print edition ഇസ്രയേലിൽ കനത്ത പോളിങ്; നെതന്യാഹു കടുത്ത വെല്ലുവിളി നേരിടുന്നു

PHOTO: AFP
ടെൽ അവീവ്: പലസ്തീനിൽ വംശഹത്യയും അധിനിവേശവും തുടരുന്നതിനിടയിൽ, ഇസ്രയേൽ പാർലമെന്റായ നെസറ്റിലേക്ക് നടന്ന പൊതുതിരഞ്ഞെടുപ്പിൽ കനത്ത പോളിങ്. ഉച്ചയോടെ 50 ശതമാനത്തോളം പേർ വോട്ടു രേഖപ്പെടുത്തി. 1973-ന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്ങാണിത്. 2023 ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിനും പിന്നാലെ ഇസ്രയേൽ ഗാസയിൽ ആരംഭിച്ച വംശഹത്യക്കുംശേഷം രാജ്യം നേരിടുന്ന ആദ്യ പൊതുതിരഞ്ഞെടുപ്പിൽ, തീവ്ര വലതുപക്ഷ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു കടുത്ത വെല്ലുവിളി നേരിടുകയാണ്. അറബ് ന്യൂനപക്ഷങ്ങളും -ഇടതുപക്ഷ വോട്ടർമാരും കൂട്ടത്തോടെ ബൂത്തുകളിലേക്ക് എത്തിയതായാണ് റിപ്പോർട്ട്.
അഭിപ്രായ സർവേകൾ നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ സഖ്യത്തിന് തിരിച്ചടിയാണ് പ്രവചിക്കുന്നത്. ആകെയുള്ള 120 സീറ്റിൽ നെതന്യാഹുവിന്റെ ലിക്വിഡ് സഖ്യത്തിന് 50 സീറ്റു മാത്രമേ ലഭിക്കൂ. 52 സീറ്റുകൾ വരെ നേടുന്ന പ്രതിപക്ഷ സഖ്യവും അറബ്-–ഇടതുപക്ഷ പുരോഗമന കൂട്ടായ്മകളും നിർണായക ശക്തിയായി മാറുമെന്നാണ് വിലയിരുത്തൽ.
നെതന്യാഹുവിനെ വീണ്ടും വിജയിപ്പിക്കണമെന്ന് ഇസ്രയേലി വോട്ടർമാരോട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പരസ്യമായി ആഹ്വാനംചെയ്തു. ഇറാനെതിരെയുള്ള സൈനികനീക്കം പൂർത്തിയാക്കാൻ ‘അസാധാരണ യോദ്ധാവ്' നെതന്യാഹു അധികാരത്തിൽ തുടരണമെന്നാണ് ട്രംപ് വാദിച്ചത്. യുദ്ധവെറിക്കും ഭയപ്പെടുത്തലുകൾക്കും ഇസ്രയേൽ ജനത ഇത്തവണ വഴങ്ങില്ലെന്ന് പ്രതിപക്ഷ കക്ഷിയായ യാഷർ നേതാവും മുൻ സൈനിക മേധാവിയുമായ ഗാദി ഐസൻകോട്ട് പ്രതികരിച്ചു. ഇറാൻ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്ന വ്യാജ രഹസ്യാന്വേഷണ റിപ്പോർട്ട് പ്രചരിപ്പിച്ച് വോട്ടർമാരെ ഭയപ്പെടുത്താൻ നെതന്യാഹു അവസാനവട്ടം ശ്രമിച്ചു.









0 comments