എംഎസ്‌സി എൽസ കപ്പലപകടം; പ്രത്യേക സമിതിക്ക് പ്രവർത്തനം തുടരാമെന്ന് ഹൈക്കോടതി

കൊച്ചി : കേരള തീരത്ത് അറബിക്കടലിൽ എംഎസ്‌സി എൽസ 3 കപ്പൽ മുങ്ങിയതിനെ തുടർന്നുള്ള പരിസ്ഥിതിനാശം വിലയിരുത്താനും നഷ്ടപരിഹാരം സംബന്ധിച്ച ചർച്ചകൾക്കുമായി സർക്കാർ രൂപീകരിച്ച പ്രത്യേക സമിതിക്ക് പ്രവർത്തനം തുടരാമെന്ന് ഹെെക്കോടതി. സമിതിയുടെ ചർച്ചകൾ തടഞ്ഞ് 2025 ജൂണിൽ പുറപ്പെടുവിച്ച ഉത്തരവിലെ നിയന്ത്രണം ജസ്റ്റിസ് വി രാജ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് നീക്കിയത്.
സമിതി രൂപീകരിച്ച് ഒരുവർഷം പിന്നിട്ടിട്ടും ചർച്ച തുടങ്ങിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ടി എൻ പ്രതാപൻ നൽകിയ ഉപഹർജിയിലാണ് നടപടി. സംസ്ഥാന സർക്കാർ നൽകിയ അഡ്മിറാൽറ്റി കേസിൽ കപ്പൽ കമ്പനി 1,227.62 കോടിയുടെ ബാങ്ക് ഗ്യാരന്റി സമർപ്പിച്ചിട്ടുണ്ടെന്നും ഹർജിയിൽ അറിയിച്ചു.
നഷ്ടപരിഹാരം സംബന്ധിച്ച വിലയിരുത്തലുകൾ, കടലിൽ നടത്തുന്ന മൾട്ടിബീം സർവേ റിപ്പോർട്ട് ലഭിച്ചശേഷമാകാം എന്നായിരുന്നു സർക്കാരിന്റെ നിലപാട്. അതേസമയം സമിതി പ്രവർത്തനം തുടരുന്നതിൽ എതിർപ്പില്ലെന്നും അറിയിച്ചു. കപ്പലിന്റെ ഉടമയുടെ ചെലവിലും ഉത്തരവാദിത്വത്തിലും മൾട്ടിബീം സർവേക്ക് സി-ട്രാക്ക് സർവീസസിനെ ചുമതലപ്പെടുത്താൻ തീരുമാനിച്ചതായി കേന്ദ്രസർക്കാരും അറിയിച്ചു.








0 comments