print edition സമരപാഠങ്ങൾ, കെടാത്ത കൈത്തിരി നാളങ്ങൾ


സ്വന്തം ലേഖകൻ
Published on Oct 28, 2026, 01:30 AM | 1 min read
ആലപ്പുഴ: കോളനിവാഴ്‌ചയുടെയും ജന്മിത്വത്തിന്റെയും അടിവേരറുത്ത് തിരുവിതാംകൂറിലെ തൊഴിലാളിവർഗം ആധുനിക ജനാധിപത്യ – പുരോഗമന – മതനിരപേക്ഷ കേരളത്തിന് അടിത്തറപാകിയ ഐതിഹാസിക സമരമാണ് പുന്നപ്ര – വയലാർ. ആ സാമൂഹ്യ – സാംസ്‌കാരിക മുന്നേറ്റത്തിന്റെ കൈവഴികളും അനുഭവപാഠങ്ങളും ചേർത്തുവയ്‌ക്കുകയാണ് സമരത്തിന്റെ 80–ാം വാർഷികത്തിൽ ദേശാഭിമാനി പുറത്തിറക്കിയ ‘സ്‌പന്ദിക്കുന്ന സമരാങ്കണം’ എന്ന സ്‌മരണിക. അടിമച്ചങ്ങലകൾ പൊട്ടിച്ച് പുന്നപ്ര – വയലാർ വിമോചിപ്പിച്ച ജനത ഇന്ന് ലോകോത്തര ജീവിതനിലവാര സൂചികകളോട് കിടപിടിക്കുന്ന ഗ്ലോബൽ സമൂഹമായതിന്റെ പരിണാമവഴികൾ തുടർപ്രയാണങ്ങൾക്കായി തെളിച്ചെടുക്കുകയാണ് ഇൗ ദൗത്യം.
സമരത്തിലേക്ക് നയിച്ച സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ, പണിമുടക്കിന് ഉന്നയിച്ച 27 ആവശ്യങ്ങൾ, സമരം നയിച്ച നേതാക്കൾ, സമരദിനങ്ങൾ എന്നിവ സ്‌മരണിക വിവരിക്കുന്നു. ഐക്യകേരളത്തിന്റെ രൂപീകരണത്തിലും മതനിരപേക്ഷഘടനയുടെ സ്വാംശീകരണത്തിലും സമരം ചെലുത്തിയ സ്വാധീനവും ഒപ്പം ചർച്ചചെയ്യുന്നു. സമരകാലത്ത് ജീവിച്ചിരുന്നവരുമായുള്ള അഭിമുഖത്തോടൊപ്പം സമരം സാഹിത്യത്തിലും കലാ സാംസ്‌കാരിക മുന്നേറ്റത്തിലും ചെലുത്തിയ സ്വാധീനവും വിവരിക്കുന്നു.
ആദിമകാലത്തെ ജനവാസസമൂഹം, ബുദ്ധമതത്തിന്റെ സ്വാധീനം, തുറമുഖനഗരത്തിന്റെ ഉദയം എന്നിവയും പ്രതിപാദിക്കുന്നു. ആലപ്പുഴക്കാരായ പ്രമുഖ സാഹിത്യകാരന്മാർ, ശാസ്‌ത്രജ്ഞർ, കലാകാരന്മാർ എന്നിവരെക്കുറിച്ചുള്ള വിവരണവുമുണ്ട്. നാടൻകലാ പാരന്പര്യവും കഥകളിയും വള്ളംകളിയുമുണ്ട്. നാടക – ചലച്ചിത്രപ്പെരുമയും പഠനവിഷയമാണ്.
എങ്ങനെയാണ് ജാതിവിരുദ്ധ സമരത്തെയും തൊഴിലാളിവർഗ രാഷ്‌ട്രീയത്തെയും സാമൂഹ്യമാറ്റത്തിന് സംയോജിപ്പിക്കുകയെന്നതിന് പുന്നപ്ര– വയലാറിന്റെ വിജയപാഠം വഴികാട്ടിയാണ്. അമേരിക്കൻ മോഡലിന്റെയും സ്വതന്ത്ര തിരുവിതാംകൂർ വാദത്തിന്റെയും വിഘടനനീക്കങ്ങളെ തകർത്ത തൊഴിലാളികളുടെ ജീവത്യാഗവും രാഷ്‌ട്രീയ പ്രതിബദ്ധതയും ഏറെ പ്രസക്തമായ കാലമാണിന്ന്. കേവലം ഓർമകളുടെ കണക്കെടുപ്പല്ല ചരിത്രമെന്നും അനുഭവപാഠങ്ങളിലൂടെ ഭാവിയെ ആവിഷ്‌കരിക്കുന്നതിനുള്ള മാർഗദർശിയാണെന്നുമുള്ള കാഴ്‌ചപ്പാടിലാണ് സ്‌മരണികയുടെ ഉള്ളടക്കവും ആവിഷ്‌കാരവും. ഗവേഷണപഠനങ്ങളും ലേഖനങ്ങളുമടക്കം 300 പേജുവരുന്ന സ്‌മരണികയ്‌ക്ക് 300 രൂപയാണ് വില.









0 comments