Deshabhimani

ഓർണബ് ചുഴലിക്കാറ്റ് നാളെ കര തൊടും; കനത്ത ജാ​ഗ്രത, ആയിരങ്ങളെ ഒഴിപ്പിച്ചു

Cyclone Arnab
വെബ് ഡെസ്ക്

Published on Oct 27, 2026, 05:44 PM | 2 min read

അമരാവതി : മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ സ്ഥിതിചെയ്യുന്ന അതിശക്ത ചുഴലിക്കാറ്റ് (Very Severe Cyclonic Storm) ‘ഓർണബ്’ നാളെ കര തൊടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആന്ധ്ര, ഒഡിഷ തീരങ്ങളിൽ ജാ​ഗ്രത മുന്നറിയിപ്പ് നൽകി.


ബുധൻ പകൽ ആന്ധ്രാപ്രദേശ് – യാനം തീരങ്ങൾക്കിടയിലൂടെ, ബാപട്‌ലക്കും വിശാഖപട്ടണത്തിനും ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മണിക്കൂറിൽ 115–125 കിലോമീറ്ററും പരമാവധി വേഗം മണിക്കൂറിൽ 150 കിലോമീറ്റർ വരെയും എത്താൻ സാധ്യതയുള്ളതിനാൽ കനത്ത ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.


കാറ്റ് ശക്തി പ്രാപിച്ചതോടെ ആന്ധ്രയിൽ കടൽ പ്രക്ഷുബ്ധമായി. ഇന്ന് ഉച്ച മുതൽ ഇരു സംസ്ഥാനങ്ങളിലും കാറ്റും മഴയും ശക്തമായി. ഒരു ലക്ഷത്തോളം പേരെ ഇതുവരെ മാറ്റിപ്പാർപ്പിച്ചു. ട്രെയിൻ, വിമാന സർവീസുകൾ തടസപ്പെടുമെന്ന് മുന്നറിയിപ്പുണ്ട്. നിലവിൽ പല ട്രെയിനുകളും വൈകിയോടുകയാണ്. വിമാനങ്ങൾ റദ്ദാക്കിയേക്കാമെന്നും യാത്രക്കാർ കാലാവസ്ഥ അറിയിപ്പ് കൃത്യമായി ശ്രദ്ധിക്കണമെന്നും എയർ ഇന്ത്യ അറിയിച്ചു.


സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്. മത്സ്യബന്ധനത്തിനായി പോയ തൊഴിലാളികളെയെല്ലാം സുരക്ഷിതമായി കരയിലെത്തിച്ചതായി അധികൃതർ പറഞ്ഞു. ആന്ധ്രയിലെ 20 ജില്ലകളിലായി 2,131 ചുഴലിക്കാറ്റ് ദുരിതാശ്വാസ കേന്ദ്രങ്ങൾ സജ്ജമാക്കി. തീരപ്രദേശങ്ങളിലെ 30,000ത്തിലധികം മത്സ്യബന്ധന ബോട്ടുകൾ സുരക്ഷിതമാക്കി. അടിയന്തര സേവനങ്ങൾക്കായി 1,087 മെഡിക്കൽ സംഘങ്ങളെയും 1,274 ആംബുലൻസുകളെയും സജ്ജമാക്കിയിട്ടുണ്ട്. 1,351 ഗർഭിണികളെ മുൻകരുതലിന്റെ ഭാഗമായി ആശുപത്രികളിലേക്ക് മാറ്റി.


ഒഡിഷയിൽ 48,000 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. എട്ട് ജില്ലകളിലെ സ്കൂളുകൾക്ക് ചൊവ്വ, ബുധൻ ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചു. പുരി, ഗജപതി, ഗഞ്ചാം, രായഗഡ, കോരാപുട്ട്, മൽക്കാൻഗിരി ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് 135 സ്ഥിരം ദുരിതാശ്വാസ കേന്ദ്രങ്ങളും 1,600 താൽക്കാലിക കേന്ദ്രങ്ങളും സജ്ജമാക്കി. ഒമ്പത് എൻഡിആർഎഫ് സംഘങ്ങൾ ഉൾപ്പെടെ 294 രക്ഷാപ്രവർത്തന സംഘങ്ങളെയും വിന്യസിച്ചു.


പശ്ചിമബം​ഗാൾ, ജാർഖണ്ഡ്, ചത്തിസ്​ഗഡ് എന്നീ സംസ്ഥാനങ്ങൾക്കും മുന്നറിയിപ്പ് നൽകി. പശ്ചിമ ബംഗാളിന്റെ വിവിധ ഭാഗങ്ങളിൽ മഴ ആരംഭിച്ചു. ജാർഖണ്ഡിലും അടുത്ത മൂന്ന് ദിവസം കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും മിന്നൽപ്രളയത്തിനും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. റെയിൽവേയും തുറമുഖ അധികൃതരും മുൻകരുതൽ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home