ചേരാനല്ലൂർ കാറപകടം: മുഖം രക്ഷിക്കാൻ സർക്കാർ; നാല് പൊലീസുകാർക്ക് സസ്പെൻഷൻ

ചേരാനല്ലൂരിൽ ആഡംബര കാർ ഇടിച്ച് ജയബാലകൃഷ്ണൻ മരിച്ച സ്ഥലം എഡിജിപി പി വിജയൻ സന്ദർശിക്കുന്നു
കൊച്ചി: ചേരാനല്ലൂരിൽ ജഡ്ജിയുടെ മകനായ പതിനേഴുകാരൻ ഓടിച്ച ബെൻസ് കാറിടിച്ച്, തട്ടുകട നടത്തിയിരുന്ന ജയബാലകൃഷ്‌ണൻ മരിച്ച സംഭവത്തിൽ പ്രതിഷേധം കനത്തതോടെ മുഖംരക്ഷിക്കാൻ സർക്കാർ നീക്കം. അന്വേഷണത്തിൽ വീഴ്ച വരുത്തിയതിന് നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സിഐ കെ എസ് ശ്യാംകുമാർ, എസ്ഐ വിശ്വജിത്ത്, ഗ്രേഡ് എസ്ഐ കെ ടി മനോജ്, സിപിഒ അരുൺ ജോഷി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. അന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധവും വിമർശനവും ഉയർന്നതിന് പിന്നാലെയാണ് നടപടിയെടുക്കാൻ സർക്കാർ നിർബന്ധിതമായത്.
യുഡിഎഫ് സർക്കാരും പൊലീസും തുടക്കം മുതൽ പ്രതിക്കും കുടുംബത്തിനും അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. നടപടിയുണ്ടായില്ലെങ്കിൽ വൈകുന്നേരം ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധം നടത്തുമെന്ന് ജയബാലകൃഷ്ണന്റെ കുടുംബം അറിയിച്ചിരുന്നു. കഴിഞ്ഞദിവസവും ജലബാലകൃഷ്ണന്റെ മക്കളുൾപ്പെടെ സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. തുടർന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പൊലീസിന് തെറ്റുപറ്റിയെന്ന് നിയമസഭയിൽ സമ്മതിക്കേണ്ടിവന്നു.
ഞായർ പുലർച്ചെ 2.20ഓടെ കണ്ടെയ്‌നർ റോഡിൽ ചേരാനല്ലൂർ മാരാപറന്പ് സ്റ്റോപ്പിന് സമീപമായിരുന്നു അപകടം. സൗത്ത് ചിറ്റൂർ ക്ഷേത്രത്തിനുസമീപം തട്ടുകട നടത്തുന്ന ജയബാലകൃഷ്‌ണൻ കടയടച്ച് വീട്ടിലേക്ക് സ്‌കൂട്ടറിൽ മടങ്ങുമ്പോഴാണ് അപകടം. അഡീഷണൽ ജില്ലാ ജഡ്‌ജിയുടെ മകനായ പതിനേഴുകാരൻ അമിതവേഗത്തിൽ അലക്ഷ്യമായി ഓടിച്ച ബെൻസ് കാർ ജയബാലകൃഷ്‌ണൻ ഓടിച്ച സ്‌കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു.
പുലർച്ചെ നടന്ന അപകടത്തിൽ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യുന്നത് രാവിലെ 7.34നാണ്. പ്രതിയായ പതിനേഴുകാരന്റെ പേര് ഒഴിവാക്കിയാണിത്. ഇൗ സമയം പ്രതിയും അഡീഷണൽ ജഡ്‌ജിയായ ഇയാളുടെ പിതാവും സ്‌റ്റേഷനിലുണ്ടായിരുന്നു. ദുർബല വകുപ്പുകൾ ചുമത്തിയാണ് എഫ്‌ഐആറിട്ടത്. അശ്രദ്ധമായി വാഹനമോടിക്കൽ, അശ്രദ്ധമൂലമുള്ള മരണം എന്നിവയായിരുന്നു വകുപ്പ്. അധികം വൈകാതെ പ്രതിയെ ജുവനൈൽ ജസ്‌റ്റിസ് ബോർഡിനുമുന്നിൽ ഹാജരാക്കാതെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടു. മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കുംമുന്പേ പ്രതി സ്വന്തം വീട്ടിലെത്തി.
വാഹനയുടമയായ പിതാവ് രാവിലെമുതൽ വൈകിട്ടുവരെ പ്രതിക്കൊപ്പമുണ്ടായിട്ടും നിയമപ്രകാരം ഇയാൾക്കെതിരെ കേസെടുക്കാൻ പൊലീസ് തയ്യാറായില്ല. ജയബാലകൃഷ്‌ണന്റെ കുടുംബത്തോട് സ്‌റ്റേഷനിൽവച്ച് അഡീഷണൽ ജഡ്‌ജി ധിക്കാരപരമായി പെരുമാറുന്നത് പൊലീസ് നോക്കിനിന്നു. ബന്ധുക്കളിൽ ഒരാൾ പ്രതിയുടെ ചിത്രം പകർത്തിയപ്പോൾ അഡീഷണൽ ജഡ്‌ജിയുടെ നിർദേശപ്രകാരം സഹായി ഫോൺ വാങ്ങി അത് ഡിലീറ്റ് ചെയ്‌തു. ജഡ്‌ജിയുടെ ഒൗദ്യോഗികപദവി വ്യക്തമാക്കുന്ന ബെൻസ് കാറിലെ ബോർഡ് പൊലീസ് നേരത്തേതന്നെ നീക്കി. പ്രതി മദ്യപിച്ചിട്ടില്ലെന്ന് പൊലീസ് അതിവേഗം വിധിയെഴുതി.
ദുർബലവകുപ്പ് ചുമത്തിയതും സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടതും വാഹനയുടമയായ പിതാവിനെതിരെ കേസെടുക്കാതിരുന്നതും വൻ പ്രതിഷേധത്തിനിടയാക്കി. ഡിവൈഎഫ്‌ഐ ഉൾപ്പെടെയുള്ള സംഘടനകൾ പൊലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തി. ജയബാലകൃഷ്‌ണന്റെ ചിതയ്‌ക്ക് തീകൊളുത്തിയശേഷം മക്കൾ പ്രതിഷേധവുമായി സ്‌റ്റേഷനിലെത്തി. ജനരോഷം ആളിയതോടെയാണ് സർക്കാർ അപകടം മണത്തത്. തുടർന്നാണ് കുറ്റകരമായ നരഹത്യചുമത്തൽ, ഇതുപ്രകാരം പ്രതിയെ അറസ്‌റ്റ് ചെയ്യുക, ജുവനൈൽ ജസ്‌റ്റിസ് ബോർഡിൽ ഹാജരാക്കൽ എന്നിവയുണ്ടായത്. നേരത്തേ സംഭവിച്ച ഗുരുതരവീഴ്‌ചപ്രകാരം പ്രതിക്ക് വീണ്ടും ജാമ്യം കിട്ടുമെന്ന് ഉറപ്പാക്കിയാണ് ഇതെല്ലാം സ്വീകരിച്ചത്.









0 comments