്യാപക– ബിരുദധാരി സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്നതിൽ മൂന്ന് സീറ്റിൽ ബിജെപിയും ഒരു സീറ്റിൽ ഘടകകക്ഷിയായ ജെഡിയുവും ജയിച്ചു. പ്രശാന്ത് കിഷോറിന്റെ ജൻസുരാജ് പാർടി ദർബംഗ ബിരുദധാരി സീറ്റിൽ ജയിച്ചു. ആർജെഡിയുടെ സഞ്‌ജീവ് കുമാർ പറ്റ്‌ന ബിരുദധാരി സീറ്റും നേടി. സരൺ, തിർഹുത്ത് ബിരുദധാരി സീറ്റുകളിൽ സ്വതന്ത്രരാണ് ജയിച്ചത്. കോസി, ദർബംഗ ബിരുദധാരി സീറ്റുകളിൽ ബിജെപി ജയിച്ചെങ്കിലും പറ്റ്‌ന അധ്യാപക സീറ്റിലെ തോൽവി ബിജെപിക്ക് തിരിച്ചടിയായി.
കർണാടകയിൽ നാല് എംഎൽസി സീറ്റിലും കോൺഗ്രസ് പരാജയപ്പെട്ടു. മൂന്ന് സീറ്റിൽ ബിജെപിയും ഒരു സീറ്റിൽ ജെഡിഎസും ജയിച്ചു. കോൺഗ്രസിന് രണ്ട് സിറ്റിങ് സീറ്റുകൾ നഷ്ടമായി. അഞ്ച് എംഎൽസി സീറ്റിലേക്ക് തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലും കോൺഗ്രസിന് ഒരു സീറ്റിൽ പോലും ജയിക്കാനായില്ല. രണ്ട് സീറ്റിൽ എൻസിപി ശരത് പവാർ വിഭാഗം ജയിച്ചു. രണ്ട് സീറ്റിൽ ബിജെപിയും ഒരു സീറ്റിൽ ശിവസേന ഷിൻഡെ വിഭാഗവുമാണ് ജയിച്ചത്.









0 comments