മണാലിയുടെ ആകാശത്തൊരു ചിത്രസഞ്ചാരം

കൂത്തുപറമ്പ് പ്രകൃതിയൊരുക്കിയ അതിമനോഹര ദൃശ്യംപോലെ ഒരുങ്ങിനിൽക്കുന്ന മണാലിയുടെ ആകാശത്ത്, സമുദ്രനിരപ്പിൽനിന്ന് 8000 അടി ഉയരത്തിലിരുന്ന് അവർ നാലുപേർ ചിത്രംവരച്ചു. ചിത്രകാരന്മാരായ ഡാവിഞ്ചി സുരേഷ്, ഷൈജു കെ മാലൂർ, വിപിൻ ഇരിട്ടി, താടിക്കാരൻ രതീഷ് എന്നിവരായിരുന്നു മണാലിയുശട ആകാശത്ത് ചരിത്രമായ ചിത്രരചനയ്‌ക്ക് പിറകിൽ. പാരാഗ്ലൈഡിങ്ങിനിടെ, എ3 വലുപ്പത്തിലുള്ള പേപ്പറിൽ സോഫ്റ്റ് പേസ്റ്റൽ ഉപയോഗിച്ച് ഇത്തരത്തിലൊരു ചിത്രരചന അപൂർവമാണ്. ശക്തമായ കാറ്റും തണുപ്പും അതിജീവിച്ച്, സുരക്ഷാ ബെൽറ്റ് ധരിച്ച് എട്ടു മിനിറ്റിലാണ് ഒരു കൈയിൽ കാമറയും മറ്റേ കൈയിൽ പേസ്റ്റലും ഉപയോഗിച്ച് ഇവർ ചിത്രങ്ങൾ പൂർത്തിയാക്കിയത്. ‘ഡ്രീം 4’ സംഘം കഴിഞ്ഞ ദിവസമാണ് വേറിട്ട ആശയവുമായി മണാലിയിലേക്ക് പുറപ്പെട്ടത്. വയനാട് വാർഡ് 80ൽനിന്ന് ആരംഭിച്ച യാത്രയ്‌ക്കിടയിൽ ട്രെയിനിലും താജ്മഹൽ, ഇന്ത്യാ ഗേറ്റ് തുടങ്ങിയ സ്ഥലങ്ങളിലും ഡൽഹിയിലെ കുട്ടികളുടെ ക്യാമ്പിലും ഹിമാചൽപ്രദേശിലെ ഹഡിംബ ക്ഷേത്രത്തിന്റെ സാംസ്കാരിക പശ്ചാത്തലമായും ചിത്രങ്ങൾ വരച്ചാണ് മണാലിയിലേക്കെത്തിയത്. രണ്ടര കിലോമീറ്റർ ട്രക്കിങ് നടത്തി 9000 അടി ഉയരത്തിലെ ലയൺ റോക്കിലും സംഘം ചിത്രരചന നടത്തി. റോത്തങ് പാസിലെ മഞ്ഞുമലകളുടെ ദൃശ്യങ്ങൾ കാൻവാസിലാക്കിയശേഷമാണ് ഒമ്പതാം ദിവസം മണാലിയിൽ പാരാഗ്ലൈഡിങ്ങിനെത്തിയത്. ഹൈനസ് വയനാട് ടീം ലീഡറായും സിംബാദ് കാമറാമാനായും യാത്രാസംഘത്തിനൊപ്പമുണ്ട്. മണാലിയിലെ ചിത്രരചനയ്ക്ക് ഹോളിബാബ നിഷാൽ പിന്തുണ നൽകി. 15ന് ആരംഭിച്ച യാത്ര 30ന് സമാപിക്കും. നേരത്തേ സംഘത്തിന് കൂത്തുപറമ്പ് വരയിടത്തിൽ യാത്രയയപ്പ് നൽകിയിരുന്നു. യാത്രയ്‌ക്കിടെ വരച്ച നൂറിൽപ്പരം ചിത്രങ്ങളുടെ പ്രദർശനം പിന്നീട് ഒരുക്കും.








0 comments