തോട്ടിലെ വെള്ളത്തിന് ചുവപ്പ്; പരിസരവാസികൾ ആശങ്കയിൽ

പേരാമ്പ്ര മരക്കാടി തോട്ടിൽ ചുവന്നജലമൊഴുകുന്നു
പേരാമ്പ്ര പേരാമ്പ്ര ടൗണിലെ മരക്കാടി തോട്ടിൽ ചുവന്ന വെള്ളം. കാരണം കണ്ടെത്താനാകാതെ അധികൃതരും പരിസരവാസികളും ആശങ്കയിൽ. പേരാമ്പ്ര മത്സ്യ മാർക്കറ്റിന് പടിഞ്ഞാറുവശത്തെ തോട്ടിലാണ് ചുവന്ന ജലപ്രവാഹമുണ്ടായത്. ചൊവ്വ രാവിലെ ഒമ്പതോടെയാണ് പരിസരവാസികൾ ചുവന്ന വെള്ളം ഒഴുകുന്നതുകണ്ടത്. വിവരമറിഞ്ഞ് ധാരാളം പേർ തടിച്ചുകൂടി. ആരോഗ്യവകുപ്പ് അധികൃതരെത്തി വെള്ളം പരിശോധനക്കായി ശേഖരിച്ചു. സംഭവത്തെത്തുടർന്ന് തോടിന്റെ പരിസരങ്ങളിലെ വെള്ളം കുടിക്കുന്നതും തോട്ടിൽ കുളിക്കുന്നതും അലക്കുന്നതും പേരാമ്പ്ര താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ വിലക്കി. തിളപ്പിച്ചാറിയ വെള്ളംമാത്രമേ ഉപയോഗിക്കാവൂവെന്ന് നിർദേശം നൽകി. ബുധനാഴ്ച പ്രദേശത്ത് ക്ലോറിനേഷൻ നടത്തും. സമീപത്തെ കിണറുകളിലേക്ക് ചുവന്ന വെള്ളം ഒലിച്ചിറങ്ങുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ. മുമ്പ് മരക്കാടിതോട്ടിൽ കറുത്ത വെള്ളമൊഴുകി മത്സ്യങ്ങളും പാമ്പുകളും ചത്തുപൊങ്ങിയിട്ടും അധികൃതർ നടപടിയെടുത്തില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു. മരക്കാടി തോട്ടിൽ ചുവന്ന വെള്ളം ഒഴുകിയ സംഭവത്തിൽ സമഗ്രാന്വേഷണം നടത്തി വസ്തുത പുറത്തുകൊണ്ടുവരണമെന്നും ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും സിപിഐ എം പേരാമ്പ്ര വെസ്റ്റ് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.









0 comments