Deshabhimani

കളഞ്ഞുകിട്ടിയ ഫോൺ സ്റ്റേഷനിൽ ഏൽപ്പിച്ചു; മറിച്ച് വിറ്റ് പൊലീസുകാരൻ

Police.jpg

എ ഐ നിർമിത ചിത്രം

വെബ് ഡെസ്ക്

Published on Oct 27, 2026, 07:59 PM | 1 min read

തൃക്കരിപ്പൂർ: അതിഥിത്തൊഴിലാളിക്ക് കളഞ്ഞുകിട്ടി പൊലീസ് സ്‌റ്റേഷനിൽ ഏൽപ്പിച്ച മൊബൈൽ ഫോൺ പൊലീസുകാരൻ മോഷ്‌ടിച്ചു വിറ്റു. സംഭവത്തിൽ ചന്തേര സ്‌റ്റേഷനിലെ സിവിൽ പൊലീസ്‌ ഓഫീസർ തിരുവനന്തപുരം സ്വദേശി ബൈജുവിനെതിരെ കേസെടുത്തു.


പാറാവ് ബുക്കിൽ രേഖപ്പെടുത്തി സൂക്ഷിച്ച ഫോൺ ഡ്യൂട്ടിയിലുണ്ടായിരുന്ന ബൈജു മോഷ്‌ടിച്ച്‌ മറ്റൊരാൾക്ക് വിൽക്കുകയായിരുന്നു. സൈബർ പരിശോധനയിൽ ഫോൺ വാങ്ങിയ ആളെ കണ്ടെത്തി. പൊലീസുകാരനാണ് തനിക്ക് ഫോൺ തന്നതെന്ന് വാങ്ങിയ ആൾ സമ്മതിച്ചു.


ഈ മാസം 12 നാണ് 10,000 രൂപ വിലയുള്ള ഫോൺ സ്‌റ്റേഷനിൽനിന്ന്‌ മോഷണം പോയത്. സിപിഒ ബൈജുവാണ്‌ ഫോൺ മോഷ്ടിച്ചതെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥന് വ്യക്തമായിരുന്നു. സ്‌റ്റേഷനിലെ സിസിടിവി ദൃശ്യം പരിശോധിച്ചപ്പോൾ ബൈജു പാറാവ് ഡ്യൂട്ടിക്കിടെ മേശവലിപ്പ് തുറന്ന് ഫോൺ എടുക്കുന്നത് കണ്ടു.


സിം ഊരിയെടുത്ത് പൊട്ടിക്കുന്നതും എറിയുന്നതും കാമറിയിൽ വ്യക്തമായി. സിം എറിഞ്ഞ സ്ഥലം പിന്നീട് പരിശോധിച്ചപ്പോൾ അതിന്റെ കഷണങ്ങൾ കിട്ടുകയുംചെയ്‌തു. തുടർന്നാണ്‌ ബൈജുവിനെതിരെ കേസെടുത്തത്‌. ഈ മാസം എട്ടിനാണ്‌ കളഞ്ഞുകിട്ടിയ റെഡ്‍മി ഫോൺ അതിഥിത്തൊഴിലാളി സ്‌റ്റേഷനിൽ ഏൽപ്പിച്ചത്‌. 16നാണ്‌ ഫോൺ കാണാതായ വിവരം പൊലീസുകാർ അറിയുന്നത്.


പയ്യന്നൂർ രാമന്തളി സ്വദേശിനി സുഭദ്രയാണ്‌ ഫോണിന്റെ ഉടമയെന്ന്‌ കണ്ടെത്തിയിരുന്നു. തിരുവനന്തപുരം സ്വദേശിയായ ബൈജു നാലുമാസം മുമ്പാണ്‌ വകുപ്പുതല നടപടിക്ക് വിധേയമായി കാസർകോട് എആർ ക്യാമ്പിലെത്തിയത്.


ഒരുമാസംമുമ്പ് ചന്തേര പൊലീസ് സ്റ്റേഷനിൽ ചുമതലയേറ്റു. ബേള നീർച്ചാലിലായിരുന്നു താമസം. ഇവിടെയുള്ള ഒരാൾക്കാണ്‌ ഫോൺ വിറ്റത്‌. നെയ്യാറ്റിൻകര സ്റ്റേഷനിൽ വഞ്ചനക്കുറ്റത്തിനും തട്ടിക്കൊണ്ടുപോയതിനും ബൈജുവിനെതിരെ കേസുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home