ജാമിയയിൽ വിദ്യാർഥി സമരം തുടരുന്നു; ക്യാംപസ് ഒഴിയാൻ സർവകലാശാലയുടെ അന്ത്യശാസനം

ന്യൂഡൽഹി: വിദ്യാർഥി യൂണിയൻ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം തുടരുന്ന ജാമിയ മില്ലിയ ഇസ്‌ലാമിയ സർവകലാശാലയിലെ വിദ്യാർഥികളോട് ക്യാംപസിലെ സമരസ്ഥലം ഉടൻ ഒഴിയാൻ അധികൃതരുടെ അന്ത്യശാസനം. നോർത്ത് ക്യാംപസിലെ ഗുലിസ്ഥാൻ-ഇ-ഗാലിബ് കെട്ടിടവും ഗാലിബ് പുൽത്തകിടിയും ഒഴിയണമെന്നാണ് നിർദേശം. ഉത്തരവ് പാലിച്ചില്ലെങ്കിൽ അച്ചടക്ക, നിയമനടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. അടുത്ത അറിയിപ്പുണ്ടാകുന്നതുവരെ എല്ലാ കോഴ്‌സുകളുടെയും ക്ലാസുകൾ ഓൺലൈനായി നടത്താനും തീരുമാനിച്ചു.
മുടങ്ങിക്കിടക്കുന്ന വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് 16 ദിവസമായി വിദ്യാർഥികൾ സമരത്തിലാണ്. തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള കൃത്യമായ തീയതി പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ സമരം തുടരുകയാണ്.
അതേസമയം, പ്രതിഷേധത്തിനിടെ വിദ്യാർഥികൾക്കെതിരെ പുറപ്പെടുവിച്ച സസ്‌പെൻഷൻ ഉത്തരവുകളും കാരണം കാണിക്കൽ നോട്ടീസുകളും സർവകലാശാല പിൻവലിച്ചിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരുടെ പെരുമാറ്റം അന്വേഷിക്കാൻ സമിതിയെയും നിയോഗിച്ചു.
വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിക്കുക, പ്രോക്ടറും സുരക്ഷാ ഉപദേഷ്ടാവും രാജിവെക്കുക എന്നിവയാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങൾ. നിരാഹാര സമരവും തുടരുന്നുണ്ട്. സമരം പിൻവലിക്കാൻ അധികൃതർ സമ്മർദം ചെലുത്തുന്നതായും നിരാഹാരമിരിക്കുന്നവർക്ക് ഭക്ഷണവും വെള്ളവും ലഭ്യമാക്കുന്നില്ലെന്നും വിദ്യാർഥികൾ പറഞ്ഞു.
അധികൃതരുടെ അന്ത്യശാസനത്തിനിടയിലും വിദ്യാർഥികൾ സമരം തുടരുകയാണ്. ആവശ്യങ്ങൾ രേഖാമൂലം അംഗീകരിക്കുകയും തിരഞ്ഞെടുപ്പിന് കൃത്യമായ തീയതി പ്രഖ്യാപിക്കുകയും ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് വിദ്യാർഥികളുടെ നിലപാട്.








0 comments