വെറുതെയല്ല ഇൗ പ്രഹരശേഷി; യുവരാജ് തേച്ചുമിനുക്കിയ വജ്രായുധം

അഭിഷേക് ശർമ. Photo credit: Indian Cricket Team
കാണികളെ പ്രകമ്പനം കൊള്ളിക്കുന്ന വെടിക്കെട്ട് ബാറ്റിങ്ങിനിടെ ധ്യാനത്തിലിരുന്ന് സെഞ്ച്വറി നേട്ടം ആഘോഷിക്കുന്ന അഭിഷേക് ശർമ. ആ രണ്ട് ദൃശ്യങ്ങൾ തമ്മിൽ ഒരു ചേർച്ചയുമില്ല. എന്നാൽ, അതുതന്നെയാണ് ഇന്ത്യയുടെ പുതിയ ബാറ്റിങ് ഹീറോയുടെ വിജയരഹസ്യം. അസാമാന്യ ഏകാഗ്രതയോടെ ക്രീസിൽ നിലയുറപ്പിച്ച്, ബൗളർമാരെ നിർദാക്ഷിണ്യം പ്രഹരിക്കുമ്പോഴും ഇടംകൈയന്റെ മനസ് തെല്ലും പതറുന്നില്ല. ബാറ്റേന്തി നിൽക്കുന്ന ഓരോ നിമിഷവും അടുത്ത പന്തും അതിനെ അതിർത്തി കടത്തേണ്ട ഷോട്ടും മാത്രമാണ് ഉള്ളിൽ. ഇന്ത്യയുടെ എക്കാലത്തെയും വലിയ ഹാർഡ് ഹിറ്റർ യുവരാജ് സിങ്ങിൽ നിന്ന് അരുമശിഷ്യൻ പഠിച്ചെടുത്ത വിദ്യയാണത്. ടി20 യുടെ കളിരീതി തന്നെ മാറ്റിമറിക്കുന്ന താരമെന്ന നിലയിലേക്ക് ഇന്ന് അഭിഷേക് വളർന്നു.
അസാധാരണ ബാറ്റിങ്പാടവവും തികഞ്ഞ ഏകാഗ്രതയും ഇടംകൈയന്റെ അയത്‌നലളിത ശൈലിയും സമംചേർന്ന ബാറ്റിങ് വിസ്‌ഫോടനമാണ് ചൊവ്വാഴ്‌ച വെല്ലിങ്ടൺ കണ്ടത്. ബാറ്റിങ് റെക്കോഡുകൾ പലതും കടപുഴകിയ വെടിക്കെട്ട് ഇന്നിങ്സിന്റെ ബലത്തിൽ ന്യൂസിലാന്റിനെതിരായ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കി. ഏറ്റവും കൂടുതൽ ടി20 സെഞ്ചുറിയെന്ന നേട്ടത്തിൽ വിരാട് കോഹ്‌ലിയെയാണ് ഇരുപത്താറുകാരൻ പിന്തള്ളിയത്. രാജ്യത്തിനായി നേടിയ നാലാം സെഞ്ചുറിയടക്കം 11 സെഞ്ചുറിയായി അഭിഷേകിന്റെ അക്കൗണ്ടിൽ. 13 സെഞ്ചുറി നേടിയ ബാബർ അസമും 22 എണ്ണവുമായി സാക്ഷാൽ ക്രിസ് ഗെയ്‌ലുമാണ് ഇനി മുന്നിലുള്ളത്. എട്ടു സെഞ്ചുറിയുമായി രോഹിത് ശർമയും സഞ്‌ജു സാംസണും കെ എൽ രാഹുലുമാണ് പിന്നിലുള്ള ഇന്ത്യക്കാർ. ഇൗ ഫോമിൽ തുടർന്നാൽ ഗെയ്‌ലിനെ മറികടക്കുന്ന കാലം അകലെയല്ല.

പവർപ്ലേയിൽ 150 റൺ കടക്കുന്ന ആദ്യ ടീമെന്ന ബഹുമതി ഇന്ത്യയ്‌ക്ക് നേടിക്കൊടുത്ത അഭിഷേക് 2018 ൽ അണ്ടർ 19 ലോകകപ്പ് നേടിക്കൊടുത്ത ടീമിലും അംഗമായിരുന്നു. 14 വയസു മുതൽ പഞ്ചാബിനായി ഒപ്പം കളിച്ച ശുഭ്‌മാൻ ഗിൽ ആ നേട്ടത്തിലും കൂടെയുണ്ടായിരുന്നു. പഞ്ചാബിനായി 2017 മുതൽ രഞ്‌ജി ട്രോഫി കളിച്ചു തുടങ്ങി. 2018 ൽ ഐപിഎല്ലിൽ ഡൽഹി ഡെയർ ഡെവിൾസാണ് അമൃത്‌സറുകാരന്റെ ടി20 മികവ് ആദ്യം തിരിച്ചറിഞ്ഞത്. പിന്നീട് ഐപിഎല്ലിൽ സൺറൈസേഴ്‌സിനായി ഇറങ്ങിയതോടെ ഗംഭീരഫോമിലായി.
2024 ൽ സിംബാബ്‌വെയ്‌ക്കെതിരെയായിരുന്നു അന്താരാഷ്‌ട്ര ടി20 അരങ്ങേറ്റം. ഹരാരെയിൽ രണ്ടാം മത്സരത്തിൽ തന്നെ നൂറു കടന്നു. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. 70 മത്സരങ്ങളിൽ നിന്ന് 33.43 ശരാശരിയിൽ 2240 റൺസ് ആ ബാറ്റിൽ നിന്നൊഴുകി. അതിൽ 4 സെഞ്ചുറിയും 14 അർധസെഞ്ചുറിയും അടങ്ങുന്നു. ഏറ്റവും വേഗം 2000 റണ്ണിലെത്തുന്ന ഇന്ത്യൻതാരവും മറ്റാരുമല്ല. 2025 ൽ ടി20 യിൽ ലോക ഒന്നാം നമ്പറിലെത്തി. ഇൗ ബഹുമതി നേടുന്ന പ്രായംകുറഞ്ഞ ഇന്ത്യൻ താരവുമായി. 2026 സെപ്‌തംബറിൽ 30 പന്തിൽ സെഞ്ചുറി തികച്ചത് റെക്കോഡാണ്. ഇന്ന് ന്യൂസിലാന്റിൽ 33 പന്തിലാണ് നൂറിലെത്തിയത്. 2025 ൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു മറ്റൊരു മൂന്നക്കം.

പന്തിന്റെ ഗതി നേരത്തേ മനസിലാക്കുന്നതാണ് അഭിഷേകിനെ ഇത്ര അപകടകാരിയാക്കുന്നത്. അഴകുള്ള ഹൈബാക്ക്‌ലിഫ്‌റ്റും ഏതു ദിശയിലേക്കും അതിവേഗം ബാറ്റ് വീശാനുള്ള വൈഭവവും വേറിട്ടതാണ്. പേസും സ്‌പിന്നും ആ ബാറ്റിന് വലിയ വ്യത്യാസമില്ലാതെ വഴങ്ങും. നല്ലൊരു ഓർത്തഡോക്‌സ് സ്‌പിന്നർ കൂടിയാണ് അഭിഷേക്. ബാറ്റർമാരെ സ്‌തബ്‌ധരാക്കുന്ന ലെഗ് കട്ടറുകൾ പ്രധാന ആയുധമാണ്. വിദേശമണ്ണിൽ തിളങ്ങിയതോടെ തനിക്കു നേരെയുള്ള വിമർശനങ്ങൾക്കു കൂടിയാണ് അഭിഷേക് മറുപടി നൽകിയിരിക്കുന്നത്. അപ്പോഴും അമിത ആഹ്ലാദപ്രകടനമില്ല. ഇന്ത്യയുടെ ബാറ്റിങ് ഭാവി ശാന്തനാണ്.








0 comments