Deshabhimani

നാല്‌ മാസത്തിനിടെ 400 സ്വകാര്യ ബസുകൾ 
പൂർണമായും മൂവായിരത്തോളം എണ്ണം 
ഭാഗികമായും സർവീസ്‌ അവസാനിപ്പിച്ചു

പ്രിയദർശിനി ജീവിതം തകർക്കുന്നു ; നവംബർ 3 മുതൽ സ്വകാര്യ ബസ്‌ പണിമുടക്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 28, 2026, 12:29 AM | 1 min read

പാലക്കാട്‌

സംസ്ഥാനത്ത്‌ നവംബർ മൂന്ന്‌ മുതൽ സ്വകാര്യ ബസുകൾ സർവീസ്‌ നിർത്തിവച്ച്‌ അനിശ്ചിതകാല പണിമുടക്ക്‌ നടത്തും. കെഎസ്‌ആർടിസി ബസുകളിൽ സ്‌ത്രീകൾക്ക്‌ സ‍ൗജന്യയാത്ര അനുവദിച്ച പ്രിയദർശിനി പദ്ധതിയെ തുടർന്നുണ്ടായ നഷ്ടത്തിന് സർക്കാർ പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ചാണ് സമരം. ബസ്‌ ഉടമകളുടെ സംയുക്ത സമിതിയുടേതാണ്‌ തീരുമാനം. സംസ്ഥാനത്തെ ഏഴായിരത്തിലധികം ബസുകൾ സമരത്തിന്റെ ഭാഗമാകും. പ്രിയദർശിനി പദ്ധതി ആരംഭിച്ചശേഷം 400 സ്വകാര്യ ബസുകൾ പൂർണമായും മൂവായിരത്തോളം എണ്ണം ഭാഗികമായും സർവീസ്‌ അവസാനിപ്പിച്ചു. സ്വകാര്യ ബസ്‌ മേഖലയെ തകർത്തശേഷം കോർപ്പറേറ്റുകൾക്ക്‌ അവസരമൊരുക്കാനാണ്‌ സർക്കാർ ശ്രമിക്കുന്നതെന്ന്‌ ബസുടമകൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. 16ന്‌ സമരത്തിന്‌ നോട്ടീസ്‌ നൽകിയതാണ്‌. പതിനൊന്ന്‌ ദിവസം കഴിഞ്ഞിട്ടും അനുകൂല നടപടി സർക്കാരിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായില്ല. ഡീസൽ അടിക്കാനും തൊഴിലാളികൾക്ക്‌ കൂലി കൊടുക്കാനും കഴിയാത്ത സ്ഥിതിയാണ്‌. പെർമിറ്റ്‌ ടാക്‌സ്‌ കുറച്ചതുകൊണ്ട്‌ കാര്യമില്ല. ഒരു ദിവസം 100–138 രൂപയാണ്‌ ഇതുമൂലം കിട്ടുക. പ്രവർത്തന ചെലവ്‌ കുറയ്‌ക്കാൻ ഡീസലിന്‌ സബ്‌സിഡി അനുവദിക്കണമെന്ന്‌ അഭ്യർഥിച്ചെങ്കിലും അംഗീകരിച്ചില്ല. സെപ്‌തംബർ രണ്ടിന്‌ സമർപ്പിച്ച പത്മകുമാർ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പാക്കാതെ വീണ്ടും പുതിയ കമീഷനെ നിയോഗിച്ചു. 2022-ൽ നിശ്ചയിച്ച യാത്രാനിരക്കും 15 വർഷമായി മാറ്റമില്ലാതെ തുടരുന്ന വിദ്യാർഥികളുടെ നിരക്കും വർധിപ്പിക്കണം. സ്‌ത്രീകൾക്ക്‌ സ‍ൗജന്യ യാത്ര നടപ്പാക്കിയത്‌ വേണ്ടത്ര പഠനമില്ലാതെയാണ്‌. ടൈമിങ്‌ കോൺഫറൻസുകൾ ഓൺലൈനിൽ നടത്താനുള്ള ട്രാൻസ്‌ഫോർട്ട്‌ കമീഷറുടെ ഉത്തരവ്‌ പിൻവലിക്കുക, ഓട്ടോമാറ്റിക്‌ ടെസ്‌റ്റിങ്‌ സ്‌റ്റേഷൻ നിർത്തലാക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി ഗോപിനാഥൻ, സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എൻ വിദ്യാധരൻ, ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഗോകുലം ഗോകുൽദാസ്, ജില്ലാ പ്രസിഡന്റ്‌ കെ രാധാകൃഷ്‌ണൻ, പ്രൈവറ്റ്‌ ബസ്‌ ഓപ്പറേറ്റേഴ്സ് കോ–ഓർഡിനേഷൻ പ്രസിഡന്റ്‌ ബിബിൻ ആലപ്പാട്ട്‌, എ എസ്‌ ബേബി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home