Deshabhimani

കായികമേള; അനാസ്ഥ തുടർന്നാൽ ഭക്ഷണം എസ്‌എഫ്‌ഐ ഉറപ്പാക്കും

p s sanjeev
വെബ് ഡെസ്ക്

Published on Oct 27, 2026, 10:11 PM | 1 min read

തിരുവനന്തപുരം : സംസ്ഥാന കായികമേളയിൽ പങ്കെടുക്കുന്ന കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും വൃത്തിയുള്ള ഭക്ഷണം സർക്കാർ ഉറപ്പാക്കിയില്ലെങ്കിൽ അതിനുള്ള നടപടി സ്വീകരിക്കുമെന്ന്‌ എസ്‌എഫ്‌ഐ. സംസ്ഥാന ചരിത്രത്തിൽത്തന്നെ കേട്ടുകേൾവിയില്ലാത്ത നിലയിലാണ്‌ കായികമേളയിൽ നടക്കുന്ന അനാസ്ഥ.


സംസ്ഥാനത്ത്‌ ഒരു പൊതുചടങ്ങിലും ഇത്തരമൊരവസ്ഥ ഉണ്ടായിട്ടില്ല. അഞ്ചുമാസംകൊണ്ട്‌ കേരളത്തെ യുഡിഎഫ്‌ സർക്കാർ താറുമാറാക്കി. കായികമേളയിൽ കുട്ടികൾക്ക്‌ നല്ല ഭക്ഷണം നൽകാതിരിക്കാൻമാത്രം സംസ്ഥാന ഖജനാവിൽ പണത്തിന്റെ ക്ഷാമമില്ല. തൃശൂരിൽ നടന്ന സംസ്ഥാന ഗെയിംസിനിടെ അക്വാട്ടിക്‌ കോംപ്ലക്‌സിൽ ഒരുക്കിയ ഷെഡിന്റെ മേൽക്കൂര തകർന്ന്‌ നിരവധി കുട്ടികൾക്കാണ്‌ പരിക്കേറ്റത്‌.


കുട്ടികൾക്ക്‌ ഒരുവിധത്തിലുമുള്ള അടിസ്ഥാനസ‍ൗകര്യം ഒരുക്കാതെ കുറ്റകരമായ രീതിയിലാണ്‌ സംഘാടനം. വിഷയത്തിൽ നിരുത്തരവാദപരമായ നിലപാടാണ്‌ സർക്കാർ സ്വീകരിക്കുന്നത്‌. കുട്ടികൾക്കുള്ള ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയിട്ടും വാർത്ത നൽകാൻപോലും പല മാധ്യമങ്ങളും തയ്യാറായില്ല. ഇതൊക്കെ സഹിക്കണമെന്നും സാധാരണമാണെന്നും എന്നനിലയിലാണ്‌ മാധ്യമങ്ങൾ വാർത്ത കൈകാര്യം ചെയ്‌തത്‌. എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌, കായികമേളയിൽ സസ്യാഹാരം നൽകുന്നതിനെവരെ വിവാദമാക്കിയിരുന്നു.


സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന പരിപാടിയിൽ നല്ല ഭക്ഷണം കൊടുക്കാനെങ്കിലും വിദ്യാഭ്യാസമന്ത്രി മുൻകൈയെടുക്കണം. സ്ഥിതി തുടർന്നാൽ എസ്‌എഫ്‌ഐ നേരിട്ട്‌ വിദ്യാർഥികൾക്ക്‌ വൃത്തിയുള്ള ഭക്ഷണം ഉറപ്പാക്കുമെന്നും സംസ്ഥാന സെക്രട്ടറി പി എസ്‌ സഞ്ജീവ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home