Deshabhimani

സംസ്ഥാന സ്കൂൾ കായികമേള

സംഘാടന വീഴ്ച; കൗമാര സ്വപ്നങ്ങൾ വീണുടഞ്ഞു

Kottayam School Meet
വെബ് ഡെസ്ക്

Published on Oct 27, 2026, 01:51 PM | 2 min read

കോഴിക്കോട്‌: 'ദീർഘദൂര യാത്ര കഴിഞ്ഞ് വേണ്ടത്ര മുന്നൊരുക്കമില്ലാതെ മത്സരത്തിൽ പങ്കെടുത്താൽ പരിക്ക് പറ്റാൻ സാധ്യത കൂടുതലാണ്. ചെന്നൈയില ദേശീയ ജൂനിയർ അത്‌ലറ്റിക്‌ മീറ്റ് കഴിഞ്ഞ് തിങ്കളാഴ്ച രാത്രി പത്തിനാണ് കോഴിക്കോടെത്തിയത്. പൂർണ്ണമായും തളർന്നു. രാവിലെ പങ്കെടുക്കേണ്ട 400 മീറ്റർ ഓട്ടത്തിൽ നിന്നും പിന്മാറുകയാണ്'- കരിവള്ളൂർ എവിഎസ് ​ഗവ. വിഎച്ച്എസിലെ അഭിനവിന്റെ വാക്കുകളിൽ എല്ലാമുണ്ട്. അധികൃതരുടെ അനാസ്ഥയിൽ അഭിനവ് അടക്കമുള്ള നിരവധി കൗമാരതാരങ്ങളുടെ സ്വപ്നങ്ങളാണ് പൊലിഞ്ഞത്.


ദേശീയ ജൂനിയർ അത്‌ലറ്റിക്‌ മീറ്റും സംസ്ഥാന സ്‌കൂൾ കായികമേളയും തുടർച്ചയായ ദിവസങ്ങളിൽ നടത്തിയ സംഘാടകരുടെ പിഴവ് മൂലമാണ് കായികതാരങ്ങൾക്ക് സംസ്ഥാന കായികമേളയിൽ അവസരം നഷ്ടപ്പെട്ടമായത്. ചൈന്നൈയിൽ നിന്നും തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലർച്ചെയുമായാണ് വിദ്യാർഥികൾ പലരും മടങ്ങിയെത്തിയത്. കോഴിക്കോട്‌ നഗരത്തിൽനിന്നും 22 കിലോമീറ്റർ അകലെ ചാത്തമംഗലത്തിനടുത്തുള്ള എൻഐടിയിലെ പ്രധാന വേദിയിൽ കുട്ടികളെ എത്തിക്കാൻ പോലും സംഘാടകർ തയ്യാറായില്ല.


കെഎസ്ആർടിസി കയറി വന്നോ?


ദേശീയ ജൂനിയർ അത്‌ലറ്റിക്‌ മീറ്റ് കഴിഞ്ഞ് ചൊവ്വാഴ് പുലർച്ചെ മൂന്ന് മണിക്ക് കോഴിക്കോട് ന​ഗരത്തിലെത്തിയ പെൺകുട്ടികളോട് ചാത്തമംഗലത്തേക്ക് കെഎസ്ആർടിസി കയറാനാണ് പറഞ്ഞത്. കണ്ണൂർ ബ്രണ്ണൻ ഹയർ സെക്കൻഡറി എസ്എസ് തലശേരിയിലെ ഇവാനാ ടോമിക്കും അന്ന റോസ് രാജുവിനുമായി ദുരനുഭവം നേരിട്ടത്.


ഇന്നലെ ചൈന്നൈയിൽ നിന്നും ഇവരുവരും കയറിയ തീവണ്ടി ഏറെ നേരം വൈകിയാണ് ഓടിയത്. ഇതോടെ കോഴിക്കോട് എത്താൻ വൈകുമെന്ന് ഉറപ്പായ വിദ്യാർഥികൾ സംഘാടകരെ വിളിച്ച് വാഹനം ഉണ്ടാകുമോ എന്ന് ചോദിച്ചപ്പോൾ റെയിൽവേ സ്റ്റേഷന് സമീപത്താണ് കെഎസ്ആർടിസി സ്റ്റാൻഡ് എന്നായിരുന്നു മറുപടി. പുലർച്ചെ തളർന്നെത്തിയ വിദ്യാർഥികൾ പിന്നീട് 900 രൂപ കൈയിൽ നിന്നും ചിലവഴിച്ച് ഓട്ടോ വിളിച്ചാണ് ​ഗ്രൗണ്ടിലെത്തിയത്. രാവിലെ അഞ്ചരയോടെ എത്തിയ ശേഷം മത്സരത്തിന് ഇറങ്ങാനും നിർബന്ധിതരായി. കഴിഞ്ഞ വർഷം 400 മീറ്ററിൽ വെള്ളിയും അതിന് മുമ്പ് സ്വർണം നേടിയ ഇവാനാ ടോമി ഭക്ഷണം പോലും കഴിക്കാതെ മത്സരത്തിൽ പങ്കെടുക്കുകയായിരുന്നു.


പൊലിയുന്നത് കൗമാര സ്വപ്നങ്ങൾ


ദേശീയ മീറ്റിൽ പങ്കെടുത്ത താരങ്ങൾ തൊട്ടടുത്ത ദിവസം ചെന്നൈയിൽ നിന്ന്‌ കോഴിക്കോട്ടെത്തി മത്സരിക്കേണ്ടി വന്നതോടെ കൗമാര സ്വപ്നങ്ങളാണ് പൊലിയുന്നത്. മതിയായ വിശ്രമത്തിനുള്ള സമയം ലഭിക്കിതെ മത്സരിക്കുമ്പോൾ മികവ് പുലർത്താൻ കഴിയുമോ എന്ന ആശങ്ക വിദ്യാർഥികളും പരിശീലകരും നേരത്തെ ഉന്നയിച്ചിരുന്നു. ജൂനിയർ മീറ്റിന്റെ ഷെഡ്യൂൾ നേരത്തെ തീരുമാനിച്ചതാണ്‌. ഇക്കാര്യം പരിഗണിക്കാതെ സ്‌കൂൾ ഒളിമ്പിക്‌സ്‌ നിശ്‌ചയിച്ചതാണ്‌ ബുദ്ധിമുട്ടായത്‌.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home