നിലമ്പൂർ ഗവ. ജില്ലാ ആശുപത്രി
മോർച്ചറി നവീകരണത്തിൽ അഴിമതിയെന്ന് ആക്ഷേപം

ഒരുകോടി ചെലവിൽ നടക്കുന്ന നിലമ്പൂർ ഗവ. ജില്ലാ ആശുപത്രി മോർച്ചറി നവീകരണം
എടക്കര
ഒരുകോടി ചെലവിട്ട് നടക്കുന്ന നിലമ്പൂർ ഗവ. ജില്ലാ ആശുപത്രി മോർച്ചറി നവീകരണ പ്രവൃത്തിയിൽ വൻ ക്രമക്കേടെന്ന് ആരോപണം. പുതിയ കെട്ടിടംപോലും നിർമിക്കാതെയാണ് ജില്ലാ പഞ്ചായത്ത് ഒരുകോടി ചെലവിൽ മോർച്ചറി നവീകരിക്കുന്നത്. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണ സമിതിയാണ് നവീകരണത്തിന് തുക അനുവദിച്ചത്. നിലമ്പൂർ ഗവ. ജില്ലാ ആശുപത്രിയിൽ ഇത് സംബന്ധിച്ച ഒരു ഫയലുമില്ല. ജില്ലാ പഞ്ചായത്ത് നേരിട്ടാണ് പദ്ധതി. നിലവിലെ കെട്ടിടം വീതിയും നീളവും അൽപ്പം വർധിപ്പിക്കൽ, 12 ഫ്രീസർ, അതിലേക്കുള്ള ഉപകരണങ്ങൾ, ചുറ്റുമതിൽ തകർന്ന ഭാഗത്ത് പുനര്‍നിർമാണം എന്നിവക്കാണ് ഒരുകോടി ജില്ലാ പഞ്ചായത്ത് അനുവദിച്ചത്. എന്നാൽ 50 ശതമാനം തുകക്കുപോലും പ്രവൃത്തി നടക്കുന്നില്ലെന്നാണ് ആക്ഷേപം. ഏപ്രിലിലാണ് നിലമ്പൂർ ഗവ. ജില്ലാ ആശുപത്രിയിലെ മോർച്ചറി പ്രവൃത്തിക്കായി അടച്ചത്. പ്രവൃത്തി ഇഴഞ്ഞ് നീങ്ങുകയാണ്. ഒന്നര മാസംകൊണ്ട് തീർക്കാവുന്ന പ്രവൃത്തിയാണ് ഏഴ് മാസമായി നീളുന്നത്. നിലമ്പൂർ മേഖലയിലെ ആദിവാസി വിഭാഗങ്ങൾ ഉൾപ്പെടെ മരണപ്പെട്ടാൽ കിലോ മീറ്റർ താണ്ടി മഞ്ചേരി മെഡിക്കൽ കോളേജിലേക്കാണ് പോസ്റ്റ്മോർട്ടത്തിനായി ഇപ്പോൾ കൊണ്ടുപോകുന്നത്. തിങ്കളാഴ്ച ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ച ആദിവാസി യുവാവിനെയും മഞ്ചേരി മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്. അഴിമതി ലക്ഷ്യംവച്ചാണ് പ്രവൃത്തി കരാറുകാരൻ നീട്ടിക്കൊണ്ടുപോകുന്നതെന്നാണ് ആക്ഷേപം. പ്രവൃത്തി സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്.








0 comments