'പുഴു വേണോ, പുഴു ഇല്ലാത്തത് വേണോ; കായികമേളയിലും യുഡിഎഫ് വിസ്മയങ്ങൾ': പി എസ് സഞ്ജീവ്

കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കായികമേളയില്‍ വിളമ്പിയ ഭക്ഷണത്തിൽ പുഴുക്കളെ കണ്ടെത്തിയ സംഭവത്തിൽ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. പുറകോട്ട് സഞ്ചരിക്കുന്ന കേരളത്തെ സമ്മാനിക്കുന്ന യുഡിഎഫ് വീണ്ടും വിസ്മയങ്ങൾ സമ്മാനിക്കുകയാണെന്ന് സഞ്ജീവ് ഫെയ്സ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ വർഷം വെജ് വേണോ, നോൺ വെജ് വേണോ എന്ന് ചർച്ച നടത്തിയ മാധ്യമങ്ങൾ- പുഴു വേണോ, പുഴു ഇല്ലാത്ത ഭക്ഷണം വേണോ എന്ന് അന്തി ചർച്ച നടത്താൻ തയ്യാറാകുമെന്ന് കരുതുന്നെന്നും സഞ്ജീവ് പറഞ്ഞു.
ചൊവ്വാഴ്‌ച നൽകിയ പ്രഭാതഭക്ഷണത്തിലാണ് പുഴുക്കളെ കണ്ടത്. വാർത്താമാധ്യമങ്ങൾ ഇതുസംബന്ധിച്ച ചിത്രങ്ങൾ പുറത്തുവിട്ടു. കുട്ടികളുടെ രക്ഷിതാക്കൾ സംഘാടകർക്ക് പരാതി നൽകി. സംഘാടകർ ഇതേക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ഫുഡ് കമ്മിറ്റിക്കാരെ വിളിച്ചെങ്കിലും ഫോണെടുക്കാൻ തയ്യാറായില്ല. സ്‌കൂൾ കായികമേളയുടെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത സംഭവമാണ് ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയത്. മത്സരത്തിന് ഇറങ്ങാനിരുന്ന കുട്ടികൾക്കാണ് പുഴുവുള്ള ഭക്ഷണം നൽകിയത്. കുട്ടികൾ ഭക്ഷണം കഴിക്കാതെ മത്സരത്തിന് ഇറങ്ങേണ്ടി വന്നു.
ഫെയ്സ്ബുക്ക് കുറിപ്പ്
സംസ്ഥാന സ്കൂൾ കായികമേളയിൽ വിദ്യാർത്ഥികൾക്ക് വിളമ്പിയ ഭക്ഷണത്തിൽ പുഴു. കഴിഞ്ഞ വർഷം വെജ് വേണോ- നോൺ വെജ് വേണോ എന്ന് ചർച്ച നടത്തിയ മാധ്യമങ്ങൾ പുഴു വേണോ, പുഴു ഇല്ലാത്ത ഭക്ഷണം വേണോ എന്ന് അന്തി ചർച്ച നടത്താൻ തയ്യാറാകുമെന്ന് കരുതുന്നു. ഭാവി കായിക താരങ്ങളെ വാർത്തെടുക്കുന്ന മേളയെ ദുരന്ത മേളയാക്കുന്ന ഈ സർക്കാർ അവരുടെ നയം വ്യക്തമാക്കുകയാണ്. ഇതൊന്നും നല്ല നിലയിൽ സംഘടിപ്പിക്കാൻ തങ്ങൾ തയ്യാറല്ല എന്ന് പ്രഖ്യാപിക്കുകയാണ്. പുറകോട്ട് സഞ്ചരിക്കുന്ന കേരളത്തെ സമ്മാനിക്കുന്ന യുഡിഎഫ് വീണ്ടും വിസ്മയങ്ങൾ സമ്മാനിക്കുന്നു.









0 comments