ടൈഗർ ഷ്റോഫിന് നേരെ വെടിവെയ്പ്പ്: അന്വേഷണത്തിൽ നിർണായക കണ്ടെത്തൽ

മുംബൈ : ബോളിവുഡ് താരം ടൈഗർ ഷ്റോഫിന് നേരെ വെടിവെയ്പ്പുണ്ടായ സംഭവത്തിൽ കൂടുതൽ കണ്ടെത്തലുമായി പൊലീസ്. ആക്രമണത്തിന് പിന്നിൽ പണം തട്ടലും, ഗുണ്ടാ സംഘത്തിന്റെ ആധിപത്യം ഉറപ്പിക്കലും, ഭയാന്തരീക്ഷം സൃഷ്ടിക്കലുമാണെന്ന് മുംബൈ പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. സിനിമാ മേഖലയിലും പൊതുജനങ്ങൾക്കിടയിലും ഭയം സൃഷ്ടിച്ച് തങ്ങളുടെ സ്വാധീനം ഉറപ്പിക്കാനാണ് ഈ വെടിവെപ്പിലൂടെ ക്രിമിനൽ സംഘം ലക്ഷ്യമിട്ടതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഒക്ടോബർ 18ന് മുംബൈയിലെ ജൂഹുവിൽ വെച്ചാണ് ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ ബൈക്കിലെത്തിയ രണ്ട് പേർ അഞ്ച് മുതൽ ആറ് റൗണ്ട് വരെ വെടിവെച്ചത്. ആക്രമണത്തിന് ശേഷം കടന്നുകളഞ്ഞ പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം പിന്നീട് അന്ധേരിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവത്തിൽ നടൻ പരിക്കേൽക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടെങ്കിലും, അദ്ദേഹത്തിന്റെ ഡ്രൈവർക്കും സമീപത്തുണ്ടായിരുന്ന ഒരാൾക്കും പരിക്കേറ്റു.
കേസിൽ വെടിവെപ്പ് നടത്തിയവരെ സഹായിച്ചതിന് അറസ്റ്റിലായ രണ്ട് സ്ത്രീകളടക്കം നാല് പ്രതികളുടെ പൊലീസ് കസ്റ്റഡി മുംബൈ കോടതി ഒക്ടോബർ 28 വരെ നീട്ടി. ഹരിയാനയിലെ സോനിപത് സ്വദേശികളായ കുനാൽ (21), സുമിത് (19), ഉത്തർപ്രദേശ് സ്വദേശികളായ രാധ (23), ബബിത (23) എന്നിവരുടെ കസ്റ്റഡിയാണ് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (എസ്പ്ലനേഡ് കോടതി) എസ്. ഖേദ്കർ നീട്ടിയത്. കേസിൽ ഇതുവരെ അറസ്റ്റിലായ 11 പേരിൽ പെടുന്നവരാണ് ഇവർ.
ഗൂഢാലോചനയും പോലീസിന്റെ തുടർനടപടികളും ഈ നാല് പ്രതികൾക്കും ഗൂഢാലോചനയെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നുവെന്നും, മുമ്പ് അറസ്റ്റിലായ മറ്റ് പ്രതികൾക്കൊപ്പമിരുത്തി ഇവരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു. കൂടാതെ ഇവരുടെ മൊബൈൽ ഫോണുകളിൽ നിന്ന് കണ്ടെടുത്ത വിവരങ്ങൾ വിശകലനം ചെയ്യേണ്ടതുണ്ട്. മുംബൈ ക്രൈംബ്രാഞ്ചാണ് കേസിന്റെ അന്വേഷണം നടത്തുന്നത്.







0 comments