ചാതുർവർണ്യത്തിനെതിരെ വയലാര്‍ പടവാളുയർത്തി: ഡോ. അജു കെ നാരായണൻ

വയലാർ രാഘവപ്പറമ്പിൽ പുരോഗമന കലാസാഹിത്യ സംഘവും ഇപ്റ്റയും യുവകലാസാഹിതിയും ചേർന്ന് സംഘടിപ്പിച്ച വയലാർ രാമവർമ അനുസ്‌മരണം ചലച്ചിത്ര പ്രവർത്തകൻ ഡോ. അജു കെ നാരായണൻ ഉദ്ഘാടനംചെയ്യുന്നു
വയലാർ
ആധുനിക കേരള സൃഷ്ടിയിൽ കവി വയലാർ രാമവർമ ഉൾപ്പെടെ എഴുത്ത് രാഷ്ട്രീയ പ്രവർത്തനമാക്കിയ മഹാരഥൻമാരുടെ പങ്ക് അമൂല്യമാണെന്ന് സാഹിത്യകാരനും ചലച്ചിത്ര പ്രവർത്തകനുമായ ഡോ. അജു കെ നാരായണൻ പറഞ്ഞു. രാഘവപ്പറമ്പിൽ വയലാർ രാമവർമ അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രപഞ്ച വീക്ഷണത്തോടെയുള്ള രാഷ്ട്രീയ പ്രവർത്തനമാണ് സാഹിത്യരചനയെന്ന് വയലാർ സമർഥമായി തെളിയിച്ചു. എഴുതിയും പറഞ്ഞും പാടിയുമാണ് ആധുനികകേരള സൃഷ്ടിയിൽ അദ്ദേഹം പങ്കാളിയായത്. സഹവർത്തിത്വത്തോടെ കഴിഞ്ഞവരെ ആര്യവൽക്കരണമാണ് ചാതുർവർണ്യത്തിലൂടെ പരസ്പരം അകറ്റിയത്. ഈ ദുരവസ്ഥയ്ക്ക് എതിരെ വയലാർ രചനകളിലൂടെ പടവാളുയർത്തി. വരേണ്യതയിലേക്ക് ഒരിക്കലും വഴിമാറാതെ മനുഷ്യനെന്ന ചിന്ത അദ്ദേഹം ഉയർത്തിപ്പിടിച്ചു. കമ്യൂണിസ്‌റ്റ് തത്വശാസ്‌ത്രത്തെ നെഞ്ചേറ്റിയ അദ്ദേഹം കേവലം പ്രത്യയശാസ്‌ത്ര പ്രചാരണമാകാതെ കഥപറച്ചിലിന്റെ രീതിയാണ് സൃഷ്ടികളിൽ സമർഥമായി സ്വീകരിച്ചത്. രാജ്യം ഇന്ന് നേരിടുന്ന സാമൂഹ്യ രാഷ്ട്രീയ സാഹചര്യത്തിൽ ഭൂതകാലത്തിലെ വയലാറിനെ വർത്തമാനത്തിലേക്കും ഭാവിയിലേക്കും തിരിച്ചെത്തിക്കേണ്ടതുണ്ട്. ഭാവിയിലേക്കുള്ള കരുത്താണ് വയലാറെന്നും അദ്ദേഹം പറഞ്ഞു.









0 comments