Deshabhimani

കുട്ടികളിലെ ഫോൺ ഉപയോഗം ഗുണപരമാക്കും മൊബൈലിനെ വരുതിയിലാക്കാൻ കമ്പല്ലൂർ

കമ്പല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിന്റെ ‘നമുക്ക് മുന്നേറാം’ കാമ്പയിന്റെ ഭാഗമായുള്ള പ്രാദേശിക കൂട്ടായ്മ ബെഡൂരിൽ വെസ്റ്റ് എളേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി വി അനു ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Oct 28, 2026, 03:00 AM | 2 min read

കമ്പല്ലൂർ കുട്ടികളിലെ മൊബൈൽ ഫോൺ ഉപയോഗത്തെ വരുതിയിലാക്കാനും ഗുണപരമായി പരിവർത്തിപ്പിക്കാനും പ്രാദേശിക കൂട്ടായ്മകളുമായി സഹകരിച്ച്‌ കമ്പല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ. പ്രാദേശികതലങ്ങളിൽ വിപുലമായ ജനകീയ ചർച്ചകളിലൂടെയാണ്‌ പദ്ധതി തയ്യാറാക്കുന്നത്‌. രക്ഷിതാക്കൾ, നാട്ടുകാർ, പൂർവവിദ്യാർഥികൾ, പൊതുപ്രവർത്തകർ എന്നിവരുടെ പങ്കാളിത്തത്തോടെയാണ്‌ ‘നമുക്ക് മുന്നേറാം’ എന്നപേരിൽ കാമ്പയിൻ. ബെഡൂരിൽ പ്രാദേശികതല യോഗം വെസ്റ്റ് എളേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി വി അനു ഉദ്ഘാടനംചെയ്തു. യോഗങ്ങൾ ബഹുജന പങ്കാളിത്തം, ചർച്ചകൾ എന്നിവയാൽ ശ്രദ്ധേയമായി. 13 പ്രാദേശികതല യോഗങ്ങൾ പൂർത്തിയായി. സംസ്ഥാനത്തെ മികച്ച വിദ്യാലയമായി തെരഞ്ഞെടുത്ത കമ്പല്ലൂർ സ്കൂളിന്റെ തനതു സവിശേഷതയാണ് സംഘടിതമായ പ്രാദേശിക വിദ്യാഭ്യാസ സമിതികളുടെ കൂട്ടായ്മ. സ്കൂളിന്റെ വിവധ പ്രവർത്തനങ്ങൾക്ക് ശക്തമായ ജനകീയ അടിത്തറ ഉറപ്പുവരുത്തുകയാണ് പ്രാദേശിക വിദ്യാഭ്യാസ സമിതികളുടെ പ്രധാന ലക്ഷ്യം. കുട്ടികളുടെ വിദ്യാഭ്യാസം രക്ഷിതാക്കളുടൊപ്പം സമൂഹത്തിന്റെ കൂട്ടുത്തരവാദിത്തമാക്കി മാറ്റാൻ സമിതികൾക്ക് സാധിക്കുന്നു. മൊബൈൽ ഫോണിന്റെ അമിതമായ ഉപയോഗം വ്യക്തികളിൽ വരുത്തുന്ന മാറ്റങ്ങളെയും വ്യക്തിബന്ധങ്ങളിൽ ചെലുത്തുന്ന സ്വാധീനങ്ങളെയും ഗൗരവമായി പരിശോധിച്ച് അവയെ എങ്ങനെ മറികടക്കാം എന്ന ഗൗരവമേറിയ ചർച്ചകളാണ് ബഹുജന സംവാദങ്ങളിൽ നടക്കുന്നത്. കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗത്തെക്കുറിച്ച് രക്ഷിതാക്കളിൽ നടത്തിയ സർവ്വേയിലെ നിരീക്ഷണങ്ങളും അവയിൽ കണ്ടെത്തിയ പ്രശ്നങ്ങൾക്ക് പരിഹാരമായി ഈ മേഖലയിലെ വിദഗ്ധരുടെ കൂട്ടായ്മയിൽ ഉരുതിരിഞ്ഞ പരിഹാര മാർഗങ്ങളുമാണ് യോഗങ്ങളിലെ പ്രധാന ചർച്ചാവിഷയം. കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗം പരിമിതപ്പെടുത്താനും അവയെ പഠനാനുകൂലമായി മാറ്റാനുമുള്ള വഴികളും യോഗങ്ങൾ ചർച്ചചെയ്യുന്നു. കുട്ടികളിൽ ബോധവൽക്കരണം നടത്തിയും പഠന പ്രവർത്തനങ്ങളിൽ കൃത്രിമ ബുദ്ധി ഉൾപ്പെടെ ഉപയോഗപ്പെടുത്തി കുട്ടികൾക്ക് കൂടുതൽ പ്രവർത്തനങ്ങൾ നൽകുന്നതിനുള്ള പരിശീലനങ്ങൾ അധ്യാപകർക്ക് നൽകുവാനും പദ്ധതിയിടുന്നു. ഈ അക്കാദമിക വർഷത്തോടുകൂടിതന്നെ എല്ലാ രക്ഷിതാക്കളുടെ ഫോണുകളിലും പാരന്റൽ കൺട്രോൾ സംവിധാനങ്ങൾ ഉറപ്പുവരുത്തുകയും ക്യാമ്പയിനിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ്. 24 പ്രാദേശിക വിദ്യാഭ്യാസ സമിതികളിലായി രണ്ടായിരത്തിലേറെ ആളുകളുമായി ഈ വിഷയങ്ങൾ സംവദിക്കുവാനും അവരുടെ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി ഉചിതമായ മാറ്റങ്ങൾ വരുത്തി, നടപ്പിൽവരുത്തുവാനുമാണ് ‘നമുക്ക് മുന്നേറാം’ എന്ന കാമ്പയിൻ ആസൂത്രണംചെയ്തിട്ടുള്ളത്. ബെഡൂർ, ചെമ്മരംകയം, പാടിക്കൊച്ചി, കുന്നുംകൈ, കടുമേനി, ചെറുപുഴ, പാടിയോട്ടുചാൽ, കാക്കടവ്, കമ്പല്ലൂർ സെൻട്രൽ, കൊല്ലാട ഈസ്റ്റ്, പെരുമ്പട്ട, കമ്പല്ലൂർ വെസ്റ്റ്, നെടുങ്കല്ല് എന്നീ പ്രാദേശിക വിദ്യാഭ്യാസ സമിതികൾ ഇതിനോടകം യോഗം ചേർന്നു. ചെറുകുറുപ്പ, കാട്ടിപ്പൊയിൽ, കമ്പല്ലൂർ ഈസ്റ്റ്, കമ്പല്ലൂർ ടൗൺ, നല്ലോമ്പുഴ, പൂങ്ങോട്, ആയന്നൂർ, പെരളം, ഓട്ടപ്പടവ്, മൗക്കോട് എന്നീ യോഗങ്ങൾക്കുശേഷം ഒക്ടോബർ 31ന് കൊല്ലാട വെസ്റ്റിൽ നടക്കുന്ന യോഗത്തിൽ കാമ്പയിൻ പ്രവർത്തനങ്ങളുടെ ആദ്യഘട്ടം പൂർത്തിയാകും. ജനകീയ പിന്തുണ ഊട്ടിയുറപ്പിച്ച് സാമൂഹിക പ്രാധാന്യമുള്ള പ്രവർത്തനങ്ങളിലേക്ക് കൂടുതൽ വ്യാപരിക്കുകയാണ് ജില്ലയിലെ ഈ മാതൃകാ വിദ്യാലയം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home