അനാഥമാകുന്ന ആരോഗ്യം
മെഡിക്കൽ കോളേജിൽ ലാബ് പരിശോധന പ്രതിസന്ധിയിൽ

മഞ്ചേരി
മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെൻട്രൽ ലാബിൽ റീഏജന്റുകൾക്കും പരിശോധനാ കിറ്റുകൾക്കും ക്ഷാമം രൂക്ഷമായതോടെ രോഗനിർണയ പരിശോധനകൾ മുടങ്ങി. ഹൃദ്രോഗം, വൃക്ക, കരൾ, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളുമായി ബന്ധപ്പെട്ട പരിശോധനകളാണ് തടസ്സപ്പെട്ടത്. ഇതോടെ ചികിത്സക്കെത്തുന്ന രോഗികൾ ദുരിതത്തിലായി. ലിപിഡ് പ്രൊഫൈൽ പരിശോധനകൾ നിലച്ചതോടെ കൊളസ്ട്രോൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് ചികിത്സ തേടുന്നവരും പ്രതിസന്ധിയിലാണ്. റീഏജന്റുകൾ വിതരണംചെയ്യുന്ന കമ്പനികൾക്ക് നൽകാനുള്ള കുടിശ്ശിക ഒരുകോടി രൂപയായി ഉയർന്നതും ക്ഷാമത്തിന് കാരണമായി. കുടിശ്ശിക വർധിച്ചതോടെ മിക്ക കമ്പനികളും വിതരണം ഗണ്യമായി കുറച്ചു. പരിശോധനകൾക്ക് ആവശ്യമായ റീഏജന്റുകൾക്ക് പുറമേ ബയോകിറ്റുകളും ലഭ്യമല്ലാത്ത സ്ഥിതിയാണ്. പ്രതിസന്ധി തുടർന്നാൽ രക്തപരിശോധനയുൾപ്പെടെ കൂടുതൽ പരിശോധനകൾ മുടങ്ങുമെന്ന ആശങ്കയുമുണ്ട്. പ്രതിദിനം ലക്ഷക്കണക്കിന് രൂപയുടെ വരുമാനം ലഭിക്കുന്ന ലാബിൽ കമ്പനികൾക്ക് നൽകാനുള്ള തുക കുടിശ്ശികയാകുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം ഉയരുന്നു. ബില്ലുകൾ ബോധപൂർവം വൈകിപ്പിക്കുകയാണെന്നും റീഏജന്റ് ക്ഷാമത്തിന്റെ മറവിൽ രോഗികളെ ആശുപത്രിക്ക് പുറത്തുള്ള സ്വകാര്യ ലാബുകളിലേക്ക് അയക്കുന്നതിൽ ദുരൂഹതയുണ്ടെന്നും ആക്ഷേപമുണ്ട്. സാധാരണക്കാരായ രോഗികളെയാണ് പരിശോധനകൾ മുടങ്ങിയത് കൂടുതൽ ബാധിച്ചത്. മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉടമകൾക്ക് സൗജന്യമായോ കുറഞ്ഞ നിരക്കിലോ ലഭിക്കേണ്ട പരിശോധനകൾക്കായി സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടിവരുന്നത് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു. ആശുപത്രിയിൽ കുറഞ്ഞ ചെലവിൽ നടത്താൻ കഴിയുന്ന പരിശോധനകൾക്കുപോലും പുറത്തുപോയി വലിയ തുക ചെലവഴിക്കേണ്ട അവസ്ഥയാണുള്ളത്. പരിശോധനാഫലങ്ങൾ കൃത്യസമയത്ത് ലഭിക്കാത്തത് രോഗനിർണയത്തെയും തുടർചികിത്സയെയും ബാധിച്ചു.









0 comments