കലാഗ്രാമത്തിൽ സ്മാരകനിർമാണം നിലച്ചു
തുറക്കുമോ പ്രേംനസീർ സ്മാരകം

ഒന്നാംഘട്ട നിർമാണം പൂർത്തീകരിച്ച പ്രേംനസീർ സ്മാരകത്തിന്റെ തുടർപ്രവൃത്തികൾ നിലച്ചപ്പോൾ
ചിറയിൻകീഴ്
ചലച്ചിത്ര പ്രേമികളുടെയും ചിറയിൻകീഴ് നിവാസികളുടെയും എക്കാലത്തെയും അഭിലാഷമായ പ്രേംനസീർ സ്മാരകം എന്ന് തുറക്കുമെന്ന കാര്യത്തിൽ ഉറപ്പില്ല. ചലച്ചിത്ര വിദ്യാർഥികൾക്കും ചലച്ചിത്രപ്രേമികൾക്കും ഒരുപോലെ പ്രയോജനപ്പെടത്തക്കവിധം മൂന്ന് നിലകളിലായാണ് സ്മാരക നിർമാണം ആരംഭിച്ചത്. ഒന്നാംനില 7200, രണ്ടാംനില 4000, മൂന്നാംനിലയിൽ 3800 എന്നിങ്ങനെ 15,000 ചതുരശ്ര അടിയിൽ മൂന്ന് നിലകൾ. ശാർക്കര ക്ഷേത്രത്തിനുസമീപം മലയാളം പള്ളിക്കൂടത്തിന്റെ 62 സെന്റ് ഭൂമിയിലാണ് നിത്യഹരിതനായകന്റ പേരിൽ സാംസ്‌കാരിക സമുച്ചയം ഒരുങ്ങുന്നത്. രണ്ട് ഘട്ടങ്ങളിലായി 2.30 കോടി രൂപയാണ് സ്മാരക നിർമാണത്തിനായി എൽഡിഎഫ് സർക്കാർ അനുവദിച്ചത്. ഇതിൽ 98 ലക്ഷം രൂപ എംഎൽഎ ഫണ്ടും 1.32 കോടി രൂപ സാംസ്‌കാരിക വകുപ്പും അനുവദിച്ചിരുന്നു. ഒന്നാം നിലയുടെ നിർമാണം പൂർത്തിയാക്കി കഴിഞ്ഞ മാർച്ചിൽ ഉദ്ഘാടനവും നടത്തിയിരുന്നു. തുടർന്ന് മാസങ്ങളായി നിർമാണം മുടങ്ങിയതോടെ ഇവിടെ നിർമിച്ച ഓപ്പൺസ്റ്റേജും അനുബന്ധ ഇടങ്ങളും കാടുകയറുന്ന സ്ഥിതിയിലായി. അടുത്തഘട്ട നിർമാണത്തിനായി 58 ലക്ഷം രൂപ എംഎൽഎ ഫണ്ടും ബജറ്റ് വിഹിതമായി 2.5 കോടി രൂപയും അനുവദിച്ചതായും വിവരമുണ്ട്. നിർമാണസമിതിയുടെ നിർദേശ അടിസ്ഥാനത്തിൽ പ്ലാനിൽ ഭേദഗതി വരുത്തിയാണ് നിർമാണം നടത്തുകയെന്നും അധികൃതർ പറയുന്നു. സാങ്കേതിക അനുമതിലഭ്യമായ പ്ലാൻ നിലനിർത്തിക്കൊണ്ട് പുതുക്കിയ പദ്ധതി പ്രകാരം മൾട്ടിപർപ്പസ് ഹാൾ, ഡയസ്, ഗ്രീൻറും, മ്യൂസിയം, അഡ്‌മിൻ ഓഫീസ്, ശൗചാലയം, റിസപ്ഷൻ ഡെസ്‌ക്, ബാക്ക് ഓഫീസ് എന്നിവയാണ് നിർമിക്കുക. നസീർ മൺമറഞ്ഞിട്ട് 37 വർഷം പിന്നിടുമ്പോൾ ജന്മനാടായ ചിറയിൻകീഴിൽ നിത്യസ്മാരകം എന്നത് മലയാളിയുടെ ഏറെ നാളായുള്ള ആഗ്രഹമാണ്.









0 comments