Deshabhimani

കേരളത്തിലേക്ക് ക്വാറി ഉൽപ്പന്നങ്ങൾ; നിരോധനം നീട്ടി തമിഴ്നാട് സർക്കാർ, മുഖ്യമന്ത്രിയുടെ വാക്ക്‌ പാഴായി

Quarry.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Oct 27, 2026, 07:23 PM | 1 min read

കൊല്ലം: കേരളത്തിലേക്ക് ക്വാറി ഉൽപ്പന്നങ്ങൾ കൊണ്ടുവരുന്നതിനുള്ള നിരോധനം നീട്ടി തമിഴ്നാട് സർക്കാർ. നിരോധനം ഉടൻ നീക്കുമെന്ന്‌ കഴിഞ്ഞദിവസം നിയമസഭയിൽ ഉറപ്പു നൽകിയ മുഖ്യമന്ത്രി വി ഡി സതീശന്റെ വാക്ക്‌ പാഴായി.


തമിഴ്‌നാട്‌ ജിയോളജി ആൻഡ് മൈനിങ്‌ ഡയറക്ടറുടെ ഉത്തരവ്‌ അനുസരിച്ച്‌ സാധാരണ കരിങ്കല്ല്, പാറക്കഷണങ്ങൾ, മെറ്റൽ, എം സാൻഡ്, ജില്ലി തുടങ്ങിയ നിർമാണവസ്തുക്കൾ കൊണ്ടുപോകുന്നതിന്‌ 27 മുതൽ മൂന്നുമാസത്തേക്കു കൂടിയാണ്‌ നിരോധനം നീട്ടിയത്.


തമിഴ്‌നാട്‌ ഏർപ്പെടുത്തിയ താൽക്കാലിക വിലക്ക് നീക്കാൻ സർക്കാർ കാര്യക്ഷമമായി ഇടപെടാഞ്ഞതാണ്‌ പ്രതിസന്ധിക്ക്‌ ഇടയാക്കിയത്‌. ഇതോടെ സംസ്ഥാനത്തെ നിർമാണ മേഖലയാകെ നിശ്ചലമാകും. സംസ്ഥാനത്ത്‌ ക്വാറി ഉൽപ്പന്നങ്ങളൂടെ വില വീണ്ടും കുത്തനെ കുതിക്കുന്നതിന്‌ ഇടയാക്കും.


സർക്കാരും ക്വാറി മാഫിയയും തമ്മിലുള്ള ഒത്തുകളിയാണിതെന്നും വിമർശനമുണ്ട്‌. ക്വാറി ഉൽപ്പന്നങ്ങളുടെ ആവശ്യകത വർധിച്ചതോടെ ലഭ്യത ഉറപ്പാക്കാൻ തമിഴ്നാട് സർക്കാർ ജൂലൈയിൽ ഏർപ്പെടുത്തിയ താൽക്കാലിക നിരോധന കാലയളവ് അവസാനിച്ചതിനെ തുടർന്നാണ് വീണ്ടും നീട്ടിയത്.


നിരോധനം ലംഘിക്കുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കാനും കലക്ടർമാർക്ക് നിർദശമുണ്ട്‌. കേരളത്തിന്റെ ആവശ്യത്തിന്റെ 40 ശതമാനം ഉൽപ്പന്നങ്ങളും നേരത്തേ തമിഴ്‌നാട്ടിൽനിന്നാണ്‌ എത്തിയിരുന്നത്‌. ദേശീയപാത നിർമാണത്തിനാവശ്യമായ ഭൂരിഭാഗം കരിങ്കൽ ഉൽപ്പന്നങ്ങൾ എത്തിച്ചിരുന്നതും അവിടെനിന്നാണ്.


നിരോധനം വന്നതോടെ കേരളത്തിലെ മെറ്റൽ, മണ്ണ്‌, എംസാന്റ്‌ തുടങ്ങിയവയുടെ വില കുത്തനെ വർധിപ്പിച്ച്‌ ക്വാറി മാഫിയകൾ. നേരത്തെ എൽഡിഎഫ്‌ സർക്കാരിന്റെ കീഴിൽ കരാർ സംഘടനകൾ, ക്വാറി ക്രഷർ യൂണിറ്റ്‌ ഉടമകൾ, വാഹനം ഉടമകൾ എന്നിവരുമായി ചർച്ച നടത്തി മാത്രമേ ഇവയുടെ വില വർധിപ്പിക്കാവൂ എന്ന്‌ തീരുമാനമുണ്ടായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home