‘എസ്റ്റിക് 2026’ന് ഇന്ന് തുടക്കം


സ്വന്തം ലേഖകൻ
Published on Oct 27, 2026, 04:24 PM | 1 min read
ന്യൂഡൽഹി : എമർജിങ് സയൻസ്, ടെക്‌നോളജി ആൻഡ് ഇന്നൊവേഷൻ കോൺക്ലേവിന് (എസ്റ്റിക് 2026) ചൊവ്വാഴ്‌ച ഡൽഹിയിൽ തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാരത് മണ്ഡപത്തിൽ കോൺക്ലേവ് ഉദ്‌ഘാടനം ചെയ്യും. തിരുവനന്തപുരത്തെ സിഎസ്‌ഐആർ–എൻഐഐഎസ്‌ടി ആണ് മുഖ്യ സംഘാടകർ. വ്യാഴാഴ്‌ച വരെയാണ് കോൺക്ലേവ് നടക്കുക.
നൊബേൽ സമ്മാന ജേതാക്കളായ പ്രൊഫ. ജോക്കിം ഫ്രാങ്ക്, സർ റിച്ചാർഡ് ജെ റോബർട്സ്, പ്രൊഫ. കോസ്ത്യ നൊവോസെലോവ് എന്നിവർ കോൺക്ലേവിൽ പങ്കെടുക്കും. ത്രിദിന സംഗമത്തിന്റെ ഭാഗമായി പ്ലീനറി പ്രഭാഷണങ്ങൾ, സാങ്കേതിക സെഷനുകൾ, പാനൽ ചർച്ചകൾ എന്നിവ നടക്കും. ഇന്ത്യയിലെ സ്റ്റാർട്ടപ്പ്, ഡീപ്–ടെക് മേഖലകളെ പരിചയപ്പെടുത്തുന്ന സാങ്കേതിക പ്രദർശനവും പരിപാടിയുടെ ഭാഗമായി ഉണ്ടാകും. രണ്ടാം ദിവസം മുതൽ പൊതുജനങ്ങൾക്കായി പ്രദർശനം തുറന്നുകൊടുക്കും.
നൂതന ഉൽപാദന സാങ്കേതികവിദ്യ, ഊർജ സാങ്കേതികവിദ്യ, സിന്തറ്റിക് ബയോളജി, സമുദ്ര–നാവിക സാങ്കേതികവിദ്യ, ക്വാണ്ടം കമ്മ്യൂണിക്കേഷൻ, അഗ്രി-ടെക്, ജനറേറ്റീവ് ആൻഡ് ഓട്ടോണമസ് എഐ, റോബോട്ടിക്സ്, നൂതന ആരോഗ്യ പരിചരണം, ബഹിരാകാശ ശാസ്ത്രം തുടങ്ങിയ വിവിധ മേഖലകളിൽ ചർച്ച നടക്കും. ‘വികസിത ഭാരതം 2047’ന്റെ ഭാഗമായി ആരംഭിച്ച പരിപാടിയാണ് എസ്റ്റിക്.









0 comments