ഡഗ്ലസിനും റിംസനും രാജാ രവിവർമ പുരസ്കാരം

സി ഡഗ്ലസ്, എൻ എൻ റിംസൻ
തിരുവനന്തപുരം: വിഷ്വൽ ആർട്ട് രംഗത്ത് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത ബഹുമതിയായ രാജാ രവിവർമ പുരസ്കാരം സി ഡഗ്ലസിനും എൻ എൻ റിംസനും. 2023ലെ പുരസ്‌കാരം ആധുനിക കലാകാരിൽ ശ്രദ്ധേയനായ സി ഡഗ്ലസിനും 2024ലേത് ശിൽപകലയിൽ ശ്രദ്ധേയ സംഭാവന നൽകിയ എൻ എൻ റിംസനുമാണ് നൽകുക. മൂന്ന് ലക്ഷം രൂപയും കീർത്തിപത്രവും കാനായി കുഞ്ഞിരാമൻ രൂപകൽപ്പനചെയ്ത ശിൽപവുമാണ് പുരസ്കാരം.
മദ്രാസ് കലാപ്രസ്ഥാനത്തിന്റെ ഭാഗമായ പ്രമുഖ ഇന്ത്യൻ കലാകാരനാണ് സി ഡഗ്ലസ്. പ്രാദേശിക മുൻഗണനകൾക്കപ്പുറം സാർവദേശീയമായ വിശ്വമാനവിക കാഴ്ചപ്പാടും ശൈലിയും അദ്ദേഹം സ്വീകരിച്ചുവെന്ന് ജൂറി വിലയിരുത്തി. മുതിർന്ന കലാകാരനായ പി ഗോപിനാഥ് ചെയർപേഴ്‌സണും ആർ ശാന്താമണി, ഡോ. സി എസ്. ജയറാം, ടി വി സന്തോഷ്, മെമ്പർ സെക്രട്ടറി രാജി ആർ പിള്ള (അക്കാദമി സെക്രട്ടറി ഇൻ ചാർജ് ആയിരുന്നു) എന്നിവർ അംഗങ്ങളുമായ ജൂറിയാണ് ഡഗ്ലസിനെ 2023ലെ രാജാ രവിവർമ്മ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്.
മുതിർന്ന കലാകാരിയായ പുഷ്പമാല എൻ ചെയർപേഴ്‌സണായും ആർ നന്ദകുമാർ, സുരേന്ദ്രൻ നായർ, മെമ്പർ സെക്രട്ടറി രാജി ആർ പിള്ള (അക്കാദമി സെക്രട്ടറി ഇൻ-ചാർജ്) എന്നിവർ അംഗങ്ങളുമായ ജൂറിയാണ് 2024ലെ രാജാ രവിവർമ്മ പുരസ്‌കാരത്തിനായി എൻ എൻ റിംസനെ തെരഞ്ഞെടുത്തത്. 1980കൾ മുതൽ നീളുന്ന കരിയറിൽ, ഇന്ത്യയിലും വിദേശത്തുമായി പ്രധാന പ്രദർശനങ്ങളിൽ വൈവിധ്യപൂർണവുമായ നിരവധി സൃഷ്ടികൾ പ്രദർശിപ്പിച്ച അദ്ദേഹം ശിൽപകലയിലും സമകാലീന കലയിലും ശ്രദ്ധേയമായ സംഭാവനകൾ നൽകി. വിവിധ തലമുറകളിലെ കലാകാരന്മാരെ ഏറെ സ്വാധീനിച്ചിട്ടുള്ള കലാകാരൻ കൂടിയാണ് എൻ എൻ റിംസനെന്ന് ജൂറി അഭിപ്രായപ്പെട്ടു.









0 comments