Deshabhimani

കായലാഴങ്ങളെ കാത്ത കാവൽക്കഥ

kakka varal
avatar
സ്വന്തം ലേഖകൻ

Published on Oct 28, 2026, 12:35 AM | 1 min read

കോട്ടയം

കുമരകത്തെ കക്കവാരലിന്‌ നീണ്ട ചരിത്രമുണ്ട്‌. ആയിരക്കണക്കിനു തൊഴിലാളികൾ കക്ക വാരി ജീവിച്ചിരുന്നു. നാടിന്റെ സാമ്പത്തിക അടിത്തറയായിരുന്നു കക്കവാരലും മത്സ്യബന്ധനവും. ഇന്ന്‌ തൊഴിലാളികളുടെ എണ്ണം വളരെ കുറഞ്ഞെങ്കിലും ച‍ൂഷണത്തിനെതിരെ സംഘടിതമായിനിന്ന്‌ അവകാശങ്ങൾ നേടിയ കഥ ഇ‍ൗ മേഖലയ്‌ക്ക്‌ പറയാനുണ്ട്‌. വേമ്പനാട്ട്‌ കായൽ വെള്ളക്കക്കകളാൽ സമ്പന്നമായിരുന്നു. ഒരു നൂറ്റാണ്ട്‌ മുമ്പ്‌, ഇവിടെ തൊഴിലാളികൾ വാരിയിരുന്നത്‌ വെള്ളക്കക്കയായിരുന്നു. ഇറച്ചിക്കക്ക ഇറച്ചിയോട്‌ കൂടിയ ജീവിയാണ്‌. എന്നാൽ വെള്ളക്കക്ക മണ്ണിൽനിന്ന്‌ കിട്ടുന്ന ഫോസിലാണ്‌. കായലിനോട്‌ ചേർന്നുള്ള പ്രദേശങ്ങളിൽ സുലഭമായി ഇതുണ്ടായിരുന്നു. കൃഷിക്കും സിമന്റ്‌ നിർമാണത്തിനും ഇത്‌ ഉപയോഗിക്കാം. കക്കവാരൽ തൊഴിലാളികൾക്ക്‌ സംഘടിത രൂപമില്ലായിരുന്നു. എന്നാൽ ടി കെ മാധവൻ "ലൈം ഷെൽ സൊസൈറ്റി' രൂപീകരിച്ചതോടെ ഇത്‌ സംഘടിതമായി. കേരളത്തിലെ ആദ്യത്തെ കക്കാവ്യവസായ സഹകരണസംഘമായിരുന്നു ഇത്‌. കേരളത്തിലാദ്യമായി മത്സ്യമേഖലയിലെ ഒരു സംഘം കക്കാത്തോട്‌ വിപണത്തിന്‌ ലൈസൻസും പാസും എടുക്കുന്നത്‌ 1980കളുടെ ആദ്യം ആരംഭിച്ച കുമരകം ഉൾനാടൻ മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘം F(K)I58 ആണ്‌. മത്സ്യത്തൊഴിലാളി യൂണിയ(സിഐടിയു)ന്റെ കീഴിലാണ്‌ സൊസൈറ്റി തുടങ്ങിയതും ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതും. അതുവരെയും നിരവധി തൊഴിലാളികൾ ചൂഷണത്തിന്‌ ഇരയാക്കപ്പെട്ടിരുന്നു. തൊഴിലാളികൾക്ക്‌ അർഹമായ വില കച്ചവടക്കാർ നൽകിയിരുന്നില്ല. ആ സമയത്താണ്‌ തൊഴിലാളികളെ സംഘടിപ്പിച്ച്‌ സൊസൈറ്റി രൂപീകരിച്ചത്‌. തൊഴിലാളികളിൽനിന്ന്‌ നേരിട്ട്‌ വാങ്ങിയിരുന്ന കച്ചവടക്കാർ സൊസൈറ്റിയിൽനിന്ന്‌ വാങ്ങാൻ തുടങ്ങിയപ്പോൾ, സൊസൈറ്റി ഒരു വില നിശ്‌ചയിച്ചു. അങ്ങനെ തൊഴിലാളിക്ക്‌ മാന്യമായ വേതനം കിട്ടുന്ന സാഹചര്യമുണ്ടായി. കായലിൽനിന്ന്‌ എളുപ്പത്തിൽ വാരാവുന്ന കക്ക കാലക്രമേണ കുറഞ്ഞുവന്നു. ഖനനം നടത്തണമെന്ന സാഹചര്യമായി. തൊഴിലാളികളെ ഒഴിവാക്കിയുള്ള ഖനനത്തിനെതിരെ തൊഴിലാളികൾ സമരം നടത്തി. വെള്ളക്കക്ക കിട്ടാതായപ്പോൾ സൊസൈറ്റികൾ ഇറച്ചിക്കക്കത്തോട്‌ വിപണനത്തിലേക്ക്‌ തിരിഞ്ഞു. ആദ്യകാലത്തെ പ്രധാനപ്പെട്ട സൊസൈറ്റിയായിരുന്നു സിഐടിയുവിന്റെ കീഴിലുള്ള മുഹമ്മ സൊസൈറ്റി. ഇന്നും നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു. ഇറച്ചിക്കക്കയ്‌ക്ക്‌ തോടിനും ഇറച്ചിക്കും വില കിട്ടുമെന്ന ഗുണമുണ്ട്‌. അതിനാൽ ഇറച്ചിക്കക്ക വാരലും വിപണനവും ഇ‍ൗ മേഖലയിൽ പെട്ടെന്ന്‌ വ്യാപിച്ചു. ഇന്ന്‌ വേമ്പനാട്ടുകായലിൽ മത്സ്യതൊഴിലാളികളിൽ ഭൂരിപക്ഷവും കക്കവാരലിലൂടെയാണ്‌ ഉപജീവനം കണ്ടെത്തുന്നത്‌. എന്നാൽ ജലമലിനീകരണം കാരണം കക്കയുടെ ലഭ്യത കുറഞ്ഞുകൊണ്ടിരിക്കുകയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home