ഓർമയിൽ നടുക്കം മാറാതെ

നീലേശ്വരം ഒരു കളിയാട്ടക്കാലംകൂടി വന്നെത്തി; നീലേശ്വരത്തുകാരുടെ നടുക്കം ഇപ്പോഴും വിട്ടുമാറിയിട്ടില്ല, ആ ദിനം ഭീതിയോടെയാണ് ഇന്നും അവർ ഓർക്കുന്നത്. വടക്കേ മലബാറിൽ തെയ്യക്കാലത്തിന് തുടക്കംകുറിക്കുന്ന നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരര്‍ കാവിൽ 2024 ഒക്ടോബര്‍ 28നാണ് നാടിനെ നടുക്കിയ വെടിക്കെട്ട് അപകടമുണ്ടായത്. രണ്ടുവര്‍ഷം തികയുമ്പോള്‍ ആ ദുരന്ത ദിവസത്തെക്കുറിച്ച് ഓർക്കാൻപോലും ആളുകൾ ഭയക്കുന്നു. ദേഹമാസകലം പൊള്ളലേറ്റ് ആറുപേരാണ് നീറി മരിച്ചത്. ഇരുന്നൂറിലേറെ പേർക്ക് ഗുരുതര പൊളലേറ്റു. അത്യുത്തര കേരളത്തിലെ ആദ്യ കളിയാട്ടംകാണാൻ നാടിന്റെ നാനാഭാഗങ്ങളിൽനിന്ന് ആയിരങ്ങൾ എത്തിയിരുന്നു. പ്രധാന ആരാധനാമൂർത്തിയായ മൂവാളംകുഴി ചാമുണ്ഡിയുടെ വെള്ളാട്ടം ഉറഞ്ഞാടുമ്പോൾ പതിവുപോലെ കമ്പ വെടിക്ക് തിരികൊളുത്തി. എന്നാൽ ഇതിൽനിന്ന് തീപ്പൊരി ചിതറിവീണത് തൊട്ടടുത്തുള്ള വെടികൾ സൂക്ഷിച്ച കമ്പപ്പുരയിലേക്കായിരുന്നു. ക്ഷണനേരംകൊണ്ട് ക്ഷേത്രമുറ്റം തീഗോളമായിമാറി. ആഘോഷാരവങ്ങള്‍ നിലവിളികൾക്ക് വഴിമാറി. പാതിവെന്ത ശരീരവുമായി ജീവനുവേണ്ടി പിടയുന്നവരും പ്രിയപ്പെട്ടവരെ തിരഞ്ഞ് അലറിവിളിക്കുന്നവരുമായി ക്ഷേത്രപരിസരംമാറി ചോയ്യങ്കോട് മഞ്ഞളംകാട്ടെ കെ ബിജു, കിനാനൂരിലെ യു രതീഷ്, കെ വി രജിത്ത്, ചോയ്യങ്കോട് കിനാനൂർ റോഡിലെ സി സന്ദീപ്, ചെറുവത്തൂർ ഓർക്കുളത്തെ ഷിബിൻരാജ്, നീലേശ്വരം തേർവയലിലെ പി സി പത്മനാഭൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. സംസ്ഥാന സര്‍ക്കാര്‍ അപകടം ദുരന്തമായി പ്രഖ്യാപിച്ച് ചികിത്സാച്ചെലവ് മുഴുവൻ ഏറ്റെടുക്കുകയും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തികസഹായം നല്‍കുകയും ചെയ്തിരുന്നു. ഗുരുതര പരിക്കേറ്റ പലര്‍ക്കും ഇന്നും സാധാരണ ജീവിതത്തിലേക്ക് മടങ്ങാനായിട്ടില്ല. സംഭവത്തിൽ ഒമ്പത് പേർക്കെതിരെ നരഹത്യ കുറ്റം ചുമത്തി കേസെടുത്തിരുന്നു. കേസിൽ ഈ വർഷം ഏപ്രിൽ 30 ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ പി സുരേഷ് ബാബു ഹൊസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ജൂലൈ 17ന് കോടതി കുറ്റപത്രം സ്വീകരിച്ചു. മുന്നറിയിപ്പ് വകവയ്ക്കാതെ പടക്കം സൂക്ഷിച്ച കെട്ടിടത്തിന് സമീപം അശ്രദ്ധമായി പടക്കം പൊട്ടിച്ചതാണ് അപകടകാരണമെന്നാണ് 1200 പേജുള്ള കുറ്റപത്രത്തിൽ പറയുന്നത്. പ്രതികൾക്കെതിരെ എക്സ് പ്ലോസിവ് ആക്റ്റ് പ്രകാരം നരഹത്യ കുറ്റം ചുമത്തിയാണ് കേസെടുത്തത്. ഒന്നരവർഷത്തിലധികം നീണ്ട അന്വേഷണത്തിൽ 216 സാക്ഷികളിൽനിന്നാണ് അന്വേഷണസംഘം മൊഴിയെടുത്തത്. കാഞ്ഞങ്ങാട് ഡിവൈഎസ്പിയായിരുന്ന ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.








0 comments