കുനോയിൽ ചീറ്റപ്പുലി വെടിയേറ്റ് ചത്തു; ശരീരത്തിൽ വെടിയുണ്ടയുടെ ചീളുകൾ കണ്ടെത്തി

ഭോപ്പാൽ : മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ ചീറ്റപ്പുലിയുടെ കുഞ്ഞ് വെടിയേറ്റ് ചത്തു. പത്തൊമ്പതുമാസം പ്രായമുള്ള കുഞ്ഞാണ് ചത്തത്. നിർവ എന്ന പെൺചീറ്റയുടെ കുഞ്ഞാണ് ചൊവ്വാഴ്ച ചികിത്സയിലിരിക്കെ ചത്തത്. ശരീരത്തിൽനിന്ന് വെടിയുണ്ടയുടെ ചീളുകൾ കണ്ടെത്തി. സംഭവത്തിൽ സംസ്ഥാന ടൈഗർ സ്ട്രൈക്ക് ഫോഴ്സ് അന്വേഷണം ആരംഭിച്ചു.
25ന് മൊറേന ജില്ലയിലെ ഷിയോപുർ ടെറിട്ടോറിയൽ ഫോറസ്റ്റ് ഡിവിഷനിലെ പഹാർഗഡ് വനമേഖലയിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ചീറ്റപ്പുലിയെ രക്ഷപ്പെടുത്തി കുനോ ദേശീയോദ്യാനത്തിലെത്തിക്കുകയായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി ജബൽപുരിലെ നാനാജി ദേശ്മുഖ് വെറ്ററിനറി സയൻസ് സർവകലാശാലയിലേക്ക് മാറ്റി. പരിശോധനയിൽ വെടിയേറ്റതായി സ്ഥിരീകരിച്ചു. ശരീരത്തിൽനിന്ന് വെടിയുണ്ടയുടെ ചീളുകൾ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആന്തരികാവയവങ്ങൾക്കും പേശികൾക്കും അസ്ഥികൾക്കും നാഡീവ്യവസ്ഥയ്ക്കും ഗുരുതരമായ ക്ഷതമേറ്റാണ് മരണം. സംഭവത്തിൽ വിശദമായ അന്വേഷണത്തിനായി വനംവകുപ്പ്, പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തെ (എസ്ടിഎഫ്) മധ്യപ്രദേശ് സർക്കാർ നിയോഗിച്ചു. ചീറ്റപ്പുലിക്ക് വെടിയേറ്റ സാഹചര്യമുൾപ്പെടെ സംഘം അന്വേഷിക്കും.
ഗ്രാമവാസികൾ ചീറ്റപ്പുലിയെ വെടിവച്ചതാണെന്നാണ് പ്രാഥമിക നിഗമനം. വേട്ടയാടലിനുള്ള സാധ്യതകളും അന്വേഷിക്കുന്നുണ്ട്. ഞായറാഴ്ച മൊറേനയിലെ ബമോരി ഗ്രാമത്തിൽ ചീറ്റപ്പുലികൾ രണ്ട് പശുക്കിടാക്കളെ കൊന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിന് പിന്നാലെയാണ് ചീറ്റപ്പുലിയെ വനമേഖലയിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ചീറ്റപ്പുലിയെ പരിക്കേറ്റ് കണ്ടെത്തിയ പ്രദേശത്ത് നേരത്തെയും വന്യജീവി വേട്ട റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുനോ, മൊറേന, ഷിയോപുർ വനമേഖലകളിലായി പുള്ളിപ്പുലികളെ വേട്ടയാടിയ കേസുമായി ബന്ധപ്പെട്ട് അന്തർസംസ്ഥാന സംഘത്തെ നേരത്തെ കണ്ടെത്തിയിരുന്നു.
കുനോ ദേശീയോദ്യാനത്തിന് പുറത്തുള്ള വനമേഖലകളിലേക്ക് ചീറ്റപ്പുലികൾ സഞ്ചരിക്കുന്നത് അവയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വലിയ വെല്ലുവിളിയാണെന്ന് വന്യജീവി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. റേഡിയോ കോളർ ഘടിപ്പിച്ചിരുന്ന ചീറ്റപ്പുലി നിരീക്ഷണത്തിലായിരുന്നെങ്കിലും ആക്രമണം തടയാനായില്ല. കുനോയ്ക്ക് ചുറ്റുമുള്ള വനമേഖലകളിൽ നാടൻ തോക്കുകളും വേട്ടയാടാനുള്ള ഉപകരണങ്ങളും വ്യാപകമായി ഉപയോഗിക്കുന്നത് വന്യജീവികൾക്ക് ഭീഷണിയാണെന്ന് പ്രോജക്ട് ചീറ്റ പദ്ധതിയിലും മുന്നറിയിപ്പ് നൽകിയിരുന്നു.









0 comments