അർണബ് തീവ്രമാകുന്നു, ആന്ധ്രയിൽ ശക്തമായ മഴയും കാറ്റും; ജനം ഭീതിയിൽ

അമരാവതി: ആന്ധ്രാപ്രദേശിലെ കാക്കിനാഡയിൽ ചുഴലിക്കാറ്റ് അർണബിന്റെ ആഘാതം ശക്തമാകാൻ തുടങ്ങി. ചുഴലിക്കാറ്റ് കരതൊടുമെന്ന് പ്രതീക്ഷിക്കുന്നതിന് മുന്നോടിയായി ശക്തമായ മഴയും കാറ്റും ജനജീവിതത്തെ ബാധിച്ചു.ശക്തമായ കാറ്റിൽ നിരവധി മരങ്ങളും വൈദ്യുതത്തൂണുകളും കടപുഴകി റോഡുകളിലേക്ക് വീണതോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു.
ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ കടൽ കൂടുതൽ പ്രക്ഷുബ്ധമായിരിക്കുകയാണ്. തീരക്കടലിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 185 കിലോമീറ്റർ വരെ എത്തിയിട്ടുണ്ട്.നിലവിൽ മണിക്കൂറിൽ 18 കിലോമീറ്റർ വേഗതയിൽ ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങുന്ന ചുഴലിക്കാറ്റ് അർണബ്, കാക്കിനാഡയിൽ നിന്ന് ഏകദേശം 140 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്.
ആന്ധ്രാപ്രദേശ് തീരത്തേക്ക് അതിതീവ്ര ചുഴലിക്കാറ്റ് അടുക്കുന്ന സാഹചര്യത്തിൽ ചൊവ്വാഴ്ച വിജയവാഡ, വിശാഖപട്ടണം വിമാനത്താവളങ്ങളിലായി കുറഞ്ഞത് 21 വിമാനങ്ങൾ റദ്ദാക്കി.വിജയവാഡ വിമാനത്താവളത്തിൽ ചൊവ്വാഴ്ച അഞ്ച് വിമാനങ്ങൾ റദ്ദാക്കിയതായി വിമാനത്താവള ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു. ഇതിൽ നാലെണ്ണം ഇൻഡിഗോയുടെയും ഒരെണ്ണം എയർ ഇന്ത്യ എക്സ്പ്രസിന്റെയും വിമാനങ്ങളാണ്.
ചെന്നൈ, ബെംഗളൂരു, വിശാഖപട്ടണം, കടപ്പ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സർവീസുകളെയാണ് റദ്ദാക്കൽ ബാധിച്ചതെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു.
ബുധനാഴ്ച വിജയവാഡ വിമാനത്താവളത്തിൽ ഇൻഡിഗോയുടെ 12 വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. ഫ്ലൈ91-ഉം സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ഡൽഹിയിലേക്കുള്ള എയർ ഇന്ത്യയുടെ രാവിലത്തെ സർവീസും റദ്ദാക്കി. ബുധനാഴ്ച ആകെ 15 വിമാനങ്ങളാണ് റദ്ദാക്കിയതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
വിശാഖപട്ടണം വിമാനത്താവളത്തിൽ ചൊവ്വാഴ്ച 16 വിമാനങ്ങൾ റദ്ദാക്കി.









0 comments