Deshabhimani

print edition ഉമ തോമസിന്റേത്‌ ഇരയെ
പ്രതിയാക്കുന്ന പരാമർശം: എസ്‌എഫ്‌ഐ

uma thomas

ഉമ തോമസ്‌

വെബ് ഡെസ്ക്

Published on Oct 28, 2026, 01:30 AM | 1 min read

തിരുവനന്തപുരം: രക്തസാക്ഷികളെ അപമാനിക്കുന്നതരത്തിൽ നിയമസഭയിൽ ഉമ തോമസ്‌ എംഎൽഎ നടത്തിയ പ്രസ്‌താവന ഹീനമാണെന്നും തിരുത്തണമെന്നും എസ്‌എഫ്‌ഐ. ഇരയെ പ്രതിയാക്കുന്ന, അക്രമരാഷ്‌ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന പരാമർശമാണ്. എസ്‌എഫ്‌ഐവിരുദ്ധത ബാധിച്ചാൽ എന്തുംപറയാമെന്ന ധാരണ തെറ്റാണ്‌. കെഎസ്‌യു–യൂത്ത്‌ കോൺഗ്രസ്‌ ക്രിമിനലുകളാൽ വേട്ടയാടപ്പെട്ട മനുഷ്യരുടെ പേരുവച്ചാണ്‌ ഇത്തരം രാഷ്‌ട്രീയക്കളികൾ. കോൺഗ്രസ്‌ രാഷ്‌ട്രീയത്താൽ കൊല ചെയ്യപ്പെട്ടവരെ കുറ്റക്കാരാക്കുകയാണ്‌. തലശേരി ബ്രണ്ണൻ കോളേജിൽ അഷ്‌റഫ്‌, സി വി ജോസ്‌, ജി ഭുവനേശ്വരൻ, എം എസ്‌ പ്രസാദ്‌, അവസാനമായി ധീരജ്‌ ഉൾപ്പെടെ 13 മനുഷ്യരെയാണ്‌ കോൺഗ്രസ്‌ കൊന്നുതള്ളിയത്‌. സൈമൺ ബ്രിട്ടോയെ ചക്രക്കസേരയിലേക്ക്‌ മാറ്റിയതിൽ പ്രതിചേർക്കപ്പെട്ട കുറ്റാരോപിതന്റെ പേര്‌ പി ടി തോമസ്‌ എന്നാണ്‌. ചരിത്രം അറിയില്ലെങ്കിൽ അതു മനസ്സിലാക്കണം.


കൊലചെയ്യപ്പെട്ട സഖാക്കളുടെ പേരു പറഞ്ഞ്‌ അവിടെ പുതിയ ഒരാൾ വരണോ എന്ന ചോദ്യം ഉമ തോമസ്‌ സ്വയം ചോദിക്കുന്നതാണ്‌ ഉചിതം. ഇതിലുള്ള ആശങ്ക അറിയിക്കേണ്ടത്‌ കെപിസിസി ഓഫീസിലും കെഎസ്‌യുവിന്റെയും യൂത്ത്‌ കോൺഗ്രസിന്റെയും ഗുണ്ടകളോടും നേതാക്കന്മാരോടുമാണ്. കോൺഗ്രസ്‌ ഇവരെയൊക്കെ കൊലപ്പെടുത്തിയില്ലായിരുന്നെങ്കിൽ മഹാരാജാസ്‌ കോളേജ്‌ ഭിത്തിയിൽ ഇ‍ൗ പടങ്ങൾ ഉണ്ടാകുമായിരുന്നില്ല. കൊന്നതിനുശേഷവും ആ പേരുകൾ അവരെ വേട്ടയാടുന്നു എന്നതാണ്‌ സത്യം. ഇ‍ൗ ചുവരുകളിലെ പേരുകൾ എന്തുകൊണ്ടുണ്ടായി എന്ന്‌ അന്വേഷിക്കണം. 1970 മുതൽ 2026 വരെയും അത്‌ ആവർത്തിക്കുന്നത്‌ എങ്ങനെയെന്ന്‌ തിരിച്ചറിയണം. തിരുത്തേണ്ടവർ ആരാണോ അവർ എസ്‌എഫ്‌ഐക്കെതിരെ കുറ്റപത്രം വായിക്കുകയാണ്‌. വിദ്യാർഥികളെ കൊലപ്പെടുത്തുന്ന രാഷ്‌ട്രീയത്തെ വിദ്യാർഥികൾ അറബിക്കടലിൽ വലിച്ചെറിഞ്ഞതിന്റെ തെളിവാണ്‌ കലാലയങ്ങളിൽ എസ്‌എഫ്‌ഐക്ക്‌ കിട്ടിയ വിജയം. എസ്‌എഫ്‌ഐ ഉള്ളിടത്തോളം രക്തസാക്ഷികളുടെ പേര്‌ ഇനിയും ഉയർന്നുകേൾക്കും. ഇത്തരം പ്രസ്‌താവന ആവർത്തിച്ചാൽ എസ്‌എഫ്‌ഐ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home