ജെഎൻയു പിഎച്ച്ഡി പ്രവേശനത്തിൽ അട്ടിമറി, സംവരണ സീറ്റുകൾ വെട്ടിക്കുറച്ചു; പരാതിയുമായി എസ്എഫ്ഐ

ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) 2026–27 അധ്യയന വർഷത്തെ പിഎച്ച്ഡി പ്രവേശനത്തിൽ അട്ടിമറി നടന്നെന്ന് എസ്എഫ്ഐ. പിഎച്ച്ഡി പ്രവേശനത്തിൽ സംവരണ വ്യവസ്ഥകൾ ലംഘിച്ചെന്നുകാട്ടി എസ്എഫ്ഐ പരാതി നൽകി. ആകെ 711 സീറ്റുകളിൽ പട്ടികവർഗ വിഭാഗത്തിന് 7.5 ശതമാനം സംവരണം നൽകേണ്ടിടത്ത് 5.34 ശതമാനം (38 സീറ്റുകൾ) മാത്രമാണ് അനുവദിച്ചത്. 15 സീറ്റുകളുടെ കുറവാണുണ്ടായത്. പട്ടികജാതി വിഭാഗത്തിന് 15 ശതമാനം സംവരണം നൽകേണ്ടിടത്ത് 103 സീറ്റുകൾ (14.49 ശതമാനം) മാത്രമാണ് അനുവദിച്ചത്. നാല് സീറ്റുകളുടെ കുറവുണ്ട്. ഭിന്നശേഷി വിഭാഗത്തിന് അഞ്ച് ശതമാനം സംവരണം നൽകേണ്ടിടത്ത് 17 സീറ്റുകൾ മാത്രമാണ് അനുവദിച്ചത്.
വിഷയത്തിൽ എസ്എഫ്ഐ ഡൽഹി സംസ്ഥാന കമ്മിറ്റി അംഗവും ജെഎൻയു വിദ്യാർഥി യൂണിയൻ വൈസ് പ്രസിഡന്റുമായ ഗോപിക ബാബു ദേശീയ പട്ടികജാതി കമീഷനിൽ പരാതി നൽകി. നിശ്ചിത സമയപരിധിക്കുള്ളിൽ സർവകലാശാല റിപ്പോർട്ട് സമർപ്പിക്കാത്തതിനെ തുടർന്ന് കമീഷൻ വീണ്ടും അധികൃതർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ഏഴ് ദിവസത്തിനകം മറുപടി നൽകണമെന്നാണ് നിർദേശം.
സീറ്റുകൾ വിവിധ വിഭാഗങ്ങളിലായി വിഭജിച്ച് അനുവദിക്കുന്നതിലൂടെ സംവരണം അട്ടിമറിക്കുകയാണെന്നും കേന്ദ്ര സർവകലാശാലകളിൽ പാർശ്വവൽക്കരിക്കപ്പെട്ട വിദ്യാർഥികളെ ഉന്നതവിദ്യാഭ്യാസത്തിൽനിന്ന് അകറ്റിനിർത്തുന്നതിന്റെ ഭാഗമാണിതെന്നും എസ്എഫ്ഐ പറഞ്ഞു. പിഎച്ച്ഡി പ്രവേശന വിജ്ഞാപനത്തിലെ പിഴവുകൾ അടിയന്തരമായി തിരുത്തുക, സംവരണം സുതാര്യമാക്കുക, വിഭാഗം തിരിച്ചുള്ള സീറ്റ് വിവരങ്ങൾ പുറത്തുവിടുക, സംവരണ വിഭാഗങ്ങളിലെ ഒഴിവുകൾ നികത്തുക തുടങ്ങിയ ആവശ്യങ്ങളും എസ്എഫ്ഐ ഉന്നയിച്ചു. സംവരണം ഭരണഘടനാപരമായ അവകാശമാണെന്നും സാമൂഹികനീതിക്ക് നേരെയുള്ള ആക്രമണങ്ങൾ ചെറുക്കാൻ പോരാട്ടം തുടരുമെന്നും എസ്എഫ്ഐ വ്യക്തമാക്കി.









0 comments