ഇനി കണ്ടെത്താനുള്ളത് നാല് പേരെ
ഡ്രോണിൽ കുടുങ്ങി; തേനിയിൽനിന്ന് ജയിൽചാടിയ എട്ട് പേർ കൂടി പിടിയിൽ | VIDEO

ഡ്രോൺ കാമറ ദൃശ്യത്തിൽ തടവുകാർ (ഇടത്), ജയിൽചാടിയ എട്ട് തടവുകാരെ പിടികൂടിയപ്പോൾ (വലത്)
തേനി: തമിഴ്‌നാട്ടിലെ തേനി തെക്കമ്പട്ടി സബ് ജയിലിൽ നിന്നും രക്ഷപെട്ട എട്ട് തടവുകാരെക്കൂടി പിടികൂടി. വനമേഖലയിൽനിന്നാണ് ഇവരെ കണ്ടെത്തിയത്. ഇതോടെ ആകെ 13 പേർ കസ്റ്റഡിയിലായി. ഇനി നാല് പേരെ കൂടി കണ്ടെത്താനുണ്ട്.
ഡ്രോൺ പരിശോധനയടക്കം നടത്തിയാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്. പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. പിടികൂടാനുള്ളവർക്കായി വിവിധ സ്ഥലങ്ങളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് വാഹന പരിശോധന നടത്തിവരികയാണ്. അതിര്‍ത്തി വഴി ഇടുക്കി ജില്ലയിലേക്കും കടക്കാനുള്ള സാധ്യതയിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ ആക്രമിച്ചായിരുന്നു 17 തടവുകാർ ജയില്‍ചാടിയത്. മധുര, ദിണ്ടിഗല്‍ ഉള്‍പ്പെടെ വിവിധ ജില്ലകളില്‍നിന്നുള്ള 500ലേറെ വിചാരണത്തടവുകാരാണ് ഇവിടെയുള്ളത്. രാത്രി സുരക്ഷാചുമതലയുള്ള നാല് പൊലീസുകാരെ തടവുകാര്‍ ക്രൂരമായി മര്‍ദിച്ചശേഷം ജയിലിന്റെ പ്രധാന കവാടത്തിലൂടെ പുറത്തേയ്ക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പൊലീസുകാരന്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ജയിൽ ചാടിയ പ്രതികളിൽ ഒരാളെ പൊലീസ് അപ്പോൾതന്നെ പിടികൂടിയിരുന്നു. പിന്നീട് നടത്തിയ തെരച്ചിലിൽ നാല് പേർ കൂടി പിടിയിലായിരുന്നു.
വിചാരണത്തടവുകാർ രക്ഷപ്പെട്ടോടിയ സംഭവത്തിൽ ഒൻപത് ജയിൽ ജീവനക്കാരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. സുരക്ഷാവീഴ്ചയും ഡ്യൂട്ടിയിലെ അനാസ്ഥയും മുൻനിർത്തിയാണ് ജയിൽ ജീവനക്കാരെ സസ്‌പെൻഡ് ചെയ്തത്. ജയിൽ വകുപ്പ് ഡയറക്ടർ ജനറൽ ഓഫ് പൊലീസ് സന്ദീപ് റായ് റാത്തോറാണ് നടപടി പ്രഖ്യാപിച്ചത്.
17 പ്രതികളെയും ഒരേ സെല്ലിലാണ് പാർപ്പിച്ചിരുന്നത്. സെല്ലിലുണ്ടായിരുന്ന ഒരു തടവുകാരന് സുഖമില്ലെന്ന വിവരമറിഞ്ഞ് അകത്തുകയറിയ ജയിൽ ജീവനക്കാരെ സംഘം ചേർന്ന് ആക്രമിച്ച ശേഷമാണ് ഇവർ രക്ഷപ്പെട്ടോടിയത്.
സമീപ ജില്ലകളിലെ പൊലീസിന് ജാഗ്രതാ നിർദേശം നൽകി. രക്ഷപ്പെട്ട തടവുകാരുടെ ചിത്രങ്ങൾ പൊലീസുകാർക്ക് കൈമാറിയിട്ടുണ്ട്. രക്ഷപ്പെട്ടവരിൽ ഭൂരിഭാഗവും 19 നും 26 നും ഇടയിൽ പ്രായമുള്ള യുവാക്കളാണ്. മധുര, ശിവഗംഗ, രാമനാഥപുരം, സേലം, കന്യാകുമാരി, തേനി എന്നിവയുൾപ്പെടെ തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിൽ നിന്നുള്ളവരാണ് ഇവർ.
പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നവർ തേനി ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഓഫീസിലോ (9498101570) തേനി ജില്ലാ പൊലീസ് കൺട്രോൾ റൂമിലോ (9176104100) ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.









0 comments