Deshabhimani

കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയിലെ പിഴവ്‌

ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന്‌ ഹൈക്കോടതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 27, 2026, 11:42 PM | 1 min read

തിരുവനന്തപുരം

കഴക്കൂട്ടത്തെ സ്വകാര്യ സൗന്ദര്യവർധന ആശുപത്രിയായ "കോസ്‌മെറ്റിക്കി'ൽ കൊഴുപ്പുനീക്കൽ ശസ്‌ത്രക്രിയ ചെയ്ത യുവതിയുടെ കൈ, കാൽ വിരലുകൾ മുറിച്ചുമാറ്റേണ്ടിവന്ന സംഭവം ക്രൈംബ്രാഞ്ച്‌ അന്വേഷിക്കണമെന്ന്‌ ഹൈ ക്കോടതി. പരാതിക്കാരി മുട്ടത്തറ സ്വദേശിനി നീതു (31) സമർപ്പിച്ച ഹർജിയിലാണ്‌ ഉത്തരവ്‌. സോഫ്റ്റ്‌വെയർ എൻജിനിയറായ നീതുവിന്‌ 2025 ഫെബ്രുവരി 22നാണ്‌ ശസ്ത്രക്രിയ നടത്തിയത്‌. പിറ്റേന്ന്‌, ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത്‌ മണിക്കൂറുകൾക്കകം ആരോഗ്യസ്ഥിതി വഷളായി. എന്നാല്‍, ഡോക്ടർമാർ ഇല്ലെന്നും അടുത്തദിവസം വരാനുമാണ് ആശുപത്രി ജീവനക്കാര്‍ നിർദേശിച്ചത്. 24ന്‌ രാവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതോടെ സ്വകാര്യ ആശുപത്രിയിലേക്ക്‌ മാറ്റി. ആശുപത്രിയിലെത്തുമ്പോഴേക്കും യുവതിക്ക്‌ ഹൃദയസ്തംഭനം ഉണ്ടായി. അണുബാധയെത്തുടർന്ന് സെപ്റ്റിക് ഷോക്കും കിഡ്നി തകരാറും സംഭവിച്ചു. 21 ദിവസം വെന്റിലേറ്ററിലായിരുന്നു. രക്തയോട്ടം നിലച്ച്‌ ഗുരുതരമായതോടെ വലതു കാലിലെ അഞ്ചും വലതുകൈയിലെ നാലും വിരലുകൾവീതം മുറിച്ചുമാറ്റി. അമേരിക്കൻ കമ്പനിയിലേക്ക്‌ മാറാനുള്ള തയ്യാറെടുപ്പിനിടെയായിരുന്നു നീതുവിന് ദുരനുഭവം. കോസ്‌മെറ്റിക്കിന് ലൈസന്‍സ് ഇല്ലായിരുന്നുവെന്നും "ഡേ-കെയർ സെന്റർ' ആശുപത്രി മാത്രമായിട്ടാണ് രജിസ്റ്റർ ചെയ്തിരുന്നതെന്നും കണ്ടെത്തി. മുമ്പ് ഇവിടെ ശസ്ത്രക്രിയയിലുണ്ടായ ചികിത്സാപിഴവിൽ രോഗി മരിച്ചതായ വിവരവും പുറത്തുവന്നു. സങ്കീർണമായ ശസ്ത്രക്രിയ ഡേ-കെയർ സെന്ററിൽ നടത്തിയത് ഗുരുതര പ്രോട്ടോകോൾ ലംഘനമാണെന്നും രോഗിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായപ്പോൾ അധികൃതർ ഒഴിഞ്ഞുമാറിയത്‌ ഗുരുതര വീഴ്‌ചയാണെന്നും കോടതി നിരീക്ഷിച്ചു. കേസിൽ രണ്ടാഴ്ചയ്ക്കകം ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷക സംഘത്തെ രൂപീകരിക്കാൻ സംസ്ഥാന പൊലീസ്‌ മേധാവിക്ക് ഹൈക്കോടതി നിർദേശം നൽകി. ആറു മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നും ജസ്റ്റിസ് ജി ഗിരീഷ് പുറപ്പെടുവിച്ച ഉത്തരവിലുണ്ട്. മരുന്നുകളുടെ പാർശ്വഫലത്താൽ വയറിലെ മസിലുകൾ പൂർണമായി നഷ്ടപ്പെട്ട്‌ ത്വക്ക്‌ നേരിട്ട് ആമാശയ ഭാഗം തൊട്ടുനിൽക്കുന്ന അവസ്ഥയാണെന്നും സങ്കീർണമായ ഹെർണിയ ബാധിച്ചതിനാൽ മറ്റൊരു ശസ്ത്രക്രിയകൂടി വേണ്ടിവരുമെന്നും നീതു പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home