ജയിൽ സുരക്ഷയിലും ക്രമസമാധാനപാലനത്തിലും വലിയ വീഴ്ച: തമിഴ്നാട് സർക്കാരിനെ വിമർശിച്ച് സ്റ്റാലിൻ

ചെന്നെെ: തമിഴ്നാട്ടിൽ ജയിൽ സുരക്ഷയിലും ക്രമസമാധാനപാലനത്തിലും വലിയ വീഴ്ചസംഭവിച്ചതായി മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ. തമിഴക വെട്രി കഴകം (ടിവികെ) സർക്കാരിനെ പരിഹസിച്ച അദ്ദേഹം, ജനങ്ങളെ സംരക്ഷിക്കാൻ സർക്കാരിന് കഴിയുന്നില്ലെന്നും സ്വയം സുരക്ഷ ഉറപ്പാക്കേണ്ട ദയനീയാവസ്ഥയിലേക്ക് തമിഴ്‌നാട് എത്തിയെന്നും ആരോപിച്ചു.
കഴിവുകെട്ടവരാണ് ടിവികെ സർക്കാരിനെ നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തേനി ജയിലിൽനിന്ന് 17 തടവുകാർ രക്ഷപ്പെട്ടതും അടുത്തിടെ, ചെന്നൈയിലെ പുഴൽ സെൻട്രൽ ജയിലിൽനിന്ന് രണ്ട് തടവുകാർ രക്ഷപ്പെട്ടതുമായ സംഭവങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു സ്റ്റാലിന്റെ വിമർശനം. 1995-നുശേഷം ആദ്യമായാണ് ഒരേസമയം ഇത്രയധികം തടവുകാർ രക്ഷപ്പെടുന്നതെന്ന് ചൂണ്ടിക്കാട്ടിയ സ്റ്റാലിൻ, മികവുറ്റ സുരക്ഷാ സംവിധാനങ്ങളും നിരീക്ഷണ സൗകര്യങ്ങളുമുണ്ടായിട്ടും 2026-ൽ ഇത്തരമൊരു സംഭവം എങ്ങനെ ഉണ്ടായെന്നും ചോദിച്ചു.
അപസ്മാരബാധയുണ്ടായെന്ന് നടിച്ചാണ് തടവുകാർ രക്ഷപ്പെടാൻ ശ്രമിച്ചതെന്നാണ് പ്രാഥമിക വിവരം. ജയിൽപ്പുള്ളികളിൽ ഒരാൾക്ക് അപസ്മാരമുണ്ടായെന്ന് പറഞ്ഞ് അധികൃതരുടെ ശ്രദ്ധ തിരിച്ച ഇവർ, പരിശോധിക്കാനെത്തിയ ജയിൽ ജീവനക്കാരെ ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ടെലിവിഷൻ പരമ്പരകളായ ‘ബ്രേക്കിങ് ബാഡ്’, ‘പ്രിസൺ ബ്രേക്ക്’ എന്നിവയെ പരാമർശിച്ചായിരുന്നു സ്റ്റാലിന്റെ വിമർശനം. “ബ്രേക്കിങ് ബാഡിന് പിന്നാലെ തമിഴ്‌നാട്ടിലും പ്രിസൺ ബ്രേക്ക് തുടങ്ങിയിരിക്കുന്നു. ജാമ്യത്തിലിറങ്ങുന്ന കുറ്റവാളികളെ നിരീക്ഷിക്കുന്നതിൽ മാത്രമാണ് സർക്കാർ പരാജയപ്പെടുന്നതെന്നാണ് ഞാൻ കരുതിയത്. എന്നാലിപ്പോൾ ജയിലിനുള്ളിലുള്ള തടവുകാരെപ്പോലും രക്ഷപ്പെടാൻ അനുവദിക്കുന്ന അവസ്ഥയാണുള്ളത്,” സംഭവത്തെ തുടർന്ന് സ്റ്റാലിൻ എക്‌സിൽ കുറിച്ചു.









0 comments